ഒരു ഗാനം മാത്രം ..ഹൃദയത്തിൽ സൂക്ഷിക്കാം….

പി.എസ് മിശ്ര സലിം

പണ്ട് പണ്ട് പണ്ട് ഒരു വടക്കൻ പട്ടണത്തിൽ സ്വർഗത്തിൽ നിന്നും അനുരാഗ ഗാനങ്ങളുമായി ഒരു ഗന്ധർവ്വൻ കുമാരൻ വിരുന്നു വന്നു . അയാൾ നാട്ടിലെല്ലാം സ്വയം മറന്ന് പാടി നടന്നു. ആ ഗന്ധർവ്വകുമാരനെ നിങ്ങൾ അറിഞ്ഞേക്കും. തെരുവിൽ തീവണ്ടിയിൽ നിശാ കൂട്ടായ്മയിൽ കല്യാണവീടുകളിൽ നാടകത്തിൽ ചലച്ചിത്രത്തിൽ എല്ലാം ആ പാട്ടുകാരനെ ആസ്വദിച്ചിട്ടുണ്ട് . ബംഗാളിയായ സംഗീത പണ്ഡിതന്റെ മകനായാണ് ജനനം. സംഗീതവും പട്ടിണിയുമാണ് അയാൾക് കിട്ടിയ പിതൃ സ്വത്ത്. ബാല്യത്തിൽ തന്നെ അനാഥനായി .

അനാഥത്വം ഏല്പിച്ച പട്ടിണിയിൽ നിന്ന് കരകയറാൻ തീവണ്ടിയിലും തെരുവിലും പാട്ട് പാടി പട്ടിണി മാറ്റി. കലാ സ്നേഹിയായ ഒരു മനുഷ്യന്റെ കാരുണ്യം നൽകിയ ആനുകൂല്യം ജീവിതത്തിന് പുതിയ വഴി നൽകി. . അങ്ങനെ കോഴിക്കോട് യങ് മെൻസ് ക്ലബിൽ അംഗമായി. നിലമ്പൂർ ബാലൻ, , കോഴിക്കോട് അബ്ദുൽഖാദർ k.p.ഉമ്മർ എന്നിവർ സുഹൃത്തുക്കളായി. ഈ സൗഹൃദം ഇദ്ദേഹത്തിന്റെ കഴിവുകൾ മലയാള നാടകവേദിയ്ക്കു ലഭിയ്കാൻ കാരണമായി. കെ.ടി.മുഹമ്മദും തിക്കോടിയനും തോപ്പിൽ ഭാസിയും ഈ പ്രതിഭയെ സാന്നിധ്യമാക്കി. സിനിമയിൽ സംഗീത സംവിധായകനായി. അങ്ങനെ ലോകമറിയുന്നവനായി .

പി. ഭാസ്കരന്റേയും വയലാറിന്റെയും മലയാളി ഗാന സുന്ദരികളെ ഹിന്ദുസ്ഥാനി സംഗീതത്തിന്റ ശിരോവസ്ത്രവും തിലകവും ചാർത്തി കൂടുതൽ മനോഹരികളാക്കി. ആ മാസ്മരിക ലഹരിയിൽ മലയാളിയെ മയക്കിയിട്ടു. ആരാധകർ പകർന്നു നൽകിയ സ്നേഹത്തിന്റെ മധു ആവോളം കുടിച്ചു തീർത്തു. അതിനിടയിൽ ജീവിതം എന്ന പാന പാത്രം കൈമോശം വന്നിരുന്നു. വിട്ടുമാറാത്ത ജീവിത ദുരിതം ചങ്ങാതിയായി . പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയെങ്കിലും ഒന്നുമില്ലാത്തവനായി ജനിച്ചവൻ ഒന്നുമില്ലാത്തവനായി ജീവിച്ചു. 1978ഒക്ടോബർ 7ന് മദിരാശിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ഒന്നുമില്ലാത്തവനായി ഭൂമിയിൽ കുറെ ഗാനസ്വപ്നങ്ങൾ ബാക്കി വച്ച് ഗാനങ്ങളുടെ അപാരമായ തീരത്തേയ്ക്….. അല്ല പൂർവാശ്രമത്തിലേക്ക് ആ ഗന്ധർവ്വൻ തിരിച്ചു പോയി.

അവിടെയും ഗവാലി ഗസൽ സന്ധ്യകളിൽ m.s. ബാബുരാജ് മതിമറന്നു അനുരാഗ ഗാനങ്ങൾ പാടുകയായിരിയ്ക്കും. കണ്മണി നീയെൻ കരംപിടിച്ചാൽ,….. പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ…. എന്നൊക്കെ . എന്നാൽ മലയാളികൾ പറയുന്നു …. ബാബു നിങ്ങൾക്ക് ഭൂമിയിൽ ഇനിയൊരു ജന്മ മുണ്ടെങ്കിൽ ഒരുമുറി മാത്രം തുറക്കാതെ വയ്ക്കാം ഞാൻ അതി ഗൂഢമെന്നുടെ ആരാമത്തിൽ…………….അതിൽ സ്വപ്നങ്ങൾ കണ്ട് നിനക്കുറങ്ങീടുവാൻ പുഷ്പത്തിൻ തൽപമൊന്നു ഞാനോരുക്കാം അല്ല ഞങ്ങളൊരുക്കാം ……………..

Leave a Reply

Your email address will not be published. Required fields are marked *