രുചിവിപ്ലവം
ഗായത്രി രവീന്ദ്രബാബു
ഒരു ഉത്തരാധുനിക കൂട്ടാൻ വച്ചുണ്ടാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ . ശാപ്പാടിന്റെ പതിവുശൈലിക്ക് മനഃപൂർവ്വമായ ഒരു വ്യതിയാനം വരുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം അടുക്കളയിലെ പതിവു കാട്ടിക്കൂട്ടലുകളിൽ സ്വയം ഒരു വിരസത അനുഭവപ്പെടായ്കയുമല്ല സാമ്പാറും അവിയലും പുളിശ്ശേരിയും മീൻകൂട്ടാനും അതുതന്നെ പീരവറ്റിച്ചും വറുത്തരച്ചും മുളകുചാറാക്കിയും ഒക്കെ വൈവിദ്ധ്യം വരുത്തിനോക്കീട്ടും അങ്ങോട്ടേല്ക്കുന്നില്ല. ഉണ്ടുനിറയുന്ന വയറിന്റെ സംതൃപ്തി നാവുകൾ ഉരിയാടുന്നില്ല. ഉപ്പും ചവർപ്പും എരിവും പുളിയും മേമ്പൊടിമധുരവുമൊക്കെ സമ്മേളിക്കുന്ന ഇഞ്ചിത്തൊടുകറി തൊട്ടുകൂട്ടിയിട്ടും ഉണ്ണുന്നവർക്ക് ഒരു ചൊടിയില്ലാത്ത മട്ട് പാവയ്ക്കാ പൊരിയലിന്റെ മുരുമുരുപ്പു രസനയ്ക്ക് രുചിച്ചെന്നൊരു മട്ടില്ല.
ഉള്ളിയുടെ നനുത്ത കഷ്ണങ്ങൾ (ബോട്ടണി പ്രാക്ടിക്കലിനു ക്രോസ് സെക് ഷനെടുക്കുന്ന ശ്രദ്ധയോടെ നുറുക്കിയത് ) പാറിക്കിടക്കുന്ന പച്ചമോരു കൈക്കുമ്പിളിലൊഴിച്ചു കുടിക്കുന്നതു കണ്ടാൽത്തന്നെ വിളമ്പുന്നവർക്ക് നിറയാറില്ലേ? അതിനൊക്കെ ആരു മെനക്കെടാനാണ്. പരിപ്പു ചാറെടുത്തു വസ്തുതയായി വച്ചുണ്ടാക്കിയ രസം മല്ലിയിലയിട്ട് അലങ്കരിച്ചിട്ടും ഊണികളുടെ മൂക്കോ നാക്കോ അതിന്റെ രസം അറിഞ്ഞമട്ടില്ല. തികച്ചും വിരസം ഈ ശാപ്പാട് ….എന്ന ഭാവം മണമോ രുചിയോ അറിയാതെ നിർഗ്ഗുണ പരബ്രഹ്മത്തിന്റെ നിസ്സംഗതയോടെ എത്രയും യാന്ത്രികമായി ഉരുളകൾ ദഹനേന്ദ്രിയ നാളികളിലൂടെ , വായ് അന്നനാളം വഴി ആമാശയത്തിൽ, എന്ന് ക്രമത്തിലങ്ങു കടന്നുപോകുന്നു എന്നുമാത്രം .
വല്ലവൾ വച്ചാലും നല്ലവൾ വിളമ്പണമെന്നാണല്ലോ പഴമൊഴി ഇത് നല്ലവൾ വച്ച് നല്ലവൾ തന്നെ വിളമ്പുമ്പോൾ ഊണുമേശയിലെ ഈ നിസ്സംഗത ആർക്കാണ് മനഃപ്രയാസമുണ്ടാക്കാത്തത്? കണ്ണുകൾ ചിത്രത്തിനും കാതുകൾ ശബ്ദത്തിനും നിരുപാധികം വിട്ടുകൊടുത്ത് പരസ്യപേടകത്തിന് മനസ്സൊന്നടങ്കം ഡെഡിക്കേറ്റ് ചെയ്ത് സ്പോൺസർമാരുടെ ജാഗ്രതയോടെയുള്ള ആ ഇരിപ്പിൽ ഉദരപൂരണത്തിനായി ഉരുളകൾ കൊണ്ടുള്ള ഒരുതരം അമ്മാനമാട്ടം. കണ്ടറിഞ്ഞു വിളമ്പാഞ്ഞാൽ അച്ഛനും മക്കളും ചില വിഭവങ്ങളുടെ അസ്തിത്വം തന്നെ അവഗണിച്ചേക്കാനും മതി അതിലവർക്ക് ലവലേശം പരാതി ഉണ്ടായിട്ടല്ല. സ്വന്തം കൈപ്പുണ്യം അംഗീകരിച്ചു കിട്ടിയെങ്കിലോ എന്ന അമിതാവേശത്തിൽ ഒരോന്നും കണ്ടറിഞ്ഞ് കിണ്ണങ്ങളിൽ വച്ചുകൊടുക്കും. അപ്പോഴൊക്കെ അസഹിഷ്ണുത കാട്ടുന്നതിൽ അവർ മൂന്നാളും ഒന്നിനൊന്ന് ഉത്സാഹികളും പരസ്പരസഹായികളും ആണെന്ന് തോന്നാറുണ്ട് .എന്റെ ദേഹം അവരുടെ കാഴ്ച്ച മറയ്ക്കുന്നതിൽ, ദൃശ്യത്തിന്റെ ചെറിയ കഷണങ്ങൾ നഷ്ടമാവുന്നതിൽ അവർ അസ്വസ്ഥരാകുന്നു. സ്വതേ മെലിഞ്ഞ, പാത്രശേഷം കഴിച്ച് അടുത്തകാലത്തായി സ്ഥൂലിക്കാൻ തുടങ്ങിയ എന്റെ ശരീരം സുതാര്യമായിരുന്നെങ്കിലുള്ള സാധ്യതകളെപ്പറ്റി അപ്പോഴൊക്കെ ചിന്തിച്ചു പോകാറുണ്ട്.
അങ്ങനെ അടുക്കളപ്പണി ഒരു’ താങ്ക് ലെസ് ജോബ് ‘ആയി അനുഭവപ്പെട്ടപ്പോൾ പൊടുന്നനേ ഉദിച്ച ആശയമാണ്. ഉത്തരാധുനികതയുടെ അനന്തസാധ്യതകൾ പാചകത്തിലും പരീക്ഷിക്കാമെന്നൊരു ചിന്ത പ്രചോദനമേകി.
. പാചകവിധി തികച്ചും നൂതനമാവണം. പരീക്ഷണാടിസ്ഥാനത്തിൽ ഒരു പുതിയ റെസിപ്പി കണ്ടെത്താൻ സമയം പിടിക്കും അതുകൊണ്ട് ഏതെങ്കിലും കൊച്ചമ്മ പ്രസിദ്ധീകരണത്തെ ആശ്രയിക്കാമെന്നു വച്ചു .
വിഭവത്തിന് ഒരു പേരുകണ്ടുപിടിക്കലാണ് പരമപ്രധാനമായി തോന്നിയത് അത്യന്താധുനിക വിഭവങ്ങളുടെ കടിച്ചാൽ പൊട്ടാത്ത പേരുകൾ അലസവായനയ്ക്കിടെ അത്തരം പ്രസിദ്ധീകരണങ്ങളുടെ പാചക പംക്തിയിൽ കണ്ടത് ഓർമ്മയിൽ തെളിഞ്ഞു. മാസികയിൽ നാടൻ കോഴികൊണ്ടുള്ള മറുനാടൻ വിഭവത്തിന്റെ പേരിങ്ങനെ ‘ ചിക്കൻ കടായി ഘോഷ് ‘എന്താ വല്ല തരക്കേടുമുണ്ടോ? അടുക്കളയിലല്ലേ വിപ്ലവാശയങ്ങളുടെ തീപ്പൊരികൾ ജ്വലിക്കേണ്ടത്. കുമിളും ചുവന്നുള്ളിയും ചേർത്തു പാകപ്പെടുത്തുന്ന പരമ്പരാഗത ശൈലിയിലുള്ള തീയലിനു പകരം ‘മഷ് റൂം സ്പഗറ്റി..
‘ നവരത്ത പാലക്ക് മുഗളായ് ‘ നമ്മുടെ കൂട്ടുകറിക്കു ബദലായി പരീക്ഷിക്കാവുന്നതാണെന്ന് അനുമാനിക്കാം
പാചകവിധിപ്രകാരം വിഭവങ്ങളൊരുക്കാൻ ചേരുവകളെല്ലാം ഇല്ലാത്തതിനാൽ ഒരു സാദാ വീട്ടമ്മയുടെ അടുക്കളയിലെ പലവ്യഞ്ജന പെട്ടകത്തിൽ ഉണ്ടാകാനിടയില്ലാത്ത അജിനോമോട്ടോ , സോഡിയം ഗ്ലൂട്ടാമേറ്റ് … തുടങ്ങിയ നൂതന സങ്കേതങ്ങൾ ഒഴിവാക്കി ഉള്ളതുകൊണ്ട് ഒപ്പിച്ചു. രാസവസ്തുക്കൾ രുചിഭേദം വരുത്തിയ അപനിർമ്മാണം അച്ഛന്റെയും മക്കളുടെയും വയറുകൾ അലങ്കോലമാക്കരുതല്ലോ! മനോധർമ്മം പോലെ ചില ചേരുവകൾ പാകത്തിനു ചേർക്കുകയും ചെയ്തു. അങ്ങനെ ഇത്തിരി മൌലികത അവകാശപ്പെടാവുന്ന ചില കൂട്ടാനുകൾ പുതുമോടിയിൽ അവതരിപ്പിച്ചപ്പോൾ വിജയാഹ്ലാദം. ഒറ്റക്കുഞ്ഞില്ല. ഈ ആനന്ദം പങ്കിടാൻ തെല്ല് വിഷാദം തോന്നാതിരുന്നില്ല തീന്മേശയിൽ വിപ്ലവം വരുത്താൻ കാത്തിരിക്കേ നേരിയ ഒരാശങ്ക; അച്ഛനും മക്കളും പട്ടിണിയാവുകയാവുമോ ഈ പരീക്ഷണത്തിന്റെ അനന്തരഫലം ? മൊത്തത്തിൽ ഇന്നത്തെ ദിവസഫലം ഉദരദുരിതപീഡയിൽ കലാശിച്ചേക്കുമോ? ഉപ്പു നോക്കിയതിന്റെ അരുചി ഇതുവരെ നാവിൽ നിന്നും മാറിട്ടില്ല. സ്വന്തം വിശപ്പിനെ മാനിച്ചെങ്കിലും ഒരല്പം മാങ്ങാ ചമ്മന്തി അരച്ചുവച്ചാലെന്തെന്നൊരു സ്വാർത്ഥചിന്തയുടെ കൊതിയൂറുമ്പോലെ ! ഉത്തരാധുനിക കൂട്ടാനുകളുമായി സമരസപ്പെടാത്തവർക്ക്, നാട്ടിലെ മാങ്ങയുടെ രുചിയോർമ്മയിൽ രണ്ടുരുളയെങ്കിലും കഴിക്കാനായെങ്കിലോ എന്നൊരു വീണ്ടുവിചാരവും ….
തേങ്ങയരച്ചുനീക്കി ഉള്ളിയും പച്ചമാങ്ങാകഷണങ്ങളും ചേർത്ത് ചതയ്ക്കുമ്പോഴേക്ക് അദ്ദേഹവും കുട്ടികളും എത്തി. പിന്നെ ഗൃഹം ഉപഗ്രഹചാനലിലൂടെ ഒഴുകുകയായി കൊലാഹലവും പോർവിളിയും ഇടയ്ക്ക് കേട്ടാലറയ്ക്കുന്ന തെറിവാക്കുകളും ദ്വയാർത്ഥപ്രയോഗങ്ങളും പതിവു ചേരുവയിൽ ചുട്ടെടുത്ത ഏതോ മസാലച്ചിത്രം. പിന്നൊരു സമാധാനമുള്ളത് മലയാളത്തിൽ അത്ര ഗന്ധമില്ലാത്ത കുട്ടികൾ എളുപ്പത്തിൽ ഗ്രഹിക്കാനിടയില്ല. മാതൃഭാഷ അന്യമായാലത്തെ നേട്ടങ്ങളിൽ ഇതും പെടും? പതിവുപോലെ മായക്കഴ്ചകളിൽ മുഴുകി ഉണ്ടുതുടങ്ങിയവർ ചില പതിവില്ലാത്ത
ഒച്ചപ്പാടുകൾ ഉണ്ടാക്കുകയായി ടെലിവിഷൻ സ്ക്രീനിൽ തറഞ്ഞുപോയ കണ്ണുകൾ
മുന്നിലെ തളികകളിലേക്ക് മടങ്ങിയെത്തി. “അതിന്റെ ഒച്ചയൊന്ന് കുറയ്ക്കു.” അദ്ദേഹം ടി വി യിലേക്ക് വിരൽ ചൂണ്ടി.
“അത് ഓഫ് ചെയ്യ്” വീണ്ടും അതേ അസഹിഷ്ണുത.
“ഇതെന്താ ഈ അമ്മയ്ക്ക് പറ്റ്യേ?" മകൾ സ്പഗറ്റി വിളമ്പിയ കിണ്ണം നീക്കിത്തള്ളി വിഷാദത്തോടെ ഉരുവിട്ടു.
“അമ്മ വയ്ക്കാറുള്ള മഷ്റൂം തീയല് എന്തു രുചിയായിരുന്നു "
“നീയെന്തു ഭാവിച്ചാ മീരേ? ഇതൊക്കെ ഇങ്ങനെ വായിൽ വയ്ക്കാൻ കൊള്ളാത്തതാക്കാൻ നീ എന്തുമാത്രം കഷ്ടപ്പെട്ടിരിക്കും!" അവിശ്വസനീയതയോടെ
അദ്ദേഹം പിന്നെയും ചോദിച്ചു.
“ഇതൊക്കെ നിന്റെ കൈകൊണ്ടുതന്നെ വച്ചുണ്ടാക്കിയതാണോ ?”
ഓരോന്നും ഒന്നു തൊട്ടു രുചിച്ചു , നീക്കിവച്ച് അദ്ദേഹം വ്യസനിച്ചു.
” ഇത്തരം പുതുമകളൊന്നും കാണിക്കാത്തവളായിരുന്നല്ലോ മീരേ നീ ഇതെന്തു ഗതികേടാണ്!”
എന്നും പുതുമകളോടഭിനിവേശം കാട്ടാറുള്ള മകൻ ഒരു കൈനോക്കാൻ തയ്യാറായെങ്കിലും അവനും ദുസ്വാദ് മടുത്തു കൈ കുടഞ്ഞു. എന്നിട്ട് വിശപ്പിന്റെ കത്തിപ്പടരുന്ന വാക്കുകൾ തുപ്പി.
"അമ്മയ്ക്കറിയാവുന്ന റെസിപ്പിയൊക്കെ പോരാരുന്നോ...ഇത്, ഈ വയറ്റത്തടിക്കുന്ന കുക്കിംഗ് എക്സ്പിരിമെന്റ് ഭീകര ചതിയായിപ്പോയി.ക ഷ് ടം! "
എല്ലാ കുറ്റാരോപണങ്ങളും അറിഞ്ഞാസ്വദിക്കുകയായിരുന്ന എന്നെ ആത്മാർത്ഥമായ ഒരു ആത്മഗതം വന്നു തൊട്ടു.
“ഇവിടെ വായിൽ വച്ച് കൂട്ടാവുന്ന എന്തെങ്കിലും ഉണ്ടാവുമോ...."
ഇതാണ്, അരച്ചുരുട്ടിവച്ച മാങ്ങാച്ചമ്മന്തിയുടെ രംഗപ്രവേശത്തിന് പറ്റിയ മുഹൂർത്തമെന്ന് ഞാനറിഞ്ഞു.
പച്ചമാങ്ങാച്ചമ്മന്തി കൂട്ടി ചോറുരുട്ടി രുചിയോടെ കഴിക്കുന്ന മക്കളെയും അവരുടെ അച്ഛനെയും നോക്കിനില്ക്കേ എന്റെ മനസ്സ് നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. “മാങ്ങാച്ചമ്മന്തിക്ക് അസാദ്ധ്യ രുചി.നിന്റെ കൈപ്പുണ്യം സമ്മതിച്ചിരിക്കുന്നു. ഒന്നു പറഞ്ഞേക്കാം. നാടൻ രുചി മതി.അതാണ് നമ്മുടെ അടുക്കളയ്ക്കും നിന്റെ പാചകത്തിനും ഇണങ്ങുന്നത്.
“ഇനിയെങ്കിലും കഡായി ഘോഷ് വച്ചുണ്ടാക്കി വയറിനു പകരം കച്ചട ബാസ്ക്കറ്റ് നിറയ്ക്കരുത്. സ്വന്തം പാചകകലയെ അവഹേളിക്കരുത്.” കളിതമാശ പറയാൻ അദ്ദേഹം മറന്നിട്ടില്ല. ആശ്വാസം ! കുട്ടികൾ അതേറ്റു പിടിച്ചു.
” അമ്മ വിളമ്പിയ മാങ്ങാച്ചമ്മന്തി അടിപൊളി കടായി ചിക്കനോ, മഷ്റൂം സ്പറ്റിയോ , തല്ലിപ്പൊളി “
ഏതായാലും കടായി വിപ്ലവം അസ്സലായി എന്ന് എനിക്കു തോന്നി. ഉള്ളിൽ നിഗൂഢമായൊരു ചിരി ഊറിനിറയുന്നതറിഞ്ഞു.