വാഴക്കൂമ്പ് കഴിച്ചാല്‍ ശരീരഭാരം കുറയുമോ?!!!

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും കേരളത്തിലെ വീടുകളിൽ നിത്യകാഴ്ചയാണ്. മിക്കവരുടെയും വീട്ടിൽ വാഴയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ ഒന്നാണ് വാഴക്കൂമ്പും.

വാഴയുടെ ഇല മുതൽ അകക്കാമ്പായ പിണ്ടി വരെ നാം പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വാഴയിൽ നിന്ന് ലഭിക്കുന്ന വാഴക്കൂമ്പും മലയാളികൾ വെറുതെ കളയാറില്ല. വ്യത്യസ്തമായ പല വിഭവങ്ങളും വാഴക്കൂമ്പുകൊണ്ട് തയ്യാറാക്കി നാം ഭക്ഷണമാക്കാറുണ്ട്.

വാഴക്കൂമ്പ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രമേഹത്തെ നിയന്ത്രിക്കാനും വാഴക്കൂമ്പിലെ ഘടകങ്ങൾ സഹായിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് കാരണം. ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്നതിനാൽ ദഹനപ്രക്രിയയെ സുഗമമാക്കാനും വാഴക്കൂമ്പിന് സാധിക്കും. ഇതിൽ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിക്ഷയം പരിഹരിക്കാനും വാഴക്കൂമ്പിന് കഴിയും. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് വാഴക്കൂമ്പ് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

ഗർഭിണികളും പ്രസവം കഴിഞ്ഞിരിക്കുന്ന അമ്മമാരും വാഴക്കൂമ്പ് കഴിച്ചാൽ നല്ലതാണെന്നും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇത് മുലപ്പാലുണ്ടാകാൻ സഹായിക്കുമെന്നതിനാലാണ്. കൂടാതെ ഗർഭാശയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വാഴക്കൂമ്പിലുള്ള ഘടകങ്ങൾ സഹായിക്കും. പീരിഡ്സ് സമയത്ത് ഒരു കപ്പ് വേവിച്ച വാഴക്കൂമ്പ് കഴിക്കുന്നത് ആര്‍ത്തവ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കും. തൈരിനോടൊപ്പമോ അല്ലെങ്കിൽ തൈര് ചേർത്ത് പാകം ചെയ്തുകൊണ്ടോ വാഴക്കൂമ്പ് കഴിക്കുന്നത് ശരീരത്തിലെ പ്രോജസ്റ്ററോൺ ഹോർമോണുകളെ വർദ്ധിപ്പിക്കുകയും രക്തസ്രാവം വർദ്ധിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണക്രമത്തിൽ വാഴക്കൂമ്പ് ഉൾപ്പെടുത്തുന്നത് ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. മാത്രമല്ല മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉത്കണ്ഠ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നതിൽ വാഴക്കൂമ്പ് പ്രധാന പങ്ക് വഹിക്കുന്നു. വാഴക്കൂമ്പില്‍ മഗ്നീഷ്യത്തിന്‍റെ അളവ് ഉയർന്നതിനാൽ ഉത്കണ്ഠ സാധ്യതകളെ കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ പാർശ്വഫലങ്ങളൊന്നുമില്ലാത്ത പ്രകൃതിദത്ത ആന്റി ഡിപ്രസന്റുകളാണ് വാഴക്കൂമ്പ്.

വിവരങ്ങള്‍ക്ക് കടപ്പാട് ഫാമിംഗ് വേള്‍ഡ് ഫൈസല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!