രവീണയെ പോലെ തിളങ്ങാം; തയ്യാറാക്കാം ‘ഉബ്ടൻ’ ഫെയ്സ് മാസ്ക്
കെജിഎഫിലെ ഓരോ കഥാപാത്രങ്ങളും അഭിനയ മികവിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. രമിക സെന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ആരും തന്നെ മറക്കാനിടയില്ല.കെജിഎഫിലെ രമിക സെൻ ആയി തെന്നിന്ത്യയിലും ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടൻ. രവീണയെ ബിഗ്സ്ക്രീനില്‍ കണ്ടപ്പോള്‍ അവരുടെ പ്രായം വെറും നമ്പര്‍മാത്രമാണെന്ന് നമുക്ക് ബോധ്യപ്പെട്ടതാണ്.
47 കാരിയായ താരത്തിന്റെ പെരുമാറ്റത്തിൽ മാത്രമല്ല ചർമത്തിലും ഇപ്പോഴും യുവത്വം നിറഞ്ഞു നിൽക്കുന്നു. തന്‍റെ സൗന്ദര്യരഹസ്യം ഉബ്ടൻ ഫെയ്സ് മാസ്കാണെന്ന് താരം സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രവീണയ്ക്ക് പ്രിയപ്പെട്ട ഫെയ്സ് മാസ്ക് പരിചയപ്പെടാം.
ഉബ്ടൻ ഫെയ്സ് മാസ്ക്
പ്രകൃതിദത്തമായ വസ്തുക്കളെ ഫലപ്രദമായി സംയോജിപ്പിച്ച് ചർമ സംരക്ഷണവും പരിപോഷണവും സാധ്യമാക്കുകയാണ് ഉബ്ടൻ ഫെയ്സ് മാസ്ക് ചെയ്യുന്നത്. ചർമത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പല രീതിയിൽ ഇത് തയ്യാറാക്കാം. കൂട്ടത്തിൽ ഏറ്റവും ലളിതമായി ഉണ്ടാക്കാനാവുന്നതും ദിവസേന ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഉബ്ടൻ ഫെയ്സ് മാസ്ക് ഇതാ
ആവശ്യമുള്ള വസ്തുക്കൾ:
ഗോതമ്പു പൊടി – 1 സ്പൂൺ
കടലമാവ് – 1 സ്പൂൺ
കസ്തൂരി മഞ്ഞൾ – 1/2 സ്പൂൺ
തൈര് – 1 സ്പൂൺ
നാരങ്ങാനീര് – കുറച്ച്
പനിനീർ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ പദാർത്ഥങ്ങൾ പനിനീരിൽ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക.പേസ്റ്റ് രൂപത്തില്‍ തയാറാക്കിവച്ച മാസ്ക് വിരലുകൾ ഉപയോഗിച്ചോ പരന്ന ബ്രഷ് ഉപയോഗിച്ചോ മുഖത്തും കഴുത്തിലും പുരട്ടുക.നന്നായി ഉണങ്ങി കഴിഞ്ഞാൽ ചർമത്തിൽ നിന്നു ചുരണ്ടികളയുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.വെറും രണ്ടാഴ്ച ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തുണ്ടാകുന്ന മാറ്റം സ്വയം തിരിച്ചറിയാം.