പുൽവാമ രക്തസാക്ഷിയുടെ ഭാര്യ ഇനി കരസേനയിൽ ലെഫ്റ്റനന്റ്
ഇത് ഭാരതത്തിനു അഭിമാന നിമിഷം.
പുൽവാമയിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ കരസേനയിൽ ലഫ്റ്റനന്റ്. ഒരു വർഷം മാത്രം കൂടെ ജീവിച്ചിട്ട് രാജ്യത്തിനു വേണ്ടി മരിച്ച ഭർത്താവിന് ഭാര്യയുടെ സല്യൂട്ട് ആണ് ഈ പദവി.
2018ലാണ് ഇന്ത്യൻ ആർമിയിലെ മേജർ വിഭൂതി ശങ്കറും നികിത കൗളു൦ വിവാഹിതർ ആകുന്നത്.2019 ൽ പുൽവാമയിൽ പാക് തീവ്രവാദി ആക്രമണത്തിൽ മേജർ വിഭൂതി ശങ്കർ വീരമൃത്യു വരിച്ചു.ആ ത്യാഗത്തിന് രാജ്യം ശൗര്യ ചക്ര നൽകി ആദരമർപ്പിച്ചിരുന്നു. അന്ന് സൈനിക ഓപ്പറേഷന് തയാറെടുക്കുന്ന തിരക്കിൽ ഭാര്യയെ ഫോണിൽ വിളിച്ച വിഭൂതി പങ്കുവച്ച വാക്കുകൾ അന്ന് വലിയ ചർച്ചയായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞിട്ട് വിളിച്ചാ മതിയായിരുന്നല്ലോ എന്ന് നികിതയുടെ ചോദ്യത്തിന് വിഭൂതി പറഞ്ഞ മറുപടി ‘ഇനി ഒരുപക്ഷേ എനിക്ക് വിളിക്കാൻ കഴിഞ്ഞില്ലെങ്കില്ലോ? ഞാൻ ഈ യൂണിഫോമിനെ എത്ര സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ? ഈ നാടിനെയും..’ ഈ വാക്കുകളോടെയാണ് മേജർ വീരമൃത്യു വരിച്ചത്.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്റെ വീരമൃത്യു വരിച്ച ഭർത്താവിനുവേണ്ടി നികിത കൗൾ ഇന്ത്യൻ ആർമിയിൽ ചേരുവാൻ തീരുമാനിച്ചു. 2020 ൽ അതിനുവേണ്ടിയുള്ള പരീക്ഷകളും ഇന്റർവ്യൂവും പാസായി.
2021 ൽ നികിത കൗൾ ഇന്ത്യൻ ആർമിയുടെ പരിശീലനം പൂർത്തിയാക്കി സൈന്യത്തിന്റെ ഭാഗമായി. നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷി സ്ഥാനമുദ്രകൾ അണിയിക്കുമ്പോൾ രാജ്യം തന്നെ ഈ യുവതിക്ക് സല്യൂട്ട് അടിക്കുകയാണ്.