മഗ്നീഷ്യം കുറയുമ്പോള്‍ ശരീരം പ്രകടപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്!!!!

ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും ഇത് പ്രധാനമാണ്.

ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് വേണ്ടത്ര മഗ്നീഷ്യം ലഭിക്കാതെ വരുമ്പോഴും ശരീരം മഗ്നീഷ്യം ആഗിരണം ചെയ്യുന്നതില്‍ കുറവ് സംഭവിക്കുമ്പോഴും പല രോഗലക്ഷണങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പേശിവലിവ്, ഞെരമ്പുകോച്ചല്‍, വിറയല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ മഗ്നീഷ്യം കുറയുന്നതു മൂലം ഉണ്ടാകാം.

കാലുകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായും കാണാറുള്ളത്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മഗ്നീഷ്യം അനിവാര്യമാണ്. മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ ഇടയാക്കും. ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളത്തെ നിയന്ത്രിക്കാന്‍ മഗ്നീഷ്യം സഹായിക്കുന്നു. അതുകൊണ്ട് മഗ്നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ്മ, അസ്വസ്ഥമായ ഉറക്കം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.

നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിലും മഗ്നീഷ്യം ആവശ്യമായതിനാല്‍ ഇതില്‍ കുറവുണ്ടാകുന്നത് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കും. മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് മഗ്നീഷ്യം, അതുകൊണ്ട് ഇത് കുറയുമ്പോള്‍ മൈഗ്രേന്റെ തീവ്രത വര്‍ദ്ധിക്കും.

മഗ്നീഷ്യം കുറയുന്നത് മലബന്ധത്തിന് കാരണമാകും. മഗ്നീഷ്യം കുറയുന്നതുമൂലം ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം. ചിയാവിത്തുകള്‍, വാഴപ്പഴം, ഇലക്കറികള്‍, ബദാം, മുരിങ്ങയില, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, അവാക്കാഡോ എന്നിവയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദൈനംദിന ഡയറ്റില്‍ ചേര്‍ക്കുന്നത് മികച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!