മലാല യൂസഫ് വിവാഹിതയായി
സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശപ്രവര്‍ത്തകയുംമായ മലാല യൂസഫ് വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസര്‍ മാലിക്കാണ് വരന്‍. ബര്‍മിങ്ഹാമിലെ വസതിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
നിക്കാഹിന്റെ വിശേഷങ്ങളും ചിത്രങ്ങളും മലാല ട്വിറ്ററില്‍ പങ്കുവെച്ചു. എന്റെ ജീവിത്തതിലെ ഏറെ വിലമതിക്കാനാകാത്ത ഒരു ദിവസമാണ് ഇന്ന്. അസറും ഞാനും ജീവിതപങ്കാളികളായി. എല്ലാവരുടേയും ആശംസകളും പ്രാര്‍ഥനകളും വേണമെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.
2012 ഒക്ടോബര്‍ മലാലയുടെ ജീവിതം മാറ്റി മറിച്ചു. സ്‌കൂള്‍ ബസില്‍ അതിക്രമിച്ച് കയറിയ പാക് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തു.തലയോട്ടി തകര്‍ന്ന പെഷവാറിലെ ഡോക്ടര്‍മാരുടെ ഇടപെടലില്‍ മലാലയുടെ ജീവന്‍ രക്ഷിക്കാനായി. തലച്ചോറിന്റെ സുരക്ഷ കണക്കിലെടുത്ത് തലയോട്ടിയുടെ ഒരു ഭാഗം മാറ്റി വെച്ചു. പിന്നാലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെ മലാലയെ ബ്രിട്ടണിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
വിദേശത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആഗോളതലത്തില്‍ ഇടപെടലുകള്‍ നടത്തുന്നതാണ് പിന്നെ കണ്ടത്. വിദ്യാഭ്യാസത്തിന് തുല്യ അവകാശം വേണമെന്ന ആവശ്യത്തിലൂന്നി 16 ആം വയസില്‍ യുഎന്നില്‍ മലാല പ്രസംഗിച്ചു .2014ല്‍ തന്റെ 17ആം വയസിലായിരുന്നു നൊബേല്‍ പുരസ്‌കാര നേട്ടം.