‘ലാല്‍ജോസ്’ സിനിമയെ സ്നേഹിക്കുന്നവരുടെ സിനിമ
പി ആര്‍ സുമേരന്‍
ഏറെ കാത്തിരിപ്പിനൊടുവിലാണ് പുതിയ ചിത്രം ‘ലാല്‍ജോസ്’ ഇന്ന് കേരളത്തിലെ തിയേറ്ററുകളിലെത്തിയത്. ഒരുകൂട്ടം ചെറുപ്പക്കാരുടെ ഏതാണ്ട് മൂന്ന് വര്‍ഷത്തിലേറെ നീണ്ട അദ്ധ്വാനത്തിന്‍റെ ഫലമാണ് ഈ ചിത്രം. എന്തായാലും അവരുടെ പ്രതീക്ഷയും സ്വപ്നവും സഫലമായി. ചിത്രം നിറഞ്ഞ സദസ്സില്‍ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബസദസ്സിന് ഏറെ പ്രിയപ്പെട്ട ചിത്രമായി ലാല്‍ജോസ് മാറി. പുതുതലമുറ ഒന്നാകെ ചിത്രം ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഏറെ മികച്ച ചിത്രം പ്രേക്ഷകര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നു. കുടുംബത്തോടെയിരുന്ന് കാണാവുന്ന നല്ല ഒരു ചിത്രം. അശ്ലീലമോ സെക്സോ ഒന്നുമേ ഇല്ലാത്ത തികച്ചും ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍.
ഗ്രാമീണ ജീവിതത്തിലൂടെ കഥ പറയുന്ന മനോഹരമായ ഒരു സിനിമ. സിനിമാ മോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ ആകസ്മിക സംഭവങ്ങളും ആ യുവാവിന്‍റെ അതിജീവനവുമാണ് ലാല്‍ജോസിന്‍റെ പ്രമേയം. പ്രശസ്ത സംവിധായകന്‍ ലാല്‍ജോസിന്‍റെ കടുത്ത ആരാധകനാണ് ചിത്രത്തിലെ നായകന്‍. ലാല്‍ജോസിനെപ്പോലെ നല്ലയൊരു സംവിധായകനാകുക അതാണ് ആ ചെറുപ്പക്കാരന്‍റെ സ്വപ്നം. ഏതൊരു ശരാശരി മലയാളി യുവാവിന്‍റെയും സ്വപ്നം. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചിത്രത്തിലെ നായകന്‍റെ അനുഭവങ്ങള്‍ ഉണ്ടായേക്കാം. സിനിമാ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ പുതുമയുണ്ട് ഈ ചിത്രത്തിന്.
ടിക് ടോക് താരമായ മുഹമ്മദ് ഷാരിക് ഗംഭീരമായി തന്‍റെ നായകവേഷം ചെയ്തു. നാളെയുടെ നായകനാകാന്‍ എല്ലാത്തരത്തിലും മുഹമ്മദ് ഷാരിക്കിന് കഴിയുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചുകഴിഞ്ഞു. എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ചു. മണ്‍മറഞ്ഞ മലയാളികളുടെ അനുഗ്രഹീത നടന്മാര്‍ ശശി കലിംഗയും റിസബാവയും ഈ ചിത്രത്തിലൂടെ വീണ്ടും നമുക്ക് കാണാന്‍ കഴിഞ്ഞത് മറ്റൊരു അനുഗ്രഹമായി കാണാം. ഭഗത് മാനുവലും, ജിന്‍സനും സാമാന്യം നല്ല പ്രകടനം കാഴ്ചവെച്ചു. ഗ്രാമക്കാഴ്ചകള്‍ വളരെ മനോഹരമായി ക്യാമറ ചലിപ്പിച്ച ധനേഷ്.ആർ. ഒപ്പിയെടുത്തിട്ടുണ്ട്. വളരെ മനോഹരങ്ങളായ രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട്. ഗോപീസുന്ദറിന്‍റെ പശ്ചാത്തല സംഗീതവും സിനിമയെ വേറിട്ട് നിര്‍ത്തുന്നു. യുവ സംഗീത സംവിധായകന്‍ ബിനേഷ് മണിയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്. സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റേയും സൗഹൃദത്തിന്‍റേയുമൊക്കെ ഒത്തിരി നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്.
നിത്യ ജീവിതത്തിലെ കൊച്ചുകൊച്ച് സന്തോഷങ്ങും ദു:ഖങ്ങളമെല്ലാം ചിത്രത്തിലുണ്ട്. ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ പാടിയ ചിത്രം കൂടിയാണ് ലാല്‍ജോസ്. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടാണ് പാടിയത്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രമാണ് ‘ലാല്‍ജോസ്’ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ ആണ് നായിക.