വരും

കഥ : മേരി മെറ്റിൽഡ കെ ജെ(റിട്ട.എച്ച്.എം)

അയാൾ ആകെ അസ്വസ്ഥനായികാണപ്പെട്ടു. . .ഇരുട്ടിൻറെ ഇരുട്ടിലൂടെ ഇടവഴിയിലേക്ക് കണ്ണോടിച്ച് അയാൾ ദീർഘനിശ്വാസമിടുന്നതും തോളിൽ കിടന്ന തുവർത്തുകൊണ്ട് വിയർപ്പൊപ്പുന്നതും തുറസ്സായ അടുക്കളയിൽനിന്ന് പാത്രങ്ങൾ കഴുകുന്നതിനിടയിൽ അവൾക്ക് കാണാമായിരുന്നു.
മുറ്റത്തെ വടുവൃക്ഷത്തിലിരുന്ന് ഏതോ രാപക്ഷി അശുഭകരമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്.
ഇടക്കിടെ ഉമ്മറകോലായിലിരുന്ന് നരകയറാൻതുടങ്ങിയ തലമുടി ചൊറിഞ്ഞും ഒതുങ്ങാത്ത താടിരോമങ്ങൾതടവിയും അയാൾ നെടുവീർപ്പിടുന്നത് അവൾ ശ്രദ്ധിച്ചു.
യൗവ്വനയുക്തനായ മകൻറെ അസമയത്തെ പോക്കുംവരവും അവൻറെ കണ്ണുകളുടെ ചുവപ്പും എന്താണെന്ന് അയാൾക്ക് നന്നായി മനസ്സിലാകുമായിരുന്നു. എന്തിനോടും പിന്തിരിപ്പൻ നയങ്ങളും എവിടെയും വാക്കുകളുടെ വിസ്ഫോടനവും ആത്മാവിൽ ഭീരുത്വം ഭരിക്കുന്ന അപകർഷതയും ഉടയാടയാക്കിയവൻ; മകൻ. ഇരുചക്ര വാഹനം നിയന്ത്രിച്ചോടിക്കാനാവാത്തവിധം ഏതക്കയൊ ലഹരി അവൻറെ മസ്തിഷ്ക്കത്തെ അടിമപ്പെടുത്തുന്നുണ്ടെന്നും അയാൾ ആധിയോടെ അറിയുന്നു. എങ്കിലും ഒരുതരം നിസ്സഹായത അയാളെ മൂകനാക്കുന്നത് അവളറിയുന്നുണ്ട്.
“പഴയ പാപത്തിന് പുതിയ പ്രായ്ശ്ചിത്തം”
അവളുടെ ചിറിയിൽ മൊണാലിസയുടെ ചിരി മൊട്ടിട്ടുനിന്നു.
തൻ്റെ നല്ലപ്രായംമുഴുവൻ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പലരാത്രികളിലും ഇതിയാനെ ഇങ്ങനെ കാത്തിരുന്നതിൻറ ഓർമ്മകൾ പകനിറഞ്ഞ് പൈപ്പിലൂടെ പതഞ്ഞൊഴുകുകയാണെന്നവൾക്കുതോന്നി. .
പാത്രങ്ങൾ കൈകൊട്ടിച്ചിരിക്കുന്നത്കേട്ട് അയാൾ അവളെ തറപ്പിച്ചു നോക്കിയതും പുരികക്കൊടികൾ ചുളിച്ച് താടിചലിപ്പിച്ച്
“ഊംംം ? ” എന്നവൾ .
നീട്ടിയെറിഞ്ഞ അരിവാൾ പോലെ ആ ചോദ്യം തറയേണ്ടിടത്തത് തറഞ്ഞു.
കനത്ത മൗനത്തെ കീറിമുറിക്കാൻ തക്കവിധം ശക്തിയോടെ അയാളുടെ ആത്മാവിലത് കൊളുത്തി വലിച്ചു.
അയാൾ പിടഞ്ഞു.
“അവൻ ….” ആ ശബ്ദത്തിൽ ബ്രഹ്മാണ്ഡത്തോളം വളർന്ന ആശങ്ക .
“വരും. ” മാതൃസഹജമായ പ്രതീക്ഷയുടെ ചിരാത് വെട്ടം.
ചൊറിഞ്ഞണം വിതച്ചിട്ട് തുളസി മുളക്കുമെന്ന് ആഗ്രഹിക്കരുതെന്നു കൂടി ശബ്ദം കുറച്ച് ഇറുമ്മിയപല്ലുകൾക്കിടയിലിട്ട് ചവച്ച് തുപ്പുമ്പോൾ _ ജീവിതസായാഹ്നത്തിൽവെളിപ്പെട്ട അയാളുടെ കത്തുന്നപുതൃവത്സല്യത്തിലേക്ക് മുനയുള്ളൊരു കനലെറിഞ്ഞ ചാരിതാർത്ഥ്യം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *