” ദി ലോസ്റ്റ് വെയ്‌സ് “


പതിവ് പ്രവാസ കഥകളിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ജീവിത വ്യാഖ്യാനവുമായി ഷമീർ ഒറ്റത്തൈക്കൽ സംവിധാനം ചെയ്യുന്ന നാല്പത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സിനിമയാണ് ” ദി ലോസ്റ്റ് വെയ്സ് “.
ചലച്ചിത്ര കലയുടെ മർമ്മമറിഞ്ഞ സംവിധായകൻ ലാൽ ജോസ് ‘ ദി ലോസ്റ്റ് വെയ്‌സ് ‘ എന്ന സിനിമയുടെ ട്രൈലെർ പ്രകാശനം ചെയ്തു.

മലയാളികളുടെ പ്രിയങ്കരനായ റേഡിയോ ടെലിവിഷൻ അവതാരകനും ചലച്ചിത്ര താരവുമായ മിഥുൻ രമേഷ് ഈ സിനിമയിലെ ഗാനവും റിലീസ് ചെയ്തു.
സ്വന്തം മുറി സ്റ്റുഡിയോയാക്കി തന്റെ ഭാവനകൾ ചലച്ചിത്രമാക്കാൻ ഷമീർ ഒറ്റത്തൈക്കൽ തപസ്സിരുന്നതിന്റെ സാക്ഷാത്കാരമാണ് ‘ദി ലോസ്റ്റ് വെയ്‌സ്’ സിനിമ.കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, ഛായാഗ്രഹണം, സംവിധാനം, അഭിനയം, എഡിറ്റിംഗ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, സ്പെഷ്യൽ മേക്ക് ഓവർ, എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ ഷമീർ ഒറ്റത്തൈക്കൽ തന്നെയാണ്.

സ്വാർത്ഥ മോഹങ്ങളിലും സമ്പത്തിലും സ്നേഹം മറന്നു പോകുന്നവർ. അവർ എന്നും അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കുവാൻ കഴിയുമെന്ന് ചിന്തിക്കുമ്പോൾ, ആത്മാവിനുള്ളിൽ യഥാർത്ഥ സ്നേഹത്തെ കാത്തു സൂക്ഷിച്ചവരാണ് എന്നും എവിടെയും സ്നേഹമില്ലായ്മയുടെയും സ്വാർത്ഥതയുടെയും ഇരകളായി തീരുന്നു.
എങ്കിലും ഏറ്റവും ഒടുവിൽ മനുഷ്യന്റെ ചിന്തകൾക്കുമപ്പുറം ദൈവത്തിന്റെ നിഗൂഢമായ ചില തീരുമാനങ്ങളുണ്ടെന്ന സത്യം തിരിച്ചറിയുവാൻ എല്ലാം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുന്നവരായി മാറുകയാണ് പലപ്പോഴും ചില മനുഷ്യരെങ്കിലുമെന്ന്
“ദി ലോസ്റ്റ് വെയ്സ് ” സാക്ഷ്യപ്പെടുത്തുന്നു.
ഓരോ മനുഷ്യനും അവനവൻ വിതയ്ക്കുന്നത് കൊയ്തെടുക്കുന്നു. എങ്കിലും ശപിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക എന്നൊരു സന്ദേശം കൂടി നൽകിക്കൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.
യുഏഇ മലയാളം റേഡിയോ, ടെലിവിഷൻ മാധ്യമ രംഗങ്ങളിലും നിരവധി മലയാളം സിനിമകളിലൂടെയും പ്രവാസി മലയാളികൾക്ക് സുപരിചിതനായ കെ കെ മൊയ്തീൻ കോയ ‘ഡോക്ടർ ഡാനിയേൽ വില്യംസ്’ ആയി എത്തുന്നു.
വെള്ളം എന്ന സിനിമയിൽ ഗാനരംഗത്തിലൂടെ കടന്നു വന്ന് ഉടൻ റിലീസാകുന്ന ‘ടൂ മെൻ’ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷം ചെയ്തിട്ടുള്ള ചിത്ര രാജേഷ് ഈ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നിരവധി ഷോർട് ഫിലിമുകളിലൂടെയും അവതാരിക എന്ന രീതിയിലും പ്രവാസി മലയാളികളിക്കിടയിൽ സുപരിചിതയായ ചിത്ര ഇപ്പോൾ ചിത്രീകരണം നടക്കുന്ന പുതിയൊരു മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്.
നിരവധി ഷോർട് ഫിലിമുകളിൽ മികച്ച വേഷങ്ങൾ ചെതിട്ടുള്ള അഖിൽ, ‘കുറുക്കൻ’ എന്ന പ്രധാന കഥാപാത്രമായി എത്തുന്നു.മലയാളികൾ കൂടാതെ ഒരു യുഏഐ പൗരനും ഒരു ടുണീഷ്യക്കാരിയുമടക്കം പതിനേഴോളം താരങ്ങൾ
ഷമീർ ഒറ്റത്തൈക്കൽ ചിത്രമായ’ദി ലോസ്റ്റ് വെയ്‌സി’ൽ
വേഷമിടുന്നുണ്ട്.

പൂർണ്ണമായും യുഏഇ യിൽ തന്നെ ചിത്രീകരിച്ചിട്ടുള്ള സിനിമയിയാണ് “ദി ലോസ്റ്റ് വെയ്‌സ് “.
പ്രവാസികളായ നിസ്സി അന്നമ്മ അബ്രഹാം സഹ സംവിധായികയായും, റിൻഷാദ് ബിൻ റഹ്മത്തലി ക്യാമറ അസ്സോസിയേറ്റായും തുടക്കം കുറിക്കുന്നു.
യുഏഇ പ്രവാസി കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് , 2022 മെയ് 8 ഞായറാഴ്ച്ച, ഷാർജ ഓസ്കാർ സിനിമയിൽ വെച്ച് ‘ദി ലോസ്റ്റ് വെയ്‌സ്’ സിനിമയുടെ ആദ്യ പ്രദർശനമുണ്ടാകും.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *