ഇന്ത്യന്‍ പിക്കാസോ: എം.എഫ് ഹുസൈന്‍

ജിബി ദീപക് (എഴുത്തുകാരി )

ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം പതിപ്പിച്ചു നല്‍കിയ കലാകാരനാണ് മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം.എഫ് ഹുസൈന്‍. 1952 ല്‍ തന്റെ ആദ്യ ഏകാംഗ പ്രദര്‍ശനത്തോടെ ചിത്രകലയിലേക്ക് കടന്നുവന്ന ഹുസൈന്‍ ചുരുങ്ങിയ കാലംകൊണ്ടു തന്നെ അമേരിക്കയിലും യൂറോപ്പിലും അറിയപ്പെട്ടു തുടങ്ങി.
ബോംബെയിലെ സര്‍ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലൂടെയാണ് ചിത്രകലയുടെ ലോകത്തേക്ക് ഹുസൈന്‍ നടന്നുവരുന്നത്. ആദ്യം മുംബൈയിലെ തെരുവുകളില്‍ ഹോള്‍ഡിങ്ങുകള്‍ക്ക് ചായം തേച്ച് തുടങ്ങിയ എം.എഫ് ഹുസൈന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി മാറി.

അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ക്ക് 20 ലക്ഷം ഡോളര്‍ വരെ ക്രിസ്റ്റീസ് ലേലത്തില്‍ വില ലഭിച്ചിട്ടുണ്ട്. സ്വന്തം നിലപാടുകളെ തുറന്നടിച്ചു പറയാന്‍ ഹുസൈന്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.
തന്റെ ആരാധനാപാത്രമായ മാധുരി ദീക്ഷിതിനെ മുഖ്യകഥാപാത്രമാക്കി ഹുസൈന്‍ നിര്‍മ്മിച്ച ചിത്രമാണ് ഗജഗാമിനി. മാധുരിയെക്കുറിച്ച് അദ്ദേഹം ഫിദ എന്ന പേരില്‍ ഒരു ചിത്രശൃംഖല തന്നെ രചിച്ചിട്ടുണ്ട്.
തമ്പു പ്രധാന കഥാപാത്രമായി അഭിനയിച്ച, മൂന്ന് നഗരങ്ങളുടെ കഥ പറയുന്ന ‘മീനാക്ഷി’ എന്ന ചിത്രവും, ‘ഒരു ചിത്രകാരന്റെ നിര്‍മ്മാണം’ എന്ന ആത്മകഥാസ്പര്‍ശിയായ ചിത്രവും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്.

അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയെ വരച്ച ഹുസൈന്‍ 1986-ല്‍ രാജ്യസഭാംഗവുമായി. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ ഹുസൈനെ വേട്ടയാടി. 1970 കളില്‍ അദ്ദേഹം വരച്ച ചിത്രങ്ങളെ ചോദ്യം ചെയ്ത് കേസുകളുണ്ടായി. 2004 ല്‍ ദുര്‍ഗ്ഗയെയും, സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് 2006-ല്‍ ഹുസൈനെ അറസ്റ്റു ചെയ്തു.

2010-ല്‍ ഖത്തര്‍ ഹുസൈന് പൗരത്വം നല്‍കി തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മരവിപ്പിക്കുമ്പോഴും പറഞ്ഞത്. ‘പാസ്‌പോര്‍ട്ട് വെറും കടലാസ്- ഞാന്‍ ഇന്ത്യക്കാരന്‍ തന്നെയാണ്’ എന്നായിരുന്നു. അവസാനകാലം പാരീസിലും മറ്റുമായി ജീവിച്ച ഹുസൈന്‍ 95-ാം വയസ്സില്‍ 2011 ജൂണ്‍ 9ന് ലണ്ടനില്‍വെച്ച് മരണമടഞ്ഞു. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക് വുഡിലാണ് ഖബറടക്കിയത്.
ഹുസൈന് ഖബറിടം ഭാരത്തില്‍ ഒരുക്കാമെന്ന് അന്നത്തെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും, ഹുസൈന്റെ മക്കള്‍ അത് നിരാകരിച്ചു.

ലണ്ടനില്‍ തന്നെ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. വര്‍ഷങ്ങളോളം സ്വരാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിച്ച പിതാവിന് ഒരു സഹായവും നല്‍കാതെ മരിച്ചശേഷം ഭൗതികശരീരം കൊണ്ടുവരാന്‍ പറയുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞുകൊണ്ട് മക്കള്‍ ആ വാഗ്ദാനം നിരസിക്കുകയുണ്ടായി.
1966 ല്‍ പത്മശ്രീ, 1973 ല്‍ പത്മഭൂഷണ്‍, 1991 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്കി ഇന്ത്യ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഹിന്ദുദേവതകളെയും പുരാണകഥാപാത്രങ്ങളെയും നഗ്നമായി ചിത്രീകരിക്കുക വഴി ഹിന്ദു സംഘടനകളുടേതടക്കം നിരവധി പേരുടെ അപ്രീതിക്ക് പാത്രമായ സാഹചര്യത്തില്‍, രാജ്യത്താകമാനം തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിറഞ്ഞപ്പോള്‍ സ്വന്തം നാട്ടില്‍ നിന്നും അദ്ദേഹത്തിന് ജീവിതം വിദേശത്തേക്ക് പറിച്ചു നടേണ്ടി വന്നു.
‘ഞാനൊരു കലാകാരനാണ്. ഒരിടത്തും സ്ഥിരമായി തങ്ങുക കലാകാരന്റെ സ്വഭാവമല്ല’ എന്ന് ധീരമായി പറഞ്ഞുകൊണ്ട് അദ്ദേഹം ആ സാഹചര്യത്തെ നേരിട്ടു.
എഴുപതുകളില്‍ അദ്ദേഹം വരച്ച ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ വിവാദമാകുന്നത് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ലക്ഷ്മിയും, സരസ്വതിയും സീതയും ഭാരതമാതാവും ദ്രൗപതിയുമൊക്കെ ഹുസൈന്റെ ചിത്രങ്ങളില്‍ വസ്ത്രങ്ങളണിയാതെ പ്രത്യക്ഷപ്പെട്ടത് 1996 ല്‍ ഒരു ഹിന്ദി മാസികയാണ് ചര്‍ച്ചാവിഷയമാക്കുന്നത്. നഗ്നതയില്‍ താന്‍ ശുദ്ധയും, ആദരവുമാണ് ദര്‍ശിക്കുന്നതെന്ന ഹുസൈന്റെ വാക്കുകള്‍ അദ്ദേഹത്തിന് തന്നെ വിനയായി. തുടര്‍ന്ന് വിവാദകലാകാരനായി ഹുസൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
കലയെ കലയായി കാണാത്ത, കലയിലും, മതവര്‍ഗ്ഗീയത ചാലിച്ച് മതില്‍കെട്ടുകള്‍ തീര്‍ക്കുന്ന സമൂഹം എന്നും കലയുടെയും നമ്മുടെ സംസ്‌ക്കാരത്തിന്റെയും ശാപമാണ്. കലാകാരനെ വളര്‍ത്തേണ്ട സമൂഹം അവന്റെ സര്‍ഗ്ഗാത്മകതയുടെ ചോട്ടില്‍ മഴുവെറിയുന്ന പ്രവൃത്തി ഹുസൈന്റെ ജീവിതം നമുക്ക് കാണിച്ച് തരുന്നു.
എന്നാല്‍ കലയെ കലയായി കാണാന്‍ കഴിയുന്ന, കാലാരനെ മാനിക്കാന്‍ മനസ്സുള്ള ഒരു സമൂഹം ഇന്നും എം.എഫ് ഹുസൈനെ ഓര്‍ക്കുന്നു. വിവാദങ്ങളിലൂടെയാണെങ്കിലും ചരിത്രത്തിന്റെ ഭിത്തികളില്‍ എം.എഫ്. ഹുസൈന്‍ എന്ന കലാകാരന്‍ വരച്ചിട്ടുപോയ ചിത്രങ്ങള്‍ ഏത് പൈശാചിക ശക്തിക്കാണ് മായക്കാനാവുക… തീര്‍ച്ചയായും അത് കാലങ്ങളോളം നിലനില്‍ക്കുക തന്നെ ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *