നോവോര്‍മ്മയായി രാത്രിമഴയും

സൂര്യ സുരേഷ്

മലയാളത്തിന്റെ മണ്ണില്‍ രാത്രിമഴയുടെ ഒരുപിടി കണ്ണീരോര്‍മ്മകള്‍ ബാക്കിയാക്കി സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. കൊവിഡ് ബാധിതയായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. എണ്‍പത്തിയാറ് വയസ്സായിരുന്നു.

കവയിത്രി എന്നതിലുപരി തികഞ്ഞ മനുഷ്യസ്‌നേഹിയും പ്രകൃതിസ്‌നേഹിയുമായിരുന്നു സുഗതകുമാരി ടീച്ചര്‍. പ്രകൃതിക്കും തനിക്ക് ചുറ്റുമുളള മനുഷ്യര്‍ക്കും മുറിവേറ്റപ്പോഴൊക്കെ അവരുടെ മനസ്സും ഏറെ വേദനിച്ചു. മണ്ണിനോടും മനുഷ്യനോടും മരങ്ങളോടും എങ്ങനെ പെരുമാറണമെന്ന് തന്റെ വരികളിലൂടെയും വാക്കുകളിലൂടെയും അവര്‍ പലതവണ വാചാലയായി. പ്രകൃതിചൂഷണങ്ങള്‍ക്കെതിരെ എപ്പോഴും ശക്തമായി ശബ്ദമുയര്‍ത്തി. സൈലന്റ് വാലി, അട്ടപ്പാടി, ആറന്മുള തുടങ്ങിയ സമരമുഖങ്ങളിലെല്ലാം  മുന്‍നിരയില്‍ ടീച്ചറുടെ സാന്നിധ്യമുണ്ടായിരുന്നു.

ഉറ്റവര്‍ ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്കായി അഭയ എന്ന സ്ഥാപനം ആരംഭിച്ചതോടെ നിരാലംബര്‍ക്ക് അവര്‍ താങ്ങും തണലുമായി മാറി. സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും വിട്ടുവീഴ്ചയില്ലാതെ തുറന്നുപറയാന്‍ ധൈര്യം കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ പലതരത്തിലുളള വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. വികസനവിരോധിയെന്ന പഴിയും നിരവധിതവണ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഒരിക്കലും ടീച്ചറിനെ തളര്‍ത്തിയിരുന്നില്ല.

ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെ മകളായി 1934 ജനുവരി 22 നായിരുന്നു സുഗതകുമാരി ജനിച്ചത്. ആദ്യഗുരുവും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. അമ്മ വി.കെ കാര്‍ത്ത്യായനി അമ്മ. എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ. വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്. മകള്‍ ലക്ഷ്മി. ഡോ. ഹൃദയകുമാരി, ഡോ. സുജാത ദേവി എന്നിവര്‍ സഹോദരിമാരായിരുന്നു. സഹോദരിമാരുടെ മരണം സുഗതകുമാരിയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. സുജാത എനന കവിത സഹോദരിയുടെ ഓര്‍മ്മയ്ക്കായി എഴുതിയതാണ്. സാമൂഹ്യ സാഹിത്യരംഗങ്ങളിലെ സേവനങ്ങള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ ടീച്ചറിനെ തേടിയെത്തിയിട്ടുണ്ട്.


 ‘ എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ
  ശരിക്കു കണ്ടേന്‍ ഇന്നു ഞാനതിന്‍ മുഖം ദിവ്യം ‘
 കവയിത്രിയുടെ ഈ വരികള്‍ക്ക് മുന്നില്‍ മരണം പോലും തോറ്റുപോകുന്നു. പ്രണാമം മലയാളത്തിന്റെ കാവ്യസുഗന്ധത്തിന്…

Leave a Reply

Your email address will not be published. Required fields are marked *