അധോലോകനായകനെ മനഷ്യനാക്കിയഎം ടി വാസുദേവൻ നായർ
കെ.എ ബീന
മുംബൈയിലെ അധോലോക നായകൻ കരിം ലാലയുടെ സംഘാംഗമായിരുന്നു സുധീർ ശർമ്മ. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ഗോവ ജയിലിലെ 307 -ആം നമ്പർ ജയിൽ പുള്ളിയായി കഴിയുന്ന കാലത്ത് ഒരു പാർസൽ അയാളെ തേടിയെത്തി. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വിഭൂതി നാരായൺ റായ് അയച്ചുകൊടുത്ത ആ പാർസൽ കുറെ പുസ്തകങ്ങളുടേതായിരുന്നു. ജയിലിലെ അരണ്ട വെളിച്ചത്തിൽ ,ഏകാന്തതയിൽ സുധീർ ശർമ തന്റെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിൻറെ ധൈര്യത്തിൽ ആ പുസ്തകങ്ങൾ തുറന്നു.
അങ്ങനെയാണ് അയാൾ എം ടി യെ ആദ്യം കണ്ടത്. പക്ഷേ വളരെ പെട്ടെന്ന് സുധീർ ശർമ എം ടി യെ അറിഞ്ഞു .
ആ പുസ്തകക്കൂട്ടത്തിൽ “കാലം ” “വാരണാസി ” എന്നിവയുടെ ഹിന്ദി പരിഭാഷകൾ ഉണ്ടായിരുന്നു.
സുധീർ ശർമ്മ അവയിൽ മുങ്ങിപ്പോയി .അയാളുടെ ജീവിതം മാറി മറിഞ്ഞു.
“ഞാൻ അമ്പരന്നു പോയി. വാക്കുകളുടെ മായാജാലം. വികാരങ്ങളുടെ അത്ഭുതലോകം. ആ പുസ്തകങ്ങൾ എന്നെ മാറ്റിമറിച്ചു . “കാല”ത്തിൽ സ്വന്തം മണ്ണിൻറെ ഗുണവും മണവും തനിമയും വിടാതെ എം ടി രചിച്ചു ചേർത്ത ചരിത്രം മനുഷ്യജീവിതത്തിന്റെ സുഖദുഃഖങ്ങളെ കുറിച്ച്, രാഗ വിരാഗങ്ങളെക്കുറിച്ച് ,ജീവിത പരിസരങ്ങൾ മനുഷ്യജീവിതങ്ങൾ സൃഷ്ടിക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് പ്രേരണയായി . ജീവിതത്തിന്റെ ആഴങ്ങളെ ഞാൻ അറിഞ്ഞു. ആത്മീയമായ ഒരു അനുഭവമായിരുന്നു അത്.
ഇന്നും മനസ്സിൽ ആ പുസ്തകങ്ങൾ സജീവമായി നിൽക്കുന്നു. മലയാളസാഹിത്യത്തിന്റെ സമ്പന്നത എം ടി യിലൂടെ ഞാനറിഞ്ഞു .പിന്നീട് കിട്ടാവുന്ന മലയാള പുസ്തകങ്ങളുടെ ഒക്കെ ഹിന്ദി പരിഭാഷകൾ ഞാൻ വായിച്ചു. തകഴിയെ , ഉറൂബിനെ, പൊറ്റക്കാടിനെ ഒക്കെ വായിച്ചിട്ടുണ്ട് .മറ്റുള്ളവരെയൊക്കെ വായിക്കുമ്പോഴും എം ടി യോടുള്ള പ്രത്യേക ഇഷ്ടത്തിന് മാറ്റം ഉണ്ടാവുന്നില്ല “
സുധീർ ശർമ പറഞ്ഞു .
“എന്തൊരു ഭാഷയാണ് നിങ്ങളുടേത്. സാഹിത്യവും സിനിമയും ഒക്കെ ഉന്നതം . “
ഞാൻ കാണുമ്പോൾ സുധീർ ശർമ ജയിലിൽ അല്ലായിരുന്നു. അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ലോകത്ത് വച്ചാണ് ഞാനയാളെ കണ്ടത്. ഉത്തർപ്രദേശിലെ അസംഗഡിലെ ജോക്കഹാര എന്ന ഗ്രാമത്തിലുള്ള ശ്രീരാമാനന്ദ സരസ്വതി പുസ്തകാലയത്തിലെ ലൈബ്രേറിയനാണ് സുധീർ ശർമ്മ.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാൻ പ്രശസ്ത പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനും സംഘത്തിനും ഒപ്പം പോയപ്പോഴാണ് അസംഗഡിലെ പുസ്തകാലയത്തിൽ വച്ച് സുധീറിനെ കണ്ടുമുട്ടുന്നത് .അധോലോകത്തിലെ ഇരുട്ടു വീണ ഇടനാഴികളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ജീവിതയാത്രയിൽ സുധീർശർമ്മയുടെ യാത്രയിൽ എം ടി വാസുദേവൻ നായർ വഹിച്ച പങ്ക് അന്നാണ് അയാൾ പറഞ്ഞത്. കേരളത്തിൽ നിന്നാണെന്നും എംടിയുടെ നാട്ടുകാർ ആണെന്നും അറിഞ്ഞപ്പോൾ സുധീർ ശർമ്മ ആവേശവും സ്നേഹവും കൊണ്ട് ഞങ്ങളെ വീർപ്പുമുട്ടിച്ചു. പിന്നീടുള്ള സ്വീകരണം കെങ്കേമം ആയിരുന്നു. ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള എംടിയുടെ കൃതികളെക്കുറിച്ച് സുധീർ ശർമ സംസാരിച്ചുകൊണ്ടേയിരുന്നു. എം ടി യെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സുധീറിന് അറിയാനുണ്ടായിരുന്നു. എംടിയെ കാണുക എന്നുള്ളതാണ് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നും അയാൾ പറഞ്ഞുകൊണ്ടേയിരുന്നു .
“സ്വന്തം മണ്ണിൽ ജീവിച്ചുകൊണ്ട് അവിടുത്തെ കഥകൾ പറഞ്ഞു മഹത്തായ സാഹിത്യം രചിക്കാം എന്ന് തെളിയിച്ച ആളാണ് എം.ടി. പേരും പ്രശസ്തിയും അദ്ദേഹത്തെ ബാധിക്കുന്നില്ല. എംടിയെ കുറിച്ച് എന്ത് കണ്ടാലും ഞാൻ വായിക്കും. ഇവിടെ എൻറെ വായനശാലയിൽ ധാരാളം മലയാള പുസ്തകങ്ങൾ ഉണ്ട്. എംടിയുടെ “ഇരുട്ടിൻറെ ആത്മാവ്” ഞാൻ പലവട്ടം വായിച്ചിട്ടുണ്ട്. ഇവിടെയുള്ള ഒരുപാട് പേരെ അത് വായിപ്പിച്ചിട്ടുണ്ട്. ഒരേയൊരു കുഴപ്പം” മലയാളം “എന്നൊരു ഭാഷയുണ്ടെന്നും കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്നും കൂടി ഞാൻ പഠിപ്പിക്കേണ്ടി വരുന്നു എന്നതാണ് “.ഉത്തർപ്രദേശിലെ ആ കുഗ്രാമത്തിൽ മഹാകാഥികൻ എം ടി വാസുദേവൻ നായരും അദ്ദേഹത്തിൻറെ കൃതികളും മാറ്റിമറിച്ച ഒരു മനുഷ്യനെ കണ്ട സന്തോഷത്തിലാണ് അന്ന് ഞങ്ങൾ മടങ്ങിയത് .എം ടി വാസുദേവൻ നായർ ഒരിക്കലും മടങ്ങുന്നില്ല.