ആത്മവിശ്വാസത്തിന്‍റെ പുഞ്ചിരിയേകി കൃഷ്ണപ്രീയയുടെ ‘കാപ്പികോ’

ജിന്‍സി

ഒരിക്കലെങ്കിലും ബോഡിഷെയിംമിഗിന് ഇരയായിട്ടുള്ളവരാണ് ഭൂരിഭാഗവും. ചിലര്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമ്പോള്‍ മറ്റു ചിലര്‍ തന്നിലേക്ക് ഒതുങ്ങി ആത്മവിശ്വാസമില്ലാതെ പോകുന്നു.പുരോ​ഗമനത്തിന്‍റെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നമ്മള്‍. തൊലിയുടെ നിറത്തിന്‍റെ പേരിലുള്ള അവ​ഗണനകളും കുത്തുവാക്കുകളും ഇന്നും ഒളിഞ്ഞും തെളിഞ്ഞും നമുക്ക് ചുറ്റുമുണ്ട്.അതില്‍ വെന്തുനീറുന്നവര്‍ നിരവധിയാണ്.

ഇരുണ്ട നിറമാണെന്ന കുറ്റപ്പെടുത്തലുകളില്‍ മുറിവേറ്റ് ആത്മവിശ്വാസമില്ലാതെ അവനവനിലേക്ക് ഒതുങ്ങുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദമാകുകയാണ് ഇന്‍സ്റ്റ​ഗ്രാമിലെ കാപ്പികോ എന്ന പേജ്. ഇരുണ്ട നിറമുള്ള പെണ്‍കുട്ടിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് പേജിലുള്ളത്. ആത്മവിശ്വാസം തുളുമ്പുന്ന പെൺകുട്ടിയുടെ വിവിധ ഭാവങ്ങള്‍ ചിത്രങ്ങളില്‍ കാണാം. റീലുകളും ഹൈലൈറ്റ്സിലും മാത്രമാണ് കളര്‍ ചിത്രങ്ങളുള്ളത്. ഫോട്ടോകളിലുള്ള പെണ്‍കുട്ടി തന്നെയാണ് കാപ്പികോ പേജിന് പിന്നില്‍. പേര് കൃഷ്ണപ്രിയ. എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ ബി കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി.


രണ്ടുവര്‍ഷം മുമ്പാണ് കൃഷ്ണപ്രിയ കാപ്പികോ എന്ന പേജ് ആരംഭിക്കുന്നത്. താനെടുക്കുന്ന പുല്ലും പൂക്കളുമെല്ലാം അപ് ലോഡ് ചെയ്യാനൊരു പേജ് എന്ന നിലയിലാണ് ആരംഭം. ഇതിനിടെ സുഹൃത്തുക്കള്‍ കൃഷ്ണപ്രിയയുടെ നിരവധി ചിത്രങ്ങള്‍ എടുത്തുനല്‍കി. അതെല്ലാം സമൂഹമാധ്യമങ്ങള്‍ ലൈക്കടിച്ച് സ്വീകരിച്ചു. അതോടെയാണ് തനിക്ക് മോഡലാവനാണ് താല്‍പ്പര്യമെന്ന് കൃഷ്ണപ്രിയ തിരിച്ചറിഞ്ഞത്. വ്യത്യസ്തയായ തനിക്ക് വ്യത്യസ്തമായ രീതിയില്‍ കൂടുതല്‍ പേരിലേക്കെത്തണം, മോഡലിങ് മേഖലയില്‍ തന്‍റേതായ ഇടം കണ്ടെത്തണം എന്നീ ആ​ഗ്രഹങ്ങളോടെയാണ് കാപ്പികോ പേജില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ മാത്രം അപ് ലോഡ് ചെയ്ത് തുടങ്ങിയത്.


കൃഷ്ണപ്രിയയുടെ ആ​ഗ്രഹം പോലെ പേജ് വൈറലായി. കൂടുതല്‍ പേരിലേക്ക് കൃഷ്ണപ്രിയയുടെ ചിത്രങ്ങളെത്തി. ഒപ്പം ഒന്നു കൂടി സംഭവിച്ചു. ഇരുണ്ട നിറമുള്ള നിരവധിപേര്‍ക്ക് മുന്നോട്ട് വരാനുള്ള ആത്മവിശ്വാസം കാപ്പികോ പകര്‍ന്നു. തൊലിനിറത്തിന്‍റെ പേരില്‍ ഒളിഞ്ഞിരിക്കേണ്ടവരല്ല, ആത്മവിശ്വാസത്തോടെ നിലകൊള്ളവരാണെന്ന സന്ദേശവും നിറത്തിന്‍റെ പേരിലുള്ള അവ​ഗണനയ്ക്കെതിരെയുള്ള പ്രതിരോധവും കാപ്പികോയിലൂടെ പലരും വായിച്ചെടുത്തു.


ഇരുണ്ട നിറമുള്ളവര്‍ നേരിടുന്ന കളിയാക്കലുകളെല്ലാം കൃഷ്ണപ്രിയയും നേരിട്ടുണ്ട്. പക്ഷേ, അതെല്ലാം ചിരിച്ചു തള്ളും. മോഡലിങ്ങ് മേഖലയില്‍ നിലയുറപ്പിക്കാനായി താന്‍ ഒരുക്കിയ പേജ് ഇത്രയധികം പേര്‍ക്ക് പ്രചോദനമാകുമെന്ന് കൃഷ്ണപ്രിയ വിചാരിച്ചിരുന്നില്ല. അറിയാതെയാണെങ്കിലും നിരവധി പേര്‍ക്ക് പ്രചോദനമായ സന്തോഷത്തിലാണ് കൃഷ്ണപ്രിയ. വൈറ്റിലയാണ് താമസം. തിലകന്‍ സേതുലക്ഷ്മി ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *