‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ രചയിതാവ് ലാറി കോളിൻസിന്‍റെ ഓര്‍മ്മദിനം

ലോകശ്രദ്ധയാകർഷിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതി രചിച്ച അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസിൻ്റെ 17ാം ചരമ ചരമവാർഷികം

ഇന്ത്യൻ സ്വാതന്ത്യത്തെക്കുറിച്ച് നിരവധി കൃതികൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, സ്വാതന്ത്ര്യ സമരത്തിലെ അപൂർവ്വ മുഹൂർത്തങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം ചെറിയ സംഭവങ്ങളും ആധികാരിക രേഖകളുടെ പിൻബലത്തോടെ രചിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (Freedom at Midnight) എന്ന ഈ പുസ്തകത്തിൻ്റെ രചയിതാക്കളിൽ ഒരാളാണ് അമേരിക്കക്കാരനായ ലാരി കോളിൻസ് (Larry Collins).

ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ചേർന്നാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകം രചിച്ചത്. ഇതിൻ്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. പുറത്തിറങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ലോകശ്രദ്ധയാകർഷിച്ച ഒന്നാണ്. സ്വാതന്ത്ര്യസമരത്തിന്റെ പിന്നാമ്പുറത്ത് നടന്ന പല സംഭവങ്ങളും വെളിച്ചത്തേക്ക് കൊണ്ടു വന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത.

1929 സെപ്റ്റംബർ 14 ന് അമേരിക്കയിലെ വെസ്റ്റ്ഹാഡ്ഫോഡിലെ കണക്റ്റിക്കട്ട് (West Hartford, Connecticut) എന്ന സ്ഥലത്ത് ജനിച്ചു. 1951 -ൽ യെയ്ൽ (Yale) സർവ്വകലാശാലയിൽ നിന്നും ബിരുദമെടുത്തു. ആദ്യം പ്രോക്റ്റർ ആൻഡ് ഗാംബ്ൾ എന്ന കമ്പനിയുടെ പരസ്യ വിഭാഗത്തിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് സൈന്യത്തിൽ ചേർന്നു. 1953-55 കാലയളവിൽ സഖ്യശക്തികളുടെ പാരീസിലുള്ള കാര്യാലയത്തിൽ ജോലി ചെയ്യുമ്പോഴാണ് ഡൊമിനിക് ലാപിയറെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇരുവരും ചേർന്ന് 43 വർഷത്തിനിടെ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. 2005 ജൂൺ 20 ന് ലാറി കോളിൻസ് അന്തരിച്ചു.

ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ സ്ഥാനമേൽക്കുന്നത് മുതൽ, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കൊലപാതകം വരെയുള്ള കാര്യങ്ങളാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌ എന്ന കൃതിയിൽ പ്രതിപാദിക്കുന്നത്. ഗ്രന്ഥകർത്താക്കളുടെ മൂന്നു വർഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. ഈ പുസ്തകത്തിനായി മൗണ്ട് ബാറ്റൻ‍‍ മുതൽ ഗാന്ധി വധക്കേസിലെ പ്രതികൾ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകൾ വായിക്കുകയും ചെയ്തു.

അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാ വിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ഈ പുസ്തകം എഴുതിയത്.

1947 ജനുവരി 1 മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്കാരം, ഭാഷ, വർഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്. ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖര വാരിയരുമാണ് പരിഭാഷകർ. 1976 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം അന്നു തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഡൽഹിയിലെ വികാസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ. ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങിയതിനു ശേഷം എക്കാലവും ഒരു ബെസ്റ്റ് സെല്ലർ ആയിരുന്നു. മലയാളത്തിൽ ഇതുവരെ ഇരുപത്തിയാറ് പതിപ്പുകളിലായി ഏകദേശം 76,750 പ്രതികൾ പുറത്തിറങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!