ഇത് സുഹൃത്തിനുള്ള സമ്മാനം; ലളിതം സുന്ദരം ടീമിനെ വിസ്മയിപ്പിച്ച വീഡിയോ

ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്ത ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് എത്തുന്നത്. മാർച്ചിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രമോദ് മോഹൻ ആണ്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ സംവിധായകൻ മധു വാര്യർക്കും, ഈ ചിത്രത്തിനും, ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളേകി കൊണ്ട്, മധു വാര്യരുടെ സഹപാഠി കൂടിയായിരുന്ന രാജിവ് രാഘവൻ എന്ന വ്യക്തി നൽകിയ ഒരു സമ്മാനം ആണ് വൈറൽ ആവുന്നത്. ലളിതം സുന്ദരം എന്നെഴുതിയ വസ്ത്രം ധരിച്ചു കൊണ്ട് അദ്ദേഹം ഒരു ആകാശ ചാട്ടം നടത്തി, അതിന്റെ വീഡിയോ ആണ് തന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ ചിത്രത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നത്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.


സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജിവ് രാഘവൻ പറയുന്നത്, ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും. സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി,രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം-പി സുകുമാർ,ഗൗതം ശങ്കർ, സംഗീതം- ബിജിബാൽ,എഡിറ്റർ-ലിജോ പോൾ,പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Leave a Reply

Your email address will not be published. Required fields are marked *