നേന്ത്രപ്പഴം പ്രഥമൻ
ആവശ്യമുള്ള സാധനങ്ങൾ
നന്നായി പഴുത്ത്, തൊലി കറുത്തുതുടങ്ങിയ നേന്ത്രപ്പഴം – 2 കിലോ
ശർക്കര – ഒരു കിലോ
തേങ്ങ – നാലെണ്ണം (വലുത്)
തേങ്ങാക്കൊത്ത് – പകുതി തേങ്ങയുടെ
നെയ്യ് – ആവശ്യത്തിന്
ചുക്കുപൊടി – ഒരു ടീസ്പൂൺ
ജീരകം വറുത്തുപൊടിച്ചത് – ഒരു ടീസ്പൂൺ
ഏലക്ക പൊടി – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
പഴം വേവിച്ചെടുത്ത്, ഉള്ളിലെ കറുത്ത കുരുവും നാരും നീക്കിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.ശർക്കര ഉരുക്കി, അരിച്ചെടുത്ത് വയ്ക്കുക. ശർക്കരയിലെ മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്.തേങ്ങ ചിരകി, ഒന്നാം പാലും, രണ്ടാം പാലും, മൂന്നാം പാലും തയ്യാറാക്കിവയ്ക്കുക.
പഴം അരച്ചത് ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. രണ്ടുമൂന്നു സ്പൂൺ നെയ്യും ഒഴിക്കുക. കട്ടിയുള്ള ഒരു നോൺസ്റ്റിക്ക് പാത്രമാണെങ്കിൽ നല്ലത്. കരിഞ്ഞ് പിടിക്കില്ല. തുടരെ ഇളക്കുക. തീ അധികം കൂട്ടി വയ്ക്കരുത്.ക്രമേണ, പഴത്തിന്റെ മഞ്ഞനിറം മാറാനും കട്ടിയാവാനും തുടങ്ങും. ഇടയ്ക്കിടെ ഓരോ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്ത് ഇളക്കി കൊണ്ടിരിക്കണം പഴം നല്ല ബ്രൗൺ നിറമാവുകയും പാത്രത്തിൽ നിന്ന് വിട്ട് ഉരുണ്ടുകൂടാനും തുടങ്ങും.വരട്ടിയതിലേക്ക് ഇനി ശർക്കരപ്പാനി ഒഴിക്കാം.
പഴവും ശർക്കരയുമായി നന്നായി യോജിപ്പിക്കുക. അതിനുശേഷം ശർക്കരയിലെ ജലാംശം മുഴുവൻ വറ്റി കുറുകാൻ തുടങ്ങുന്നതുവരെ വരട്ടുക. ഈ ഘട്ടത്തിൽ നല്ല ചോക്കലേറ്റ് നിറമായിരിക്കും മിശ്രിതത്തിന്.ഇതിലേക്ക് മൂന്നാം പാൽ സാവധാനം ചേർത്തിളക്കുക. തീ കുറച്ചു വച്ചാൽ മതി. മൂന്നാം പാലൊഴിച്ച് കുറുകാൻ തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർക്കാം.ഏകദേശം കുറുകിവരുന്ന സമയത്ത് തീ ഏറ്റവും കുറച്ചു വച്ചശേഷം ഒന്നാം പാൽ ചേർക്കാം. ഒന്നാം പാൽ ഒഴിച്ചശേഷം പായസം പിന്നെ തിളപ്പിക്കരുത്. പാലിന്റെ സ്വാദു നഷ്ടപ്പെടും.വാങ്ങിവച്ചശേഷം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. സ്വല്പം ഏലക്കാപ്പൊടി ചേർക്കാം.
ഒരു ചെറിയ പാനിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്ത് അതിലിട്ട് ബ്രൗൺ നിറമാവുന്നതുവരെ വറുക്കുക. അതും, വറുക്കാനുപയോഗിച്ച നെയ്യും കൂടി പായസത്തിലൊഴിക്കുക.
photo courtesy google