SPB എന്ന മൂന്നക്ഷരം…

ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എൻജിനിയറിങ് പഠിക്കാൻ വന്ന ബാലുവിന് പാട്ടെന്നുകേട്ടാൽ ജീവനാണ്. അങ്ങനെയാണ് സംഗീതമത്സരത്തിനെത്തിയത്. നാട്ടിൽ പല ഗാനമേളകളിൽ പങ്കെടുക്കുകയും ചില തെലുങ്കുചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുള്ള ബാലുവിനെ ഏറെ നാളിനുശേഷമാണ് ഭരണി ചെന്നൈയിൽ കണ്ടുമുട്ടിയത്. തമിഴിനെപ്പറ്റിയോ ചെന്നൈ മഹാനഗരത്തെപ്പറ്റിയോ വലിയ പിടിപാടില്ലാത്ത ബാലുവിനെ ഭരണി നേരെ സംവിധായകൻ ശ്രീധറെ പരിചയപ്പെടുത്തി കൊടുക്കാൻ കൊണ്ടുപോയി. ബാലു നാണംകുണുങ്ങിയായിരുന്നെങ്കിലും നന്നായിട്ടു പാടുന്ന ആളാണെന്ന് ശ്രീധറിനെ ബോധ്യപ്പെടുത്തിയത് ഭരണിയാണ്. ”ഒരു പാട്ടുപാട് കേൾക്കട്ടേ…..” എന്നായി ശ്രീധർ. ബാലു പാടി. ശ്രീധറിനു തൃപ്തിയായതുപോലെ. അടുത്തദിവസം തന്റെ ‘ചിത്രാലയ’യുടെ ഓഫീസിൽ വന്ന് സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥനെ കാണാൻ ശ്രീധർ പറഞ്ഞു. ബാലുവിനു സന്തോഷമായി.

പിറ്റെദിവസം ‘ചിത്രാലയ’യിൽ എത്തുമ്പോൾ നിരവധി വാദ്യോപകരണക്കാർ. അതിൽ നടുവിൽ നെറ്റിനിറയെ ഭസ്മക്കുറിയുമായി എം.എസ്.വിശ്വനാഥൻ. ഇതിനുമുമ്പ് ചില പരിചയക്കാരുടെ തെലുങ്കുചിത്രത്തിൽ പാടിയിരുന്നെങ്കിലും ഇത്രേം വലിയ വാദ്യോപകരണ സംഘത്തെ ബാലു ആദ്യമായി കാണുകയായിരുന്നു. ഹാളിന്റെ ഒരു മൂലയിൽ അല്പം പരിഭ്രമത്തോടെ ബാലു അവിടെ പാട്ടുചിട്ടപ്പെടുത്തുന്നത് നോക്കിക്കൊണ്ടുനിന്നു. ശ്രീധർ അതിനിടെ വന്ന് ബാലുവിനെ എം.എസ്സിനു പരിചയപ്പെടുത്തി.

എം.എസ്. ഹാർമോണിയം എടുത്ത് അടുത്തേക്ക് നീക്കിവെച്ച് വിരലുകൾ വെള്ള കട്ടകളിൽ തൊട്ടുകൊണ്ടു പറഞ്ഞു.

”ഒരു തമിഴ്പാട്ട് പാടാൻ പറ്റുമോ?”

എം.എസ്. ചോദിച്ചപ്പോൾ ബാലു ഒന്നു വിരണ്ടു. ചെന്നൈയിൽ എത്തിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. തമിഴ് ശരിക്കും പഠിച്ചിട്ടില്ല. ”തമിഴ് പാട്ടുപുസ്തകം ഒന്നും കൊണ്ടുവന്നിട്ടില്ല…..” ബാലു ഇതു പറഞ്ഞ ഉടനെ ഒരു പാട്ടുപുസ്തകം കൊണ്ടുവരാനായി എം.എസ്. കൽപിച്ചു. ആരോ പെട്ടെന്ന് ഒരു സിനിമാപാട്ടുപുസ്തകം എടുത്തുനീട്ടി.

‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ പാട്ടുപുസ്തകമാണ്. എം.എസ്. അതൊന്നു മറിച്ചുനോക്കിയിട്ട് അതിലെ ‘നാളാം തിരുനാളാം…..’ എന്ന പാട്ടുപാടാൻ പറഞ്ഞു.

ബാലു പുസ്തകം വാങ്ങിച്ച് തപ്പിതപ്പി വായിച്ചുനോക്കി. പിന്നെ മറ്റൊരാളുടെ സഹായത്തോടെ ഓരോ വരികളും തെലുങ്കിൽ എഴുതി എടുത്തു. എം.എസ്.ഹാർമോണിയത്തിൽ വിരൽ അമർത്തി. ബാലു പാടി. ആ ശബ്ദം എം.എസ്സിന് ഇഷ്ടമായെങ്കിലും തമിഴ് ഉച്ചാരണം ശരിയായിട്ടില്ലെന്ന് തോന്നി.

”നല്ല ഉച്ചാരണ ശുദ്ധിയോടെ നിനക്ക് തമിഴ്പാട്ട് പാടാൻ പറ്റുമോ.. ഏതായാലും നിന്റെ ശബ്ദം എനിക്കിഷ്ടപ്പെട്ടു.”

എം.എസ്സിന് ശബ്ദം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ആത്മവിശ്വാസം തോന്നിയെങ്കിലും ഭാഷാപ്രശ്നം കുഴക്കി.

ശരി, നീ തമിഴ് നന്നായി പഠിച്ചിട്ട് എന്നെ വന്ന് കാണ്.”

ബാലു സംഗീത സംവിധായകനെ തൊഴുതുകൊണ്ട് മടങ്ങിയെങ്കിലും തമിഴിൽ ഭാഗ്യം പരീക്ഷിക്കാനാവുമെന്നു തോന്നിയില്ല. അതുകൊണ്ട് പഠിത്തത്തിനിടയ്ക്കും ബാലു ചില തെലുങ്കു ചിത്രത്തിൽ പാടി. അതിനു കാരണക്കാരൻ സംഗീത സംവിധായകൻ എസ്.പി. കോദണ്ഡപാണിയായിരുന്നു.

ഹരികഥാ പ്രസംഗക്കാരനായിരുന്ന സാമ്പമൂർത്തിയുടെ മകനായ ബാലുവിന് കുട്ടിക്കാലത്തേ സംഗീതത്തിൽ താത്പര്യമുണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയമായി അഭ്യസിക്കാൻ അവസരം കിട്ടിയില്ല. എങ്കിലും ഗാനമേളകളിൽ പാടുക പതിവായിരുന്നു. ഇങ്ങനെ ഒരു ഗാനമേള കേൾക്കാൻ ഇടയായ കോദണ്ഡപാണിയ്ക്ക് ബാലുവിന്റെ ശബ്ദവും ആലാപന രീതിയും ഇഷ്ടമായി.

ഗാനമേള കഴിഞ്ഞിറങ്ങുമ്പോൾ കോദണ്ഡപാണി അടുത്തേയ്ക്കു വന്നു. ബാലുവിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

”നല്ല ശബ്ദമാണ്… നീ സിനിമയിൽ പാടണം” അതുകേട്ടപ്പോൾ വലിയ സന്തോഷം തോന്നി. തെലുങ്കിലെ പ്രശസ്തനായ സംഗീതസംവിധായകൻ തന്റെ പാട്ടുകേൾക്കാൻ വരിക, അഭിനന്ദിക്കുക, ബാലുവിന് വിശ്വസിക്കാൻപോലും പ്രയാസം തോന്നി

സിനിമയിൽ ഒരു പാട്ടുപാടുക ബാലുവിന്റെ വലിയ മോഹമായിരുന്നു. അതുകൊണ്ട് ബാലു വീണ്ടും കോദണ്ഡപാണിയെ പലതവണ കണ്ടു. ബാലുവിനെ ചില സംഗീത സംവിധായകരേയും നിർമാതാക്കളേയും അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തെങ്കിലും ആർക്കും ആ ‘പയ്യനിൽ’ വിശ്വാസം തോന്നിയില്ല.

ഒടുവിൽ 1966 ൽ കോദണ്ഡപാണി തന്നെ ‘ശ്രീ ശ്രീ മരയത രാമണ്ണ’ എന്ന തെലുങ്കുചിത്രത്തിൽ ബാലുവിനെക്കൊണ്ട് ഒരു പാട്ടുപാടിച്ചു. റിക്കാർഡിങ് തിയേറ്ററിൽ എത്തിയ ബാലു ആകെ പരിഭ്രമപ്പെട്ടപ്പോൾ പാട്ടു റിക്കാർഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് ബാലുവിന്റെ ടെൻഷൻ ഒക്കെ മാറ്റി പാടിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതോടെ കോദണ്ഡപാണി ബാലുവിന്റെ മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളർന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയിൽ എസ്.പി. സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിന് ഗുരുവിന്റെ പേരാണ് ഇട്ടത്.

തെലുങ്കിലെ എസ്.പി.യുടെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടയിലാണ് പഠിക്കാനായി മദ്രാസിലെത്തിയത്. എൻജിനിയറിങ് പഠനത്തിന് സീറ്റുകിട്ടാത്തതുകൊണ്ട് എ.എം.ഐ.ഇയ്ക്കു ചേർന്നു. പഠിത്തത്തിനിടയിലും ബാലുവിന്റെ മനസ്സുനിറയെ പാട്ടുകളായിരുന്നു. എം.എസ്. വിശ്വനാഥനെ കണ്ടതുമുതൽ ബാലു തമിഴ് പഠനത്തിനും ഉച്ചാരണശുദ്ധി വരുത്താനും പരിശ്രമിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം ഒരു തെലുങ്കുചിത്രത്തിൽ പാടാനായി നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം ബാലു എത്തിയപ്പോൾ യാദൃച്ഛികമായി എം.എസ്. വിശ്വനാഥനെ വീണ്ടും കാണാനിടയായി. തന്നെ ഈ സംഗീതസംവിധായകൻ മറന്നിരിക്കുമെന്നാണ് ബാലു വിചാരിച്ചത്. എങ്കിലും അടുത്തുചെന്ന് തൊഴുതു.

തമ്പി… ശ്രീധറിന്റെ ഓഫീസിൽ വന്ന് എന്നെ ഒരിക്കൽ കണ്ടത് നീയല്ലേ….”

എം.എസ്. പെട്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ബാലുവിന് സന്തോഷം തോന്നി. അവിടെ ചെന്നതും പാട്ടുപാടിയ കാര്യവും പറഞ്ഞപ്പോൾ എം.എസ്. ചോദിച്ചു.

‘വീണ്ടും എന്നെവന്നു കാണണമെന്നു പറഞ്ഞതല്ലേ….. പിന്നെന്താ വരാതിരുന്നത്.”

”തമിഴ് ഇംപ്രൂവുചെയ്തിട്ടുവരാൻ പറഞ്ഞില്ലേ…. അതുകൊണ്ട് അതിനുള്ള ശ്രമത്തിലായിരുന്നു”

എം.എസ്. ചിരിച്ചു.

”ഇപ്പോൾ നീ നന്നായി തമിഴ് പറയുന്നുണ്ടല്ലോ. ഒരു കാര്യം ചെയ്യ് നാളെ എന്റെ ഓഫീസിലേക്കുവാ….”

അടുത്തദിവസം തന്നെ ബാലു വീണ്ടും എം.എസ്സിനെ കണ്ടു.

‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിന്റെ കംമ്പോസിങ് നടക്കുന്ന സമയമായിരുന്നു. അതിൽ എൽ.ആർ.ഈശ്വരിയോടൊപ്പം പാടാൻ എം.എസ്. ബാലുവിന് ചാൻസുകൊടുത്തു. റെക്കാഡിങ് ഒക്കെ നടന്നെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതിനുശേഷം ‘ശാന്തിനിലയം’ എന്ന ചിത്രത്തിൽ ‘ഇയർകൈ എന്നും ഇളയകന്നി…..’ എന്ന ഒരു ഗാനം എം.എസ്. ബാലുവിനുകൊടുത്തു. പി.സുശീലയോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. പി.സുശീല അക്കാലത്തു തന്നെ പ്രശസ്തയായ ഗായികയായിരുന്നതുകൊണ്ട് ഈ യുഗ്മഗാനത്തിലൂടെ താനും ശ്രദ്ധിക്കപ്പെടുമെന്ന് ബാലു കരുതി. പടവും പാട്ടും ഹിറ്റായില്ലെങ്കിലും ആ ശബ്ദം ശ്രദ്ധിക്കപ്പെട്ടുവെന്നു മാത്രമല്ല കേൾക്കേണ്ടയാൾ കേൾക്കുകയും ചെയ്തു. അന്ന് തമിഴ്സിനിമയിൽ മുടിചൂടാമന്നനായി നിൽക്കുന്ന എം.ജി.ആറിന് ആ ശബ്ദം ഇഷ്ടപ്പെട്ടു. എം.ജി.ആറിന്റെ ഒരു ചിത്രത്തിൽ സഹകരിക്കാൻ അവസരം കിട്ടുക ഏറ്റവും വലിയ ഭാഗ്യമായി എല്ലാവരും കരുതുന്ന സമയം. ‘അടിമപ്പെൺ’ എന്ന ചിത്രത്തിനുവേണ്ടി കെ.വി.മഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ തന്നെയായിരുന്നു. ഓർക്കാപ്പുറത്ത് വന്നുചേർന്ന ഈ ഭാഗ്യം ബാലുവിനെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി. തുടക്കക്കാരനായ തനിക്കുകിട്ടിയ സുവർണാവസരം. എന്നാൽ ഈ ചിത്രത്തിനുവേണ്ടി പാട്ടുകൾ റെക്കോഡുചെയ്യേണ്ട സമയമായപ്പോഴേക്കും ബാലു പനിപിടിച്ചു കിടപ്പിലായി. കൈവന്ന സുവർണാവസരം നഷ്ടപ്പെട്ടുപോയതിൽ ബാലു വളരെ വിഷമിച്ചു. എല്ലാം സ്വന്തം വിധിയെന്നുകരുതി. തനിക്കുപകരം മറ്റാരെക്കൊണ്ടെങ്കിലും പാടിച്ച് ആ പാട്ട് റെക്കാഡുചെയ്തിരിക്കുമെന്നോർത്തപ്പോൾ വലിയ നിരാശ തോന്നി.

ബാലു സുഖപ്പെട്ടുവരാൻ ഒരു മാസത്തിൽ ഏറെ സമയമെടുത്തു. അതുകഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് ‘അടിമപ്പെണ്ണി’ന്റെ റെക്കോഡിങ് നടന്നിട്ടില്ലെന്നറിഞ്ഞത്. ബാലു എന്ന യുവഗായകനുവേണ്ടി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിർദേശം. ബാലുവിന് ഇതു വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു ഇതിനു നന്ദി പറയാൻ എം.ജി.ആറിനെ വീട്ടിൽ പോയി കണ്ടു.

”തമ്പീ നീ എന്റെ പടത്തിൽ പാടാൻ പോണ കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. നിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിരിക്കുക. അവരെയും നിന്നെയുമെല്ലാം നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും കൊണ്ട് പാടാൻ വെയ്ക്കാതെ റെക്കോഡിങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചത്.”..

എം.ജി. ആറിന്റെ വാക്കുകൾ കേട്ട് ബാലു കരഞ്ഞുകൊണ്ടാണ് ഒരായിരം നന്ദിപറഞ്ഞത്. അങ്ങനെ അടിമപ്പെണ്ണിനുവേണ്ടി ബാലു പാടി. ”ആയിരം നിലവേ വാ…..” ബാലു ആദ്യം പാടിയ ‘ശാന്തി നിലയം’ പുറത്തു വരുന്നതിന് മുമ്പ് അടിമപ്പെൺ റിലീസ് ചെയ്തു. അടിമപ്പെണ്ണിലെ എം.ജി.ആർ. പാടുന്ന ‘ആയിരം നിലവേ…..’ തമിഴ്നാട്ടിലെങ്ങും മുഴങ്ങി. അതോടെ ബാലുവെന്ന ഗായകൻ തമിഴ് മക്കളുടെ സ്വന്തമായി.

നമ്മേആനന്ദിപ്പിച്ച്, ഉല്ലസിപ്പിച്ച്, ചിന്തിപ്പിച്ച് ഒടുവിൽ കരയിപ്പിച്ച് അകന്നു പോയി…
ആ നാദം ഇനിയില്ല എന്ന സത്യം മാത്രം ബാക്കിയാക്കി കാലയവനിയ്കയ്ക്കുള്ളിൽ മറഞ്ഞു…!

Leave a Reply

Your email address will not be published. Required fields are marked *