കാണാതായ നായ തിരിച്ചെത്തിയത് ഉടമയ്ക്ക് കിടിലന്‍ സര്‍പ്രൈസുമായി
നായയെ കാണാതാകുയും പീന്നീട് ഉടമസ്ഥയെതേടി സ്കൂളിലെത്തിയതുമൊക്കെ കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു ഇപ്പോഴിതാ വെസ്റ്റ് സസെക്സിലെ ബോൾനിയിലെ വീട്ടിൽ നിന്ന് കാണാതായ നായ തിരിച്ചെത്തിയത് ഡോഗ് ഷോയില്‍ വിജയിയായി. അഞ്ച് വയസ്സുകാരിയായ ബോണിയെ ഞായറാഴ്ചയാണ് വെസ്റ്റ് സസെക്സിലെ ബോൾനിയിലെ വീട്ടിൽ നിന്ന് കാണാതായത്.
ഡോഗ് ഷോ നടക്കുന്നിടത്തേക്ക് പോയിക്കൊണ്ടിരുന്ന ജോൺ വിൽമര്‍ എന്നൊരാള്‍ അവളെ കാണുകയും നേരെ മത്സരത്തിലേക്ക് അവളുമായി പോവുകയുമായിരുന്നു. തന്റെ രണ്ട് നായകളുമായി ഡോഗ് ഷോയിലേക്ക് പോകുമ്പോഴാണ് വഴിയരികിൽ ബോണി നിൽക്കുന്നതായി കണ്ടത്. അവൾ കാണാൻ സുന്ദരി ആയിരുന്നു, നല്ല പെരുമാറ്റവും. അതുകൊണ്ട് അവളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ജോണ്‍ വിൽമർ പറഞ്ഞു.
എന്നാൽ, വിൽമർ അവളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിന് തൊട്ട് മുമ്പ് അതേക്കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. എന്തായാലും മത്സരത്തിൽ അവൾ വളരെ നന്നായി തന്നെ പെർഫോം ചെയ്തു. അതേസമയം, ബോണിയെ കാണാതായപ്പോൾ തന്നെ ഉടമയും വീട്ടുകാരും അവൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയിരുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഇട്ടു. ബോണി സുരക്ഷിതയാണ് എന്ന് അറിഞ്ഞതിലും അവൾ മത്സരത്തിൽ പങ്കെടുത്തു എന്ന് അറിഞ്ഞതിലും വളരെ അധികം സന്തോഷം തോന്നി എന്ന് അവളുടെ ഉടമ പോള ക്ലോസിയർ പറഞ്ഞു.
ബോണി നേരത്തെ ഒരു തെരുവ് നായ ആയിരുന്നു. അതുകൊണ്ട് അവൾ തിരികെ വന്നില്ലെങ്കിലോ എന്ന ഭയവും തങ്ങൾക്കുണ്ടായിരുന്നു എന്നും പോള പറഞ്ഞു. അതുകൊണ്ട് തന്നെ വിൽമർ അവളെ തിരികെ എത്തിച്ചത് വളരെ അധികം സന്തോഷമുണ്ടാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു