പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി ബിച്ചു യാത്രയായി..
ഭാവന ഉത്തമന്‍
മലയാളത്തിന്റെ സ്വന്തം പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന ബിച്ചു തിരുമല ഇനി ഓർമ്മകളിൽ . മലയാള ഗാനശാഖ ജനകീയമാക്കിയ നാനൂറിലേറെ ഗാനങ്ങൾ.
സി.ജെ ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണികുന്ന് വീട്ടിൽ പാറുക്കുട്ടി അമ്മയുടെയും മകനായി 1941 ഫെബ്രുവരി -13നാണ് ബിച്ചു തിരുമല ജനിച്ചത്. ബി. ശിവശങ്കരൻ നായർ എന്നായിരുന്നു പേര്. പിന്നീട് ബിച്ചു തിരുമല എന്ന പേരിൽ പ്രശസ്തനായി.
അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ചിരുന്ന ചെല്ലപേരാണ് ബിച്ചു. ഗായിക സുശീല ദേവി, വിജയകുമാർ, ചന്ദ്ര ശ്യാമ,ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. ഗായികയായ സഹോദരിയ്ക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമല തന്റെ കാവ്യജീവിതം ആരംഭിക്കുന്നത്. 1962 അന്തർസർവകലാശാല റേഡിയോ നാടകമത്സരത്തിൽ “ബല്ലാത്ത ദുനിയാവ് ” എന്ന നാടകമെഴുതി അഭിനയിച്ചു. ദേശീയതലത്തിൽ വരെ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമ സംവിധാനം മോഹവുമായി ചെന്നൈയിലെത്തി. ഏറെനാളത്തെ കഷ്ടപ്പാടിനോടുവിൽ സംവിധായകൻ എം.കൃഷ്ണൻ നായരുടെ സഹായത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ” ശബരിമല ശ്രീധർമ്മശാസ്താവ് ” എന്ന ചിത്രത്തിൽ സംവിധാനസഹായിയായി. അക്കാലത്ത് വിച്ച് ഒരു വാരികയിൽ എഴുതിയ കവിത ” ഭജഗോവിന്ദം ” എന്ന സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചു. എന്നാൽ നിർഭാഗ്യവശാൽ ആ സിനിമ പുറത്തിറങ്ങിയില്ല. എങ്കിലും “ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം……. ” എന്ന് തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നാനൂറിലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അര നൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങൾ ബിജു തിരുമല മലയാള സിനിമയ്ക്കായി സമ്മാനിച്ചു.
സ്വന്തം പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിച്ചുതിരുമല പറഞ്ഞിട്ടുണ്ട്. ” ഞാൻ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തെരുവു ഗീതം എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഹൃദയം ദേവാലയം………… എന്ന പാട്ടാണ് . എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. എങ്കിലും ജയവിജയ ഈണം നൽകിയ ഈ പാട്ട് ആസ്വാദക ഹൃദയങ്ങളിൽ ഇന്നും മീട്ടുന്നു.
1981 ലും ( തൃഷ്ണ – ശ്രുതിയിൽ നിന്നുയരും….., തേനും വയമ്പും – ഒറ്റക്കമ്പി നാദം മാത്രം മൂളും……….,1991ലും ( കടിഞ്ഞൂൽ കല്യാണം – പുലരി വിരിയും മുമ്പേ……, മനസ്സിൽ നിന്നും മനസ്സിലേക്കൊരു മൗന സഞ്ചാരം ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടു തവണ ലഭിച്ചു. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര രത്നം പുരസ്കാരം, സ്വാതി- പി ഭാസ്കരൻ ഗാന സാഹിത്യ പുരസ്കാരം എന്നിവയ്ക്കും അർഹനായി.
യോദ്ധയിലെ വരികളെഴുതിയതും ബിച്ചുവാണ്. ” പടകാളി ചണ്ഡി ചങ്കരി പോർക്കലി……. “,” കുനു കു നെ ചെറു കുറുനിരകൾ…….. “,” മാമ്പൂവേ മഞ്ഞുതിരുന്നോ……. എന്നിങ്ങനെ യോദ്ധയിലെ മൂന്ന് പാട്ടുകളും സൂപ്പർഹിറ്റായിരുന്നു.
ആസ്വാദക ഹൃദയങ്ങളെ അനുഭൂതിയുടെ തലങ്ങളിൽ എത്തിച്ച ഒരായിരം ഗാനങ്ങൾ ഇനിയും നിലയ്ക്കാത്ത ശബ്ദിക്കും. 80 വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം ശാന്തികവാടത്തിൽ വച്ച് നടക്കും. ഭാര്യ പ്രസന്ന, മകൻ സുമൻ.