ഉദ്യാനത്തിലും നട്ടുവളര്‍ത്താം സ്‌ട്രോബറി പേര
നിലത്തും ചട്ടിയിലും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഉയരം കുറച്ചു വേണം ചട്ടിയില്‍ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള ധാരാളം കായ്കളുമായി സ്‌ട്രോബറി പേര നില്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള പേര ഇനവും ലഭ്യമാണ്. സാധാരണ പേരക്കയുടെ ഫലത്തിന് ഏകദേശം സമാനമാണ്. വിത്തുകളുള്ളതും സുഗന്ധമുള്ളതും രുചിയുള്ളതുമായ ഈ പേരക്കയുടെ സ്വാദില്‍ സ്‌ട്രോബെറി സത്ത് ഉണ്ടെന്നും പറയപ്പെടുന്നു. നല്ല പോലെ പഴുത്താല്‍ മധുരവും അല്ലെങ്കില്‍ പുളിരസവുമാണിതിന്.
ആരോഗ്യഗുണങ്ങള്‍
വിറ്റാമിന്‍ എ,സി, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടം സ്‌ട്രോബെറി പേരയ്ക്ക നല്‍കുന്നു. ചെറിയ പഴങ്ങളില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകളാണിവ, രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. സ്‌ട്രോബെറി പേരയില വിത്തുകളില്‍ ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനത്തിനും ഗുണം ചെയ്യും.
നടുന്ന രീതി
നല്ലയിനെ സ്‌ട്രോബറി പേരയുടെ തൈകള്‍ കേരളത്തിലെ മിക്കവാറും നഴ്‌സറികളില്‍ വാങ്ങാന്‍ ലഭിക്കും. നമ്മുടെ കാലാവസ്ഥയിലിതു നല്ല വിളവ് തരുന്നതിനാല്‍ ആവശ്യക്കാര്‍ ധാരാളമുണ്ട്. വലിയ പരിചരണമൊന്നും നല്‍കാതെ തന്നെ വളരും. മൂന്നോ- നാലോ അടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ അടിവളങ്ങളായ ചാണകപ്പൊടി , ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ നിറയ്ക്കുക. കുഴിയെടുത്തപ്പോള്‍ ലഭിച്ച മണ്ണും വളങ്ങളും കൂട്ടിക്കലര്‍ത്തി കുഴി മൂടി ഇതില്‍ ചെറിയ കുഴിയെടുത്ത് തൈ നടുക. ആവശ്യത്തിന് നനച്ചു കൊടുക്കുക. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം നടാന്‍. പൂന്തോട്ടത്തിലും സ്‌ട്രോബറി പേര നടാം.