ഏടാകൂടം അഥവാ ചെകുത്താന്റെ കെട്ട് കണ്ടുപിടിച്ചത് മലയാളിയോ?..
ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രചാരമുള്ള Devil’s Knot അഥവാ ചെകുത്താന്റെ കെട്ട് എന്നറിയപ്പെടുന്ന ഏടാകൂടങ്ങൾ ഉടലെടുത്തത് കേരളത്തിലാണ്. പ്രാചീന തച്ചുശാസ്ത്രത്തിലെ ആശാനായ പെരുന്തച്ചനാണ് ഏടാകൂടം കണ്ടുപിടിച്ചത് എന്നാണ് ഐതിഹ്യം.
ബുദ്ധിപരമായവ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം.കേരളത്തിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണു ഏടാകൂടങ്ങൾ.
രാജഭരണ കാലത്ത് ഏടാകൂടം പരിഹരിക്കുന്ന കുറ്റവാളികൾക്ക് ശിക്ഷ ഒഴിവാക്കി നൽകുന്ന സമ്പ്രദായങ്ങൾ വരെ ഉണ്ടായിരുന്നു. ഏറ്റവും വലിയ ഏടാകൂടം എന്ന പേരിൽ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ Devil’s Knot സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലാണ്.
സ്വിറ്റ്സർലാന്റിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനം നിർമ്മിച്ച ഏടാകൂടം ‘ലോകത്തിലെ ഏറ്റവും വലിയ ഏടാകൂടം’ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 19 അടി 8 ഇഞ്ച് ഉയരവും ഒരടി മൂന്നിഞ്ച് വീതിയുമാണ് ഇതിനുണ്ടായിരുന്നത്. ഇതിനെക്കാൾ വലിപ്പം കൂടിയ ഏടാകൂടം 2017 ഡിസംബറിൽ കൊല്ലം ജില്ലയിലെ റാവിസ് ഹോട്ടലിനു മുമ്പിൽ സ്ഥാപിച്ചു. ഇരുമ്പ് ചട്ടക്കൂടിൽ തടി കൊണ്ട് നിർമ്മിച്ച ഈ ഏടാകൂടത്തിന് 24 അടി നീളമുള്ള ആറു കാലുകളാണുള്ളത്. ഓരോ കാലിനും 2 അടി വീതിയുണ്ട്. സിനിമാ കലാസംവിധായകനായ മാർത്താണ്ഡം രാജശേഖരൻ എന്ന രാജശേഖരൻ പരമേശ്വരനാണ് രണ്ടു ടൺ ഭാരമുള്ള ഈ ഏടാകൂടത്തിന്റെ ശിൽപി. ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇതുനിർമ്മിച്ചത്.