ലൈംഗിക വിദ്യാഭ്യാസം: ആവശ്യകതയും, പ്രാധാന്യവും
ജിബി ദീപക്ക്(അദ്ധ്യാപിക,എഴുത്തുകാരി)
മനുഷ്യ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായ കാലഘട്ടമാണ് കൗമാരം. സ്വപ്‌നങ്ങളും, ആഗ്രഹങ്ങളും, ജീവിതാഭിലാഷങ്ങളുമെല്ലാം പിറവിയെടുക്കുന്ന കാലം. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടമേറിയ കാലഘട്ടവുമാണിത്.
ഇന്ന് ഏത് വിഷയത്തെക്കുറിച്ചുമുള്ള അറിവുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി കുട്ടികള്‍ക്ക് ലഭ്യമാണ്. എന്നാല്‍ വികലമായ അറിവുകള്‍ അവരുടെ ചിന്താഗതിയെ തന്നെ സ്വാധീനിക്കാനിടയുണ്ട്. ആധികാരികമായ അറിവുകളാണ് കുട്ടികളിലേക്ക് എത്തുന്നതെങ്കില്‍ അത് ആരോഗ്യകരമായ ഒരു വ്യക്തിത്വത്തിന് ഉടമയുള്ളവനാക്കി മാറ്റാനും സാധ്യമാണ്. അവിടെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി.
ശാരീരകവും മാനസികവുമായ വളര്‍ച്ചയും, വികസാവും ഉണ്ടാവുന്ന പ്രായമാണ് കൗമാരപ്രായം. ആ പ്രായത്തില്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് എതിര്‍ ലിംഗത്തിനോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. എന്നാല്‍ അമിതവും അനിയന്ത്രിതവുമായ വികാരചിന്തകള്‍ കുട്ടികളെ തെറ്റിലേക്ക് നയിക്കാന്‍ ഇടയാക്കും. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ച് ശരിയായ ബോധവത്ക്കരണം നല്‌കേണ്ടതുണ്ട്.
ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് വികലമായ മാനസിക അവസ്ഥയിലേക്ക് കുട്ടികളെ നയിക്കുന്നു എന്നതിന് തെളിവാണ് നമുക്കു ചുറ്റും നടക്കുന്ന പല സംഭവങ്ങളും.
പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണെന്റെ അഭിപ്രായം. ബയോളജി ക്ലാസുകളില്‍ ആര്‍ത്തവമെന്നും, ബീജമെന്നും പറയാന്‍ മടികാണിക്കുന്ന അധ്യാപകരുള്ള ഒരു അവസ്ഥ കേരളത്തില്‍ നില നില്‍ക്കേ, പിന്നെങ്ങനെയാണ് കുട്ടികള്‍ക്ക് യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാവുക.എന്റെ സ്‌കൂള്‍ പഠനകാലത്ത് സയന്‍സ് ക്ലാസില്‍ റീപ്രൊഡക്ഷന്‍ എന്ന ചാപ്റ്റര്‍ ഒഴിച്ച് അധ്യാപികയെല്ലാം ഭംഗിയായി പഠിപ്പിച്ച് തീര്‍ത്തു. ‘റീപ്രൊഡക്ഷന്‍ ചാപ്റ്റര്‍ സ്വയം വായിച്ച് പഠിച്ചാല്‍ മതിയെന്ന് നിലത്തു ദൃഷ്ടിയൂന്നിക്കൊണ്ട് ടീച്ചര്‍ പറഞ്ഞപ്പോഴും കാര്യമെന്തെന്നറിയാതെ ഞങ്ങള്‍ ടീച്ചറെ നോക്കി മിഴിച്ചിരുന്നു. ഇന്ന് സത്യത്തില്‍ ആ ടീച്ചറെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കല്‍പ്പം പോലും അഭിമാനം തോന്നുന്നില്ല. ഏത് സദാചാരബോധമാണ് ടീച്ചറെ ആ അദ്ധ്യായം പഠിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നെനിക്കറിയില്ല. പക്ഷേ സമൂഹത്തിലുള്ള ഒരു വിഭാഗം ജനങ്ങളുടെ കപടസദാചാരബോധം മാത്രമാണിതെന്ന് ഞാനിവിടെ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു.
കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം പകര്‍ന്ന് നല്‍കാന്‍ പരിമിതിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മാതാപിതാക്കളില്‍ ഏറെയും. പ്രത്യേകിച്ച് കേരളീയ സാഹചര്യത്തില്‍ അതുകൊണ്ട് തന്നെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് ഇത്തരം അറിവുകള്‍ ആധികാരികമായി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. ജീവിതത്തില്‍ സെക്‌സിനുള്ള മഹത്തായ സ്ഥാനം എന്താണെന്നും തിരിച്ചറിയാനും, ആ വികാരത്തെ നിയന്ത്രിക്കാനും സഹായകമാകുന്ന രീതിയിലായിരിക്കും വിവരങ്ങള്‍ അവരെ ധരിപ്പിക്കേണ്ടത്. ലൈംഗികത വിശാലമായ അര്‍ത്ഥത്തിന്‍റെ എല്ലാ ജീവജാലങ്ങളിലുമുള്ള ജീവധര്‍മ്മാണ് അതിന്റെ അടിസ്ഥാനം പാവനമായ സ്‌നേഹമാണെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.
ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇന്ന് ധാരാളം കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന് ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ബോധവും, കുട്ടികള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയകളുടെ അമിതോപയോഗം മൂലം ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ചതികളില്‍ അകപ്പെടാതിരിക്കാന്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ബോധവല്ക്കരണ പരിപാടികള്‍ നല്‍കുന്നത് വളരെ ഉചിതമായിരിക്കും.
സ്വന്തം ശരീരാവയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധമുണ്ടാകുന്നതിനോടൊപ്പം അവ ശുചിത്വത്തോടെ പരിചരിക്കേണ്ടതിന്റെ അനിവാര്യതയും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ആരോഗ്യബോധവത്കരണത്തിലും സാമൂഹ്യസുരക്ഷിതത്വത്തിലും അധിഷ്ഠിതമായ ലൈംഗിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയാണ് ആവിഷ്‌ക്കരിക്കേണ്ടത്.
കുട്ടികള്‍ക്ക് ലൈംഗികവിജ്ഞാനം നല്‍കുന്നത് അവരുടെ കൗമാരക്കാലത്തെ ഭംഗിയായി തരണം ചെയ്യുന്നതിനോടൊപ്പം യൗവനവും, വിവാഹജീവിതവുമൊക്കെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ അവരെ സഹായിക്കും. എതിര്‍ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും സമീപിക്കാനും, പക്വത നല്‍കാനും സഹായിക്കും.
പല വികസിതരാജ്യങ്ങളും മികച്ച രീതിയില്‍ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസം അശ്ലീലമാണെന്നും, ലൈംഗികതയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് പാപമാണെന്നുമുള്ള ധാരണകള്‍ മാറ്റിവെച്ചുകൊണ്ട് ഒരു തുറന്ന കാഴ്ചപ്പാടോടെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.