സാധാരണക്കാര്‍ തിയേറ്ററിലെ സിനിമ കാണൂ; എം മുകുന്ദന്‍


പി ആര്‍ സുമേരന്‍

കൊച്ചി: ഒ ടി ടി യില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുകുന്ദന്‍. ഒ ടി ടി യില്‍ റിലീസ് ചെയ്യുന്നതോടെ സിനിമ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ കാണും. പക്ഷേ ആ കാഴ്ചക്കാരില്‍ സാധാരണക്കാരുണ്ടാവില്ല. സിനിമാതിയേറ്റര്‍ നമ്മുടെ ഒരു സംസ്ക്കാരമാണ്. ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരക്കാരില്‍ സാധാരണക്കാരായവരാണ് തിയേറ്ററില്‍ സിനിമ കാണുന്നത്.

അവര്‍ക്ക് സിനിമ കാണുക മാത്രമല്ല ആവശ്യം , കുടുംബവുമൊത്ത് തിയേറ്ററില്‍ പോകുക, തിയേറ്ററിലെ ഉന്തും തള്ളും, തിരക്ക്,ടിക്കറ്റ് കിട്ടുമോ എന്ന ആകാംക്ഷ ,ഇടവേളയ്ക്ക് പുറത്തിറങ്ങി എന്തെങ്കിലും കഴിക്കുക അങ്ങനെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സാധാരണക്കാര്‍ക്ക് അവിടെ കിട്ടുന്നുണ്ട്. അതെല്ലാം അവര്‍ ശരിക്കും ആസ്വദിക്കുകയാണ്. അത്തരം സാധ്യതകള്‍ ഒന്നും ഒ ടി ടി യില്‍ ഇല്ല.


എനിക്ക് സിനിമകള്‍ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം. തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ഒ ടി ടി യില്‍ വന്നാല്‍ നന്നായിരിക്കും. സിനിമയെന്നും തിയേറ്ററിലെ വലിയ സ്ക്രീനില്‍ കാണേണ്ടതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എം.മുകുന്ദന്‍ പറഞ്ഞു. സിനിമയെ വിമര്‍ശനാത്മകമായി കാണുന്ന പ്രേക്ഷകര്‍ മലയാളികള്‍ മാത്രമാണ്. മറ്റ് ഭാഷകളിലൊന്നും പ്രേക്ഷകര്‍ വിമര്‍ശനപരമായി സിനിമയെ കാണാറില്ല. ഒന്നുകില്‍ നല്ലത് അല്ലെങ്കില്‍ ചീത്ത അതാണ് അവരുടെ നിലപാട്. പക്ഷേ മലയാളികള്‍ വിമര്‍ശനബുദ്ധിയോടെയാണ് സിനിമയെ സമീപിക്കുന്നത്. അതുപോലെ തന്നെ സാമൂഹ്യ വിഷയങ്ങള്‍ സിനിമയാകുന്നതില്‍ മലയാളികള്‍ക്ക് താല്പര്യമുണ്ട്. സാമൂഹ്യവിഷയങ്ങള്‍ പ്രമേയമാക്കിയതുകൊണ്ട് പല ചിത്രങ്ങളും വലിയ വിജയം നേടിയിട്ടുണ്ടെന്നും എം മുകുന്ദന്‍ പറഞ്ഞു.

ഏറെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രമാണ് ഞാന്‍ കഥയും തിരക്കഥയും ഒരുക്കിയ ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’. സ്ത്രീ ശാക്തീകരണമാണ് ചിത്രത്തിന്‍റെ പ്രമേയം. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ ഹരികുമാറാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ സംവിധാനം ചെയ്തിരിക്കുന്നത്. 2016 ല്‍ മാതൃഭൂമി വീക്കിലിയില്‍ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയെന്നും എം മുകുന്ദന്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *