പവിഴ ദ്വീപിലെ മായക്കാഴ്ചകൾ
വി.കെ സഞ്ജു മാധ്യമപ്രവര്‍ത്തകന്‍(ഫേസ്ബുക്ക് പോസ്റ്റ്)
1988, പത്രം വായിച്ചു തുടങ്ങാനുള്ള പ്രായമൊന്നുമായിട്ടില്ല. പ്രക്ഷേപണമുള്ള സമയമത്രയും ശബ്ദിച്ചു കൊണ്ടിരിക്കാറുള്ള പഴയ റേഡിയോയിലെ വാർത്തകൾക്കിടയിലെപ്പോഴങ്കിലുമായിരിക്കണം ആ രാജ്യത്തിന്റെ പേര് ആദ്യമായി കേൾക്കുന്നത് – മാലദ്വീപ്. ലങ്കൻ കൊള്ളക്കാർ രാജ്യം പിടിച്ചടക്കാൻ ചെന്നപ്പോൾ അവിടത്തെ ഭരണാധികാരി ഇന്ത്യയോട് സഹായം ചോദിച്ചതും, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പട്ടാളത്തെ അയച്ച് രക്ഷിച്ചതുമൊക്കെ അമർ ചിത്രകഥ പോലെ മനസിൽ അച്ചടിക്കപ്പെട്ടത് ആ വഴിക്കാവണം. വർഷങ്ങൾക്കു ശേഷം, മാധ്യമങ്ങൾ മഞ്ഞയാകാൻ മത്സരിച്ച ചാരക്കേസിന്റെ കാലത്താണ് പിന്നെയാ രാജ്യത്തിന്റെ പേര് ശ്രദ്ധിക്കുന്നത് – രണ്ടു മാലിക്കാരികൾ ആനുകാലികങ്ങളുടെ അതിരില്ലാപ്പുറങ്ങൾ അപഹരിച്ചു കൊണ്ടിരുന്ന കാലത്ത്.
കാണാൻ കൊതിച്ച നാടുകളുടെ കൂട്ടത്തിലൊന്നും ഒരിക്കലും ഇടം പിടിച്ചിരുന്നില്ലെങ്കിലും, മഴക്കാലത്തും പോകാവുന്നൊരു ഡെസ്റ്റിനേഷൻ എന്ന നിലയിൽ മാത്രം മാലിയുടെ ഭൂപടം അവിചാരിതമായി മുന്നിൽ നിവരുകയായിരുന്നു.ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം തഴച്ച സമയത്ത് കൊളംബോ വഴിയുള്ള യാത്ര, അതും, പഴയൊരു കെഎസ്ആർടിസി ബസിനെ ഓർമിപ്പിച്ച ലങ്കൻ എയർലൈൻസിൽ. പക്ഷേ, തടസമൊന്നും കൂടാതെ മാലിയിൽ ചെന്നിറങ്ങി.
വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റ് ബോട്ട് യാത്ര. അൽപ്പം മുൻപ് മേഘ പാളികൾക്കിടയിലൂടെയും അതിനും മുൻപ് സിനിമകളിലും കണ്ടു കൊതിച്ച, ശാന്തമായ ഇളം നീല ജലപ്പരപ്പ് ഇതാ തൊട്ടുമുന്നിൽ. പഞ്ചാരമണൽ അതിരിടുന്ന തീരം.20 മിനിറ്റ് കൊണ്ട് കാൽനടയായി വലം വയ്ക്കാവുന്ന ചെറിയൊരു തുരുത്ത് – കുറുമ്പ.
സ്വിമ്മിങ് പൂളിനോളം പോലും ആഴമില്ലാത്ത തീരക്കടൽ. അടിത്തട്ടിൽ കിടക്കുന്ന തിരണ്ടിയെ വരെ കാട്ടിത്തരുന്ന ക്രിസ്റ്റൽ ക്ലിയർ വെള്ളം. ആ തെളിമയിൽ കടലാമയും ഞണ്ടും പവിഴപ്പുറ്റും പേരറിയാത്ത മത്സ്യങ്ങളുമെല്ലാം ചേരുന്ന, യഥാർഥമെന്നു വിശ്വസിക്കാൻ കഴിയാത്ത മനോഹാരിത. Too beautiful to be real…!
താമസിക്കാനുള്ള കോട്ടേജിലേക്ക് ബോട്ട് ജെട്ടിയിൽ നിന്ന് 5 മിനിറ്റ് നടക്കാനുള്ള ദൂരം. മുകൾ നിലയിലെ ബാൽക്കണിയിൽ നിന്നു നോക്കിയാൽ, കെട്ടുപിണഞ്ഞ തെങ്ങുകൾക്കപ്പുറം നീലയുടെ പല ഷേയ്ഡുകൾ ഉറഞ്ഞു കൂടുന്ന കടൽ. കാഴ്ചകൾക്കു പിന്നിൽ കാറ്റടിക്കുമ്പോൾ വാതിൽ ലോക്കാവാതെ നോക്കണം എന്നതായിരുന്നു അവിടെ ആദ്യത്തെ പാഠം. അതൊക്കെ വൃത്തിയായി പഠിച്ച് പുറത്തിറങ്ങിയപ്പോഴേക്ക് മാനത്ത് മഴയ്ക്കുള്ള വട്ടം കൂട്ടലായി.
പൊടുന്നനെ ഉറഞ്ഞ് കൂടുന്ന മഴ മേഘങ്ങൾ തിരക്കിട്ട് ചാറിത്തീർത്ത് ക്ഷണനേരം കൊണ്ട് ആകാശത്തിനു തിരിച്ചു കൊടുക്കുന്ന നീലിമ. അതിനെ കീറിമുറിച്ച്, “മാല”ദ്വീപിന്റെ മാലയിലെ മുത്തുകൾ തേടി, ടൂറിസ്റ്റുകളെയും കൊണ്ട് ഇടതടവില്ലാതെ പറക്കുന്ന സീപ്ലെയിനുകൾ. ഏദേശം 1200 ദ്വീപുകൾ കോർത്ത മാലയിൽ 230 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. മദ്യനിരോധനവും വസ്ത്രധാരണ നിബന്ധനകളുമൊക്കെ തദ്ദേശീയർക്കു മാത്രം ബാധകം. ജനവാസമില്ലാത്ത കൊച്ചു കൊച്ചു തുരുത്തുകളാണ് വിനോദ സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് ഒന്നര മണിക്കൂർ ആകാശ ദൂരമേയുള്ളെങ്കിലും ഇന്ത്യക്കാർ വളരെ കുറവ്. പക്ഷേ, ഇന്ത്യയിൽ നിന്നാണെന്നു പറയുമ്പോൾ, നെഞ്ചിൽ തട്ടി “യുവർ നെയ്ബർ” എന്ന് അഭിമാനിക്കുന്നവർ അവിടെയുണ്ടായിരുന്നു. റെസ്റ്ററന്റിൽ പരിചയപ്പെട്ട ഹാറൂണിന് ഹിന്ദി സിനിമകളെക്കുറിച്ച് പറഞ്ഞ് കൊതി തീരുന്നില്ല. അതിലൊക്കെ കാണുന്നതുപോലെ ഇഴയടുപ്പമുള്ളതാണോ ശരിക്കും ഇവിടത്തെ കുടുംബ ബന്ധങ്ങൾ എന്നാണ് അയാൾക്കറിയേണ്ടത്. 16 വയസാമ്പോഴേക്കും സ്വന്തമായി ജീവിത മാർഗം കണ്ടെത്തി മാതാപിതാക്കളുടെ നിഴലിൽ നിന്ന് പുറത്തു വരുന്നതാണത്രെ അവിടത്തെ രീതി. ജീവിത മാർഗമെന്നു പറയുമ്പോൾ, മുൻപ് അത് മസ്യബന്ധനമായിരുന്നെങ്കിൽ, ഇന്ന് കൂടുതലും ടൂറിസം മേഖലയിലെ ജോലികളാണ്.
എഹ്സാന് ഇന്ത്യയോടുള്ള ഇഷ്ടം ഇവിടത്തെ ഭക്ഷണമാണ്. പക്ഷേ, ഒരു സെറ്റ് പാനി പൂരിക്ക് മാലിയിൽ 20 ഡോളർ കൊടുക്കണമത്രെ! ടൂറിസത്തെ മുഖ്യമായി ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയായതിനാൽ ഡോളറിലാണ് ഇടപാടുകൾ പലതും. കൊച്ചിയിൽ പാനി പൂരിക്ക് അര ഡോളറേ വരൂ എന്ന് കണക്കുകൂട്ടി പറഞ്ഞപ്പോൾ അയാൾക്ക് അദ്‌ഭുതം.
ആൾ കുറുമ്പയിലെ വിഹാമന എന്ന റെസ്റ്ററന്റിൽ ഷെഫാണ്. ഇന്ത്യയിൽ എട്ടോ പത്തോ ഇനം മസാല ചേർക്കുന്ന കറിക്ക് മാലിയിൽ മൂന്നോ നാലോ ഇനം മതിയെന്നാണ് അദ്ദേഹം പറയുന്നത്. സ്പൈസി ഫുഡ് അത്ര പ്രിയമല്ലാത്ത പാശ്ചാത്യ ടൂറിസ്റ്റുകൾ അതിൽ കൂടുതൽ താങ്ങില്ലെന്നാണ് ഷെഫിന്റെ പക്ഷം.
തനത് വിഭവങ്ങളിൽ ചൂര മീനും തേങ്ങയും മുഖ്യം. തേങ്ങാപ്പാലൊഴിച്ച “പിന കൊളാഡ” പോലെ കോക്ക്ടെയിൽ രുചിക്കൂട്ടുകളിൽ വരെ തദ്ദേശ വകഭേദങ്ങൾ. പക്ഷേ, അത്രയും സങ്കീർണതയൊന്നും അവിടത്തെ പ്രകൃതിയിൽ കാണാനാവില്ല. നീലയും പച്ചയും വെള്ളയും മാത്രം ചാലിച്ച ലളിത സുന്ദരമായൊരു പെയ്ന്റിങ് പോലെയാണ് മാലദ്വീപിലെ തുരുത്തുകൾ. കടലിന്റെ കരിനീലയിൽ ഇളംനീല ഫ്രില്ല് വച്ച പച്ചപ്പൊട്ടുകൾ, പവിഴപ്പുറ്റുകൾ വരച്ചിട്ട മിസ്റ്റിക് മിനിമലിസം. മടക്കയാത്രയിൽ മേഘച്ചുരുളുകൾ പെട്ടെന്നങ്ങു മറച്ചു കളഞ്ഞെങ്കിലും, പകർത്തി വയ്ക്കാനാവാത്ത മായക്കാഴ്ചകൾ മനസിൽ ബാക്കിയായിരുന്നു….