പറശ്ശിനി മടപ്പുരയെ കുറിച്ച് ഈ കാര്യങ്ങൾ അറിയാമോ
വടക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജാതി മതഭേദമന്യെ എല്ലാവര്‍ക്കും ഇവിടെ പ്രവേശനമുണ്ട്. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെല്ലാം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കളളും ഉണക്കമീനുമാണ് ഇവിടെ നിവേദ്യമായി സമര്‍പ്പിക്കുന്നത്. അതുപോലെതന്നെ ഇവിടം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കൊന്നും ഒരിക്കലും വിശന്ന വയറോടെ തിരിച്ചുപോകേണ്ടിവരില്ല. പുഴുങ്ങിയ പയറും തേങ്ങാക്കൊത്തും ചൂട് ചായയും നല്‍കിയാണ് വിശ്വാസികളെ ഇവിടെ സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ ഊണുമുണ്ടാകും. എത്ര വൈകിയെത്തിയാലും ഇവിടെ ഭക്ഷണം ലഭിക്കും.
ക്ഷേത്രത്തിനകത്തും പുറത്തുമെല്ലാം തികച്ചും സ്വതന്ത്രരായി നായ്ക്കളെ കാണാം. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത കാഴ്ചയാണിത്. മുത്തപ്പന്റെ സന്തതസഹചാരികളായിരുന്നു നായ്ക്കളെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ആരും ഇവയെ വിലക്കാറുമില്ല. ക്ഷേത്രത്തില്‍ പ്രസാദം തയ്യാറാക്കുമ്പോള്‍പ്പോലും ആദ്യം നല്‍കുന്നത് നായ്ക്കള്‍ക്കാണ്.
ദ്രാവിഡ സംസ്‌ക്കാരത്തിന്റെ പ്രതീകമായി വാഴുന്ന ദൈവസങ്കല്പമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍. ശൈവ-വൈഷ്ണവ സങ്കല്പത്തിലാണ് ആരാധന. ദിവസവും രാവിലെ അഞ്ചരയോടെ തിരുവപ്പന,വെളളാട്ടം (വിഷ്ണു, ശിവന്‍) എന്നീ സ്വരൂപങ്ങളില്‍ തെയ്യം കെട്ടിയാടുന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വെളളാട്ടമായി (ശിവന്‍) തെയ്യ രൂപത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
പറശ്ശിനിക്കടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. കണ്ണൂര്‍ എരുവശ്ശേരിയിലെ അയ്യങ്കര ഇല്ലത്തെ പാടിക്കുറ്റി അന്തര്‍ജനത്തിനും നമ്പൂതിരിക്കും മഹാദേവന്റെ അനുഗ്രഹത്താല്‍ കൊട്ടിയൂര്‍ തിരുവഞ്ചിറയില്‍ നിന്നും ലഭിച്ച കുട്ടിയാണ് മുത്തപ്പന്‍ എന്നാണ് വിശ്വാസം. സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്ഥനായിരുന്നു മുത്തപ്പന്‍. വിചിത്രമായ രീതികള്‍ കാണിച്ചുകൊണ്ടിരുന്ന മുത്തപ്പന്‍ തറവാടിന് നിരവധി തവണ പേരു ദോഷം കേള്‍പ്പിക്കുന്നതായി പരാതിയുണ്ടായിരുന്നു. കാട്ടുമൃഗങ്ങളെ വേട്ടയാടിയും മത്സ്യമാംസാദികള്‍ ഭക്ഷിച്ചും നടന്നിരുന്ന മുത്തപ്പന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്നാല്‍ ഇല്ലത്തെ നമ്പൂതിരിയ്ക്ക് ഇതിലെല്ലാം എതിര്‍പ്പായിരുന്നു. മകനോടുളള കണക്കറ്റ സ്‌നേഹം കാരണം അന്തര്‍ജനം മുത്തപ്പന്റെ തെറ്റുകള്‍ പൊറുക്കുകയും കണ്ടില്ല എന്നു നടിക്കുകയും ചെയ്തു. ഒടുവില്‍ ഒരു ദിവസം ദേഷ്യം സഹിക്കവയ്യാതെ അന്തര്‍ജനം മുത്തപ്പനോട് ദേഷ്യപ്പെടുകയും അപ്പോള്‍ മുത്തപ്പന്‍ തന്റെ വിശ്വരൂപം കാണിക്കുകയും ചെയ്തു. ആ കണ്ണുകളില്‍ നിന്നുളള അഗ്നി കണ്ടു ഭയപ്പെട്ട ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് വീടു വിട്ടിറങ്ങിയ മുത്തപ്പന്‍ നേരെ പോയത് കുന്നത്തൂരിലേക്കായിരുന്നു. യഥാര്‍ഥ ലക്ഷ്യസ്ഥാനം അയ്യങ്കര ആയിരുന്നുവെങ്കിലും കുന്നത്തൂരിന്റ മനോഹാരിത കണ്ട് അവിടെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുത്തപ്പന്റെ ആരുഢസ്ഥാനം എന്നാണ് കുന്നത്തൂര്‍ അറിയപ്പെടുന്നത്. ക്ഷേത്രവും ശ്രീകോവിലുകളുമില്ലാതെ വെറും വനത്തിനുള്ളിലാണ് ഈ ആരുഢസ്ഥാനമുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി പയ്യാവൂരിന് സമീപമാണ് കുന്നത്തൂര്‍പാടി സ്ഥിതി ചെയ്യുന്നത്. മുത്തപ്പന്റെ ആരൂഢസ്ഥാനമാണെങ്കിലും ഇവിടെ ക്ഷേത്രമൊന്നുമില്ല . ഉത്സവസമയത്ത് താത്കാലികമായ ഒരു മഠപ്പുര കെട്ടിയുണ്ടാക്കും. ബാക്കിയുള്ള ക്ഷേത്രങ്ങളില്‍ തുലാമാസത്തില്‍ വെള്ളാട്ടം നടത്തുമ്പോള്‍ ഇവിടെ മാത്രം കന്നി മാസത്തിലാണ് നടക്കുക. കന്നി മാസത്തിലെ പുത്തരി വെള്ളാട്ടമാണ് കുന്നത്തൂര്‍പാടിയിലെ പ്രത്യേകത. ഇവിടെ ധനു രണ്ടു മുതല്‍ മകരം രണ്ടു വരെയാണ് ഉത്സവം നടക്കുന്നത്. പിന്നീട് തന്റെ അവതാര ലക്ഷ്യങ്ങള്‍ക്കായി മറ്റൊരു സ്ഥലം വേണമെന്നു തോന്നിയ മുത്തപ്പന്‍ കുന്നത്തൂര്‍ പാടിയില്‍ നിന്നും ഒരു അമ്പ് എയ്യുകയും അത് പറശ്ശിനിക്കടവില്‍ ചെന്ന് പതിക്കുകയും പിന്നീട് മുത്തപ്പന്‍ അവിടെ വസിക്കുകയും ചെയ്തതായാണ് വിശ്വാസം.