കോലംവഴിപാടും കാഞ്ഞൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രവും
ഭാവന ഉത്തമന്‍
തെക്കൻ കേരളത്തിൽ കോലമെഴുന്നള്ളിപ്പിന് പേരുകേട്ട ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്ന കാഞ്ഞൂർ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം. തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപത്തുനിന്നും ദൂരസ്ഥലങ്ങളിൽ നിന്നുമായി നിരവധി കോലങ്ങളാണ് ക്ഷേത്രത്തിന്റെ ഉത്സവസമാപന ദിവസങ്ങളായ ഒമ്പത് പത്ത് ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. കോല വഴിപാടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മിത്തുകളെയും ആചാരാനുഷ്ഠാനങ്ങളെയും പറ്റി കൂടുതൽ അറിയാം
കോലം വഴിപാട്
വീടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും രോഗദാരിദ്ര്യ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിനും ദേവതാരൂപങ്ങൾ പച്ച പാളയിൽ എഴുതി, കമുകിൻ ചട്ടത്തിൽ തുന്നിപ്പിടിപ്പിച്ച് തലയിൽ എടുത്തുവെച്ച് ഉറഞ്ഞുതുള്ളുന്നു. അപ്പോൾ അദൃശ്യമായ ദേവതകൾ കോലങ്ങളിൽ ആവേശിക്കുമെന്നും നേർച്ച നടത്തുന്നവരുടെ പൂജാ ബലികൾ സ്വീകരിക്കുമെന്നാണ് വിശ്വാസം.
കോലം വഴിപാടായി സമർപ്പിക്കുന്ന വീട്ടുകാർ ക്ഷേത്രത്തിലെത്തി ദേവിക്ക് കാഴ്ചകൾ സമർപ്പിച്ച്, പുണ്യാഹം മേടിച്ച് ദേവിയെ വീട്ടിലേക്ക് ആനയിച്ചു കൊണ്ടു പോകുന്നു. ശേഷം വീട്ടിലെത്തി പുണ്യാഹം തളിച്ച് വ്രതം ആരംഭിക്കുന്നു. ദേവിയോട് അനുവാദം വാങ്ങി കണിയാനെ കണ്ട് ദിവസം കുറിച്ച് പാള മുറിക്കുന്നു.

കോല ദിവസം ആദ്യ ചടങ്ങ് എന്നത് പാള പൂജയാണ്. ശേഷം പൂജിച്ച പാള ഏറ്റുവാങ്ങി അതിന്റെ രണ്ടറ്റവും ചെത്തി വൃത്തിയാക്കുന്നു. പാള ചെത്തുമ്പോൾ അത് വീഴുന്നത് നോക്കി ലക്ഷണം പറയുന്നു. ചിലർ തേങ്ങ ഉടച്ചും ലക്ഷണം പറയാറുണ്ട്.
കോലം വരയ്ക്കുന്നത്

ഗണപതി, ഭൈരവി, മറുത യക്ഷൻ, കാലൻ, പക്ഷിമാടൻ എന്നിവയാണ് പ്രധാനമായും വഴിപാട് കോലങ്ങളായി സമർപ്പിക്കുന്നത്. വീട്ടുകാർ ഏതുതരം കോലങ്ങളാണ് നേർന്നതെന്ന് മനസ്സിലാക്കിയാണ് കോലങ്ങൾ എഴുതുന്നത്. ഓരോ കോലത്തിനും പ്രത്യേകം മുഖാവരണം, കിരീടം, ചായങ്ങൾ എന്നിവ ഉണ്ടാകും. ഭൈരവിക്കോലമാണ് കാഞ്ഞൂരമ്മയ്ക്ക് പ്രിയപ്പെട്ട കോലം. ആയതിനാൽ ഏറ്റവും കൂടുതൽ എഴുന്നള്ളിക്കുന്നതും ഭൈരവിക്കോലമാണ്. എഴുതാൻ പ്രയാസവും ഈ കോലം തന്നെ.
ഗണക സമുദായത്തിൽപ്പെട്ടവരാണ് കോലം വരയ്ക്കുന്നതും പൂജിക്കുന്നതും.അതും കഴിവുള്ളവർ മാത്രം. മുതിർന്നവർ വരയ്ക്കുമ്പോൾ കണ്ടു പഠിക്കുകയാണ് ചെയ്യുന്നത്. ഒപ്പം കോലത്തിന്റെ ചെറിയ ഭാഗങ്ങൾ വരച്ചു തുടങ്ങി യാണ് സാധാരണഗതിയിൽ കോലം വരയ്ക്കാൻ പഠിക്കുന്നത്.

ചെത്തി വൃത്തിയാക്കിയ പാളയുടെ പച്ചനിറമുള്ള പുറംതൊലി ചെത്തിക്കളഞ്ഞ് പാളയിൽ വെള്ളനിറം ദൃശ്യമാകും വരെ വൃത്തിയാക്കുന്നു. ഈ വെളുത്ത പ്രതലത്തിലാണ് കോലം വരയ്ക്കുന്നത്. കുരുത്തോലയുടെ മടൽ ചതച്ചുണ്ടാക്കുന്ന ബ്രഷ് ഉപയോഗിച്ചാണ് കോലം വരയ്ക്കുന്നത്. കറുപ്പ്, മഞ്ഞ, ചുവപ്പ്, പച്ച എന്നീ ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ചായങ്ങൾ എടുക്കുന്നതാവട്ടെ പ്രകൃതിയിൽ നിന്നു തന്നെ. മാവിന്റെ ഇല ഉണക്കി കരിച്ച് പൊടിച്ചു അരച്ചുണ്ടാക്കുന്നതാണ് കറുപ്പ് ചായം. ചുവന്ന കല്ലോ, ചുണ്ണാമ്പും മഞ്ഞളും കലർത്തി ചുവപ്പും, മഞ്ഞയ്ക്ക് പച്ചമഞ്ഞളും, പച്ചയ്ക്ക് ചെത്താത്ത പാളയും, വെള്ളയ്ക്ക് ചെത്തിയ പാളയുമാണ് ഉപയോഗിക്കുന്നത്.ഈ ചായക്കൂട്ടുകളെല്ലാം പച്ചവെള്ളത്തിൽ കുറച്ചാണ് കോലം വരയ്ക്കുന്നത്. അവസാനം കവുങ്ങിന്റെ ചട്ടത്തിൽ കുരുത്തോല ഈർക്കിൽ കൊണ്ട് തുന്നിപ്പിടിപ്പിക്കുന്നു. കോലം പൂജിക്കുന്നു.
കോലം എഴുന്നള്ളത്ത്

ആചാരപ്രകാരം കോലം എടുക്കുന്നവർ എട്ട് ദിവസം ചുവട് പരിശീലിക്കണം. ഇതിനായി ഉത്സവം കൊടിയേറുന്ന ദിവസം മുതൽ ചുവടു പരിശീലനം തുടരും. ചെണ്ടയുടെ താളത്തിനനുസരിച്ചാണ് ചുവടുവെപ്പ്. ഓരോ കോലത്തിനും പ്രത്യേകം പാട്ടുകളും ചുവടുകളുമാണ് ഉള്ളത്. ഒപ്പം കോലം എടുക്കുന്നവർ വ്രതശുദ്ധി ഉള്ളവരുമാവണം.
പന്തത്തിന്റെയും ചൂട്ടുകറ്റകളുടെയും അകമ്പടിയോടെയാണ് കോലങ്ങൾ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ചൂട്ടുകറ്റകൾ കോലത്തിന്റെ വഴികാട്ടി ആയാണ് നിലകൊള്ളുന്നത്. ദേവിയുടെ രൗദ്രഭാവം ഈ വെളിച്ചത്തിൽ കാണണമെന്നാണ് ചിട്ട. ക്ഷേത്രത്തിലെത്തുന്ന കോലങ്ങൾ വലം വെക്കുകയും ദേവിയുടെ തിരുനടയിൽ കോലങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു.
വ്രതശുദ്ധിയുടെ പങ്ക്
കോല വഴിപാടിൽ വ്രതശുദ്ധിയുടെ പ്രാധാന്യം വളരെ വലുതാണ്. മനശുദ്ധി, ശരീരശുദ്ധി, വ്രതശുദ്ധി, ഭവന ശുദ്ധി തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. കാരണം ഐതിഹ്യപ്രകാരം ആദ്യം കോലം എടുക്കുന്നത് ശിവ ഭൂതഗണങ്ങളാണ് ആയതിനാൽ കോലം എടുക്കുന്ന വരെയും അങ്ങനെയാണ് കാണുന്നത്. കോലം വരയ്ക്കുന്നവരെ ഗണപതിയും മുരുകനുമായാണ് സങ്കൽപ്പിക്കുന്നത്. വ്രതശുദ്ധിക്ക് വളരെയധികം പ്രാധാന്യമുണ്ട്. കോലം വഴിപാടായി സമർപ്പിക്കുന്ന വീട്ടുകാരും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഐതിഹ്യം
ദാരികവധാനന്തരം കലിതുള്ളികൊണ്ട് കൈലാസത്തിലെത്തിയ കാളിയെ സ്വാന്തനിപ്പിക്കാൻ ശിവനും തന്റെ ഭൂതഗണങ്ങളും കിണഞ്ഞ് പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതിന് പരിഹാരം ഉണ്ടാക്കാൻ ശിവൻ സുബ്രഹ്മണ്യനോട് ആവശ്യപ്പെട്ടു. തന്റെ ഭീകരരൂപം കാണുമ്പോൾ കാളിയുടെ കോപം അടങ്ങുമെന്ന് മനസ്സിലാക്കിയ സുബ്രഹ്മണ്യൻ പച്ച പാളയിൽ കോലമെഴുതി. ഇത് ഭൂതഗണങ്ങൾ മുഖത്ത് വെച്ച് കെട്ടിയും തലയിൽ എടുത്ത് ഉറഞ്ഞു തുള്ളുകയും ചെയ്തു. ഇതുകണ്ട് ഭദ്രകാളി പൊട്ടിച്ചിരിച്ചുപോയി. അങ്ങനെ കാളിയുടെ കോപം ശമിച്ചുയെന്നാണ് ഐതിഹ്യം.
ക്ഷേത്രകരകളായ പടിഞ്ഞാറക്കരയുടെയും കിഴക്കേക്കരയുടെയും ആഭിമുഖ്യത്തിൽ 2022 ജനുവരി 03,04 തീയതികളിൽ ക്ഷേത്രത്തിലേക്ക് ആ നയിക്കപ്പെടുന്ന വഴിപാട് കോലങ്ങൾക്കായി കാത്തിരിക്കുകയാണ് നാട്. അന്നേദിവസം ജാതി -മത വർഗ്ഗ- വർണ്ണ ഭേദമന്യേ എല്ലാവരും ഇതിൽ അണിചേരുന്നു.