രുചിക്കൂട്ടാന്‍ മാത്രമല്ല മല്ലിക്ക് ചില അത്ഭുതഗുണങ്ങള്‍ കൂടിയുണ്ട്!!!
ഡോ. അനുപ്രീയലതീഷ്(ആയുര്‍വേദ ഡോക്ടര്‍,കോഴിക്കോട്)
നമ്മുടെ കറിക്കൂട്ടുകളിൽ പ്രധാനമായ ഒന്നാണ് മല്ലി. മനുഷ്യൻ ഏറ്റവും ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആയിരുന്നെന്നു കരുതുന്നു. ബി.സി. 5000 മുതലുള്ള പാചകചരിത്രത്തിനു ഉടമയാണ് മല്ലിയില. പഴയനിയമത്തിലും മല്ലിയിലയെ കുറിച്ച് പരാമർശമുണ്ട്. ഹിപ്പോക്രാറ്റിസും മല്ലിയില ഉപയോഗിച്ചിരുന്നു. ഗ്രീക്ക്, റോമൻ സംസ്കാരത്തിലും മല്ലിയും മല്ലിയിലയും ഉപയോഗിച്ചിരുന്നു. റോമാക്കാർ ഇത് റൊട്ടി സ്വാദിഷ്ഠമാക്കാനും മാംസം കേട് കൂടാതെ സൂക്ഷിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
7000 വർഷങ്ങൾക്കു മുൻപുതന്നെ ഇന്ത്യയിൽ മല്ലി പ്രചാരത്തിൽ ഉണ്ടായിരുന്നു. 1670-ൽ അമേരിക്കയിൽ എത്തിയ മല്ലിയാണ് അവിടെ ആദ്യം കൃഷി ചെയ്തു തുടങ്ങിയ വ്യഞ്ജനങ്ങളിൽ ഒന്ന്. യൂറോപ്യൻ വിഭവങ്ങളിൽ മാത്രമാണ് മല്ലി ഇലയ്ക്ക് പ്രസക്തി. ബ്രിട്ടണിൽ വയലുകളിൽ കളയായോ, കൃഷി ചെയ്യാതെ ഉപേക്ഷിച്ച കിഴക്കൻ ബ്രിട്ടണിൽ കാട്ട് ചെടിയായോ മല്ലിച്ചെടി ചുരുക്കമായി കണ്ടുവരുന്നു.
ഔഷധഗുണം
- പച്ചമല്ലി രസത്തിൽ ചേർക്കുന്നത് നല്ലതാണ്.
- പുളിച്ചു തേട്ടൽ, വയറുകടി എന്നിവയ്ക് വളരെ വിശേഷപെട്ട ഔഷധമാണ് മല്ലി.ഓരോ ടിസ്പൂൺ മല്ലി ചൂർണ്ണമാക്കി തേനിൽ ചാലിച്ഛ് കഴിക്കുന്നത് നല്ലതാണ്.
- തലവേദനയ്ക്ക് മല്ലി പനിനീരിൽ അരച്ച് നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്.
- വസൂരി, അഞ്ചാംപനി എന്നീ രോഗങ്ങൾക്ക് മല്ലി കഷായം വെച്ച് അരിച്ച ശേഷം കണ്ണിൽ ധാര കൊണ്ടാൽ കണ്ണിന് കുളിർമ്മ ഉണ്ടാവാനും പഴുപ്പ് വരാതിരിക്കാനും ഇത് ഉപകരിക്കും.
- രക്താർശസ്സിന് മല്ലി കിഴിക്കെട്ടി പാലിൽ ഇട്ടു തിളപ്പിച്ചു വറ്റിച്ച പാൽ കഴിക്കുന്നത് നല്ലതാണ്.മല്ലി നന്നായി അരച്ച് അരിക്കാടിയിൽ കലക്കി കഴിച്ചാൽ ഗർഭിണികളുടെ ഛർദ്ധിക്ക് ആശ്വാസം ലഭിക്കും.
- മല്ലി, മുത്തങ്ങ, നിലപ്പന കിഴങ്ങ്, ഇരുവേലി, ചുക്ക്, ഇവ കൊണ്ടുള്ള കഷായം കഴിക്കുകയും, മല്ലി പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ശീഘ്രസ്ഖലനം സുഖപ്പെടും. മുന്നു മാസം തുടർച്ചയായി കഴിക്കണം.
- മല്ലിയെ പോലതന്നെ മല്ലിയിലയും ഏറെ ഔഷധഗുണമുള്ളതാണ്.ദഹനത്തെ സഹായിക്കുവാനും, വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്കും, രോഗപ്രതിരോധശക്തി വർദ്ധിക്കുന്നത്തിനും ഒരു ടിസ്പൂൺ മല്ലിയില നീരും സമം തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഏറെ ഗുണപ്രധമാണ്.