ചെന്നൈയില്‍ ‘താജ്മഹലിന്‍റെ’ മാതൃക കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്!!!!

ചെന്നൈ: അമറുദ്ദീൻ ഷെയ്ഖ് എന്ന പേര് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അതിന് കാരണം അദ്ദേഹത്തിന് തന്‍റെ അമ്മയോടുള്ള അതിയായ സ്നേഹമാണ്. അമ്മയെ എന്നും എല്ലാവരും ഓര്‍ക്കുവാന്‍ താജ്മഹലിന്‍റെ മാതൃക തന്നെ നിര്‍മ്മിച്ചു ഈ യുവാവ്, അതിന് അദ്ദേഹത്തിന് ചെലവ് വന്നതാകട്ടെ 5 കോടിയും.

തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരകം നിർമിച്ചത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് മകൻ പറയുന്നു. നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമറുദ്ദീൻ ഷെയ്ഖ് ദാവൂദിന് വെറും പതിനൊന്ന് വയസ്സായിരുന്നു പ്രായം.

പിതാവിന്റെ മരണ ശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് കട കൈകാര്യം ചെയ്തു. ബിഎ ബിരുദം പൂർത്തിയാക്കിയ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. അത് ജൂൺ 2 ന് പൊതുജനങ്ങൾക്കായി തുറന്നു. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!