മാമ്പൂ മണമുള്ള വീട്
കവിത : സുമംഗല സാരംഗി
മാംസരക്തങ്ങളാൽ
തേച്ചുമിനുക്കി
അസ്ഥികൾ ചേർത്തു
വച്ചൊരു വീടായിരുന്നു അത്
വസന്തവും ശിശിരവും
വന്നുപോയി
കാലം മഴയായ്
പെയ്തിറങ്ങി
മകര മഞ്ഞുറയുന്ന
രാവുകളിൽ
മാമ്പൂമണം നിറഞ്ഞു നിന്നു
മഴ പെയ്ത്
മരം തണുക്കുന്നേരം
താമസക്കാർ
വന്നും പോയുമിരുന്നു
ആർക്കുമാ വീടിനെ
അവരിലടയാളപ്പെടുത്താൻ
കഴിഞ്ഞില്ല
ചിലപ്പോഴൊക്കെ
കൊടുക്കാറ്റിലകപ്പെട്ട
തോണി പോലെ
ആടിയുലഞ്ഞു
ഘനീഭൂതമായ മരണം
മൗനമുദ്ര ചാർത്തുമ്പോൾ
മാംസം ദ്രവിച്ചടർന്ന്
വീണു കൊണ്ടിരുന്നു
കഴുകൻ കണ്ണുകൾ
തേടിയെത്തിയപ്പോൾ
അസ്ഥിക്കഷണങ്ങൾ
ബലിതർപ്പണത്തിയായ്
ഒരുങ്ങുകയായിരുന്നു

