“പാദങ്ങളിലും മേക്കപ്പിടൂ…… കമന്റുകൾക്ക് ചുട്ട മറുപടി നൽകി മിറ
ഈ അടുത്തകാലത്തായി നമുക്കെല്ലാവർക്കും പരിചിതമായിരിക്കുന്ന വാക്കാണ് “ബോഡി ഷെയ്മിങ് “.നിറത്തിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ, അമിതവണ്ണത്തിന്റെ പേരിൽ തുടങ്ങി പല കാരണങ്ങൾ നിരത്തി കൊണ്ട് ആളുകളെ പരിഹസിക്കുന്നതിനെയാണ് ബോഡി ഷെയ്മിങ് എന്നുപറയുന്നത്. പലപ്പോഴും സ്ത്രീകളാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പരിഹാസങ്ങൾക്ക് പാത്രമാകുന്നത്. ഇരയാകുന്നവരുടെ കൂട്ടത്തിൽ സാധാരണക്കാരും സെലിബ്രിറ്റികളുമുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് നടൻ ഷാഹിദ് കപൂറിനെ ഭാര്യ മിറ രജ്പുത്, അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരിലാണ് ബോഡി ഷെമിങ്ങിന് ഇരയായത്. എന്നാൽ ട്രോളുകൾക്ക് തക്ക മറുപടിയും മിറ നൽകി. മകനോടൊപ്പം ഉള്ള ചിത്രമായിരുന്നു അത്. “നാണക്കാരനായ മകനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ശീലമായി എന്നുപറഞ്ഞാണ് മിറ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ എല്ലാവരും ശ്രദ്ധിച്ചത് മിറയുടെ കാലുകളിലേക്കാണ്. മിറയുടെ പാദങ്ങൾ ഇരുണ്ട് കാണപ്പെട്ടതിന്റെ പേരിലായിരുന്നു പരിഹാസം.

‘പാദങ്ങൾക്കും ഫേഷ്യൽ ചെയ്യൂ’, ‘പാദങ്ങളിലും മേക്കപ്പിടൂ’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നത്. എന്നാൽ പരിഹസിച്ചവർക്ക് ചുട്ടമറുപടി നൽകി താരം രംഗത്തെത്തി. ഒപ്പം മറ്റൊരു ചിത്രം കൂടി പോസ്റ്റ് ചെയ്തു.” എനിക്കൊപ്പം എല്ലായ്പ്പോഴും നിൽക്കുന്ന കൈകൾക്കും എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന കാലുകൾക്കും എന്റെ വിരലുകൾക്കും ഞാൻ നന്ദി പറയുന്നു.കാരണം എനിക്ക് എപ്പോഴും അവരെ ആശ്രയിക്കാനാവും കൂടാതെ തീർച്ചയായും അടിപതറാതെ നിർത്തുന്ന പാദങ്ങൾക്കും” എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടുകൂടി നിരവധി ആളുകളാണ് മിറയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.