പതിനേഴു വർഷങ്ങൾക്കു മുന്‍പ് ഞാൻ മരിച്ചു പോയ ദിവസമാണിന്ന്… ഒരമ്മയുടെ വൈകാരികമായ കുറിപ്പ്

തന്‍റെ കുഞ്ഞ് അധികാലം ജീവിച്ചിരിക്കില്ല ഡോക്ടറുടെ വാക്കുകള്‍ എങ്ങനെയാണ് ഒരമ്മയ്ക്ക് ഉള്‍ക്കൊള്ളാനുന്നത്. തളര്‍ന്നിരിക്കാതെ സ്വന്തം വിധിയെ തോല്‍പ്പിക്കാനുള്ള ഒറ്റായാള്‍ പോരാട്ടമായിരുന്നു. .. ഡൗൺസിൻഡ്രോം എന്ന രോഗാവസ്ഥയുള്ള മകനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ടിന്‍സി എന്ന അമ്മയ്ക്ക് നല്‍കാം ബിഗ് സല്യൂട്ട്.

അവൻ സ്വന്തം കാര്യങ്ങൾ ചെയ്യണം . ‘ജീവിച്ചിരുന്നിട്ട് ഒരു പ്രയോജനവുമില്ല’ എന്നു പറഞ്ഞ ഡോക്ടറുടെ മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കണം എന്നു ഞാൻ ആഗ്രഹിച്ചു. ഇതാ നീണ്ട പതിനേഴു വർഷങ്ങൾ ഞങ്ങൾ അമ്മയും മോനും ആത്മവിശ്വാസത്തോടെ തന്നെ ലോകത്തിനു മുന്നിൽ നിൽക്കുന്നു. ടിന്‍സി ഫേസ് ബുക്കില്‍ കുറിക്കുന്നു

ടിന്‍സിയുടെ കുറിപ്പ്

എന്റെ മകൻ ജനിച്ച ദിവസവും…
ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു കുറിച്ചു തന്നു. അതുവരെ സാധാരണമട്ടിൽ പോയിരുന്ന കാര്യങ്ങൾ പെട്ടെന്നാണ് വേഗത്തിലായത്. സ്കാൻ ചെയ്യുന്ന ഡോക്ടർ നിലവിളിയോടെ പറഞ്ഞു. ‘കുഞ്ഞ് ശ്വാസമെടുക്കുന്നത് കുറഞ്ഞു വരുന്നു. വേഗം സിസേറിയൻ ചെയ്യണം…’

എല്ലാം കഴിഞ്ഞു റൂമിലെത്തിയപ്പോൾ എല്ലാവരും അവനെ ഓമനിക്കുന്ന തിരക്കിലാണ്. ‘ഒരു പാവക്കുട്ടിയെ പോലിരിക്കുന്നു.’ നോക്കിയപ്പോൾ ശരിയാണ്. പ്രീമെച്വർ ആയതുകൊണ്ട് പുരികമൊന്നും വന്നിട്ടില്ല. എനിക്കു കൂട്ടുകൂടി കളിക്കാൻ കിട്ടിയ ഒരു പാവക്കുട്ടി. അങ്ങനെയാണ് അപ്പോൾ തോന്നിയത്. പാല് കുടിക്കാത്തതായിരുന്നു ആദ്യ ദിവസങ്ങളിലെ പ്രശ്നം. പാല് കുടിച്ചു തുടങ്ങിയപ്പോൾ അതു ശിരസ്സിൽ കയറുന്നതായി. അപ്പന്റെ നഗരത്തിലെ ഹോസ്പിറ്റലിൽ നിന്നു മൈലുകൾ പിന്നിട്ട് എന്റെ ഗ്രാമത്തിലെ തണുപ്പിലേക്കെത്തിയപ്പോഴേക്കും അവനു ജലദോഷം പിടിച്ചു. നാട്ടിലെ രണ്ടു ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് നേസൽ ഡ്രോപ്സ് ഒഴിച്ചെങ്കിലും കുറഞ്ഞില്ല.മൂന്നുമാസം കഴിഞ്ഞിട്ടും തലയും ഉറയ്ക്കുന്നില്ല.
വീണ്ടും അപ്പന്റെ നഗരത്തിലെത്തി കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണിച്ചപ്പോഴാണ്…അയാൾ തന്ന കത്തിൽ പങ്കുവച്ച സംശയം ശരിയെന്നു പറഞ്ഞു അമൃതയിലെ ഡോക്ടർമാർ. അവൻ ഡൗൺസിൻഡ്രോം കുട്ടിയാണ്. എനിക്കു മുന്നേ ആ ഡോക്ടറെ കാണാൻ കയറിയത് ഒരു എഞ്ചിനീയർ ദമ്പതികളായിരുന്നു. കുറച്ചു സമയം കഴിഞ്ഞു ആ
അമ്മ ഓടിയിറങ്ങി പോകുന്നതു കണ്ടു. അച്ഛൻ ആ കുഞ്ഞിനെയും കൊണ്ടു പകച്ചു നിൽക്കുന്നതും. എനിക്കു ഓടിയിറങ്ങി പോകാനുള്ള ഊർജ്ജം ഉണ്ടായിരുന്നില്ല. ‘നിങ്ങൾ വിഷമിക്കേണ്ട കേട്ടോ. ഈ കുഞ്ഞിനു അധികം ആയുസ്സില്ല.’ ഡോക്ടർ സമാധാനിപ്പിച്ചു. അപ്പോഴും ദുഖത്തിന്റെ വിഭ്രമത്തിലായിരുന്ന ഞാൻ ‘ഈ കുഞ്ഞ് നടക്കുമോ, അമ്മ എന്നു വിളിക്കുമോ, സാധാരണ സ്കൂളിൽ പഠിക്കുമോ’ എന്നു ചോദിച്ചു കൊണ്ടിരിക്കുന്നത് കേട്ടാവണം അവർക്ക് ദേഷ്യം വന്നു. ‘നിന്റെ കൊച്ച് ഒന്നും ചെയ്യില്ല.’ പിന്നീട് തിരിഞ്ഞു പോൾസനോടു പറഞ്ഞു. ‘നോക്കൂ, ഈ കുട്ടിക്ക് ഭ്രാന്തു പിടിച്ചെന്നു തോന്നുന്നു. കുഞ്ഞിനെ അവരിൽ നിന്നു വാങ്ങൂ.’’ ഞാനാ നിമിഷം കുഞ്ഞിനെയും ചേർത്തു പിടിച്ചു മുറിയിൽ നിന്നിറങ്ങി. പക്ഷേ, ഇരുട്ടിലേക്കായിരുന്നു ഞങ്ങൾ നടന്നത്.
ഞങ്ങളുടെ ഏതോ തെറ്റിന്റെ ഫലം, ശാപം, ദൈവത്തിലേക്കടുപ്പിക്കാനുള്ള വഴി, ദൈവം ഭൂമിയിലേക്കു നോക്കിയപ്പോൾ കണ്ട ഏറ്റവും നല്ല മാതാപിതാക്കൾ…ഇങ്ങനെയിങ്ങനെ കുറേ കാര്യങ്ങൾ ഞങ്ങൾക്കു ചുറ്റും എറിഞ്ഞിട്ടു എല്ലാവരും സഹതാപം വിരിച്ചിട്ടു. അതൊക്കെ എന്നെ കൂടുതൽ നിരാശയിലാഴ്ത്തുകയാണ് ചെയ്തത് എന്നതാണ് സത്യം. ഞാനും മകനും മുറിയിൽ അടച്ചിരുന്നു. ആരേയും കാണാതെ, ആരേയും കേൾക്കാതെ…കുഞ്ഞൊന്നു ചിരിച്ചു കളിച്ച് എന്റെ മുഖത്തേക്കു നോക്കും. എന്റെ മുഖത്തെ കണ്ണീരു കാണുമ്പോൾ ആ ചിരി മെല്ലെ മാഞ്ഞു പോകും. കുഞ്ഞ് വീണ്ടും സങ്കടത്തിലേക്കു മടങ്ങും. പിന്നെ പിന്നെ എനിക്ക് തോന്നിതുടങ്ങി…ഈ ചിരി കാണാൻ രസമുണ്ടല്ലോ. ആ നിമിഷമാണ് ഞങ്ങൾ ജീവിതത്തിലേക്കു വാതിൽ തുറന്നത്.
എന്നേപ്പോലെയുള്ള സ്പെഷ്യൽ അമ്മമാർ കണ്ടുമുട്ടുമ്പോൾ പറയാറുണ്ട്. ‘എനിക്ക് ടെൻസിയെ പോലെ ധൈര്യമില്ല, എന്റെ കുഞ്ഞ് തോമസിന്റെ പോലെ അത്ര മിടുക്കനല്ല’ എനിക്കത് കേൾക്കുമ്പോൾ ചിരിയും കരച്ചിലും വരും. അവന്റെ പിന്നാലെ ഞാനോടിയ ഓട്ടം…അറിയാതെ കണ്ണൊന്നു മയങ്ങിപ്പോയി ഉണരുമ്പോഴേയ്ക്കും വീടവൻ തിരിച്ചു വച്ചിട്ടുണ്ടാകും. തൂത്തും തുടച്ചും കുളിപ്പിച്ചും വൃത്തിയാക്കിയും എത്ര വർഷങ്ങളാണ് കടന്നു പോയത്. അന്നൊന്നും എനിക്ക് സ്വപ്നങ്ങളേ ഇല്ലായിരുന്നു. കൊതിതീരെ ഒന്നുറങ്ങണമെന്നു മാത്രമായിരുന്നു ആശ. ബാക്കി രണ്ടു മക്കൾ ഉണ്ടായപ്പോൾ പ്രസവിച്ചു കിടക്കാൻ പോലും പറ്റാതെ സ്റ്റിച്ചിന്റെ വേദനയും വച്ച് അവനെ എടുത്തു നടന്നിരുന്ന നാളുകൾ… ചില സമയങ്ങളിൽ തല ചുമരിലിട്ട് ഇടിച്ച് ആ വേദനയിൽ ഉന്മത്തയായി ഇരുന്നിട്ടുണ്ട്.

കനലുകളിൽ തന്നെയാണ് നടന്നത്. ആരും തുണയായിട്ടില്ല. ദുഖം പങ്കു വയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ ‘സാരല്യ, വലുതാകുമ്പോൾ എല്ലാം ശരിയാകും.’ എന്നു ആശ്വസിപ്പിക്കാനായിരുന്നു എല്ലാവർക്കും തിടുക്കം. അതു വിശ്വസിക്കാൻ മാത്രം വിഢ്ഢിയാണോ ഞാൻ എന്നായിരുന്നു എന്റെ സങ്കടം മുഴുവൻ. ഇതൊരു ജനിതക വൈകല്യമാണ്. അവൻ ജനനം കൊള്ളൂമ്പോഴേ ഈ വൈകല്യത്തിലാണ് ജനിച്ചത്, അതിനെ മാറ്റി മറിക്കാൻ ശാസ്ത്രലോകം വളർന്നിട്ടില്ല എന്നെല്ലാം എനിക്കറിയാം. പിന്നെ എന്തിനാണ് വെറും വാക്കുകൾ!
അവൻ സ്വന്തം കാര്യങ്ങൾ ചെയ്യണം . ‘ജീവിച്ചിരുന്നിട്ട് ഒരു പ്രയോജനവുമില്ല’ എന്നു പറഞ്ഞ ഡോക്ടറുടെ മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കണം എന്നു ഞാൻ ആഗ്രഹിച്ചു. ഇതാ നീണ്ട പതിനേഴു വർഷങ്ങൾ ഞങ്ങൾ അമ്മയും മോനും ആത്മവിശ്വാസത്തോടെ തന്നെ ലോകത്തിനു മുന്നിൽ നിൽക്കുന്നു.

അവൻ ഇപ്പോൾ പത്താം ക്ലാസ് പാസ്സായി പ്ലസ് വണ്ണിനു കംപ്യൂട്ടർ സയൻസ് എടുത്തു പഠിക്കുന്നു. സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്.
ഒരു സാധാരണ സ്കൂളിലാണ് അവനെ ചേർത്തിയത്. അതിനു സാധിച്ചില്ലെങ്കിൽ സ്കൂളിൽ ചേർക്കാതെ ഹോം സ്കൂളിങ് ചെയ്യാനായിരുന്നു തീരുമാനം. ആ സമയത്താണ് ഇൻക്ലുസീവ് എജ്യുക്കേഷൻ എന്ന ആശയവുമായി ലൈഫ് വാലി ഇന്റർനാഷണൽ സ്കൂൾ തുടങ്ങുന്നത്. അവിടത്തെ ടീച്ചർമാർ എന്റെയത്രയോ അതിൽ കൂടുതലോ കഷ്ടപ്പെട്ടിട്ടുണ്ട്. അവിടന്നാണ് അവൻ കാര്യങ്ങൾ പഠിക്കുന്നത്. ഇതിനിടയിൽ, എല്ലാവരും കൂടി ചാർത്തി കൊടുത്തിരുന്ന ‘വയ്യാത്ത കുട്ടി’ എന്ന ലേബൽ ഞാനങ്ങ് അടർത്തിക്കളഞ്ഞിരുന്നു. എല്ലാം തനിച്ച് ചെയ്യാൻ പരിശീലിപ്പിച്ചു. ആവശ്യമെങ്കിൽ മാത്രം സഹായിച്ചു. അതിനും ‘സുഖമില്ലാത്ത കുട്ടിയോട് സ്നേഹമില്ലാത്ത അമ്മ’ എന്ന പഴി ഞാൻ കേട്ടു. അവന്റെ ഓരോ നേട്ടത്തിലും ഞാൻ വളരെ സന്തോഷിച്ചു. എന്റെ മുഖത്തെ അത്ഭുതവും സന്തോഷവും കാണാനായി മാത്രം അവൻ നേട്ടങ്ങളുണ്ടാക്കി. വൈകുന്നേരം പ്രെയർ സമയത്തിനു മുമ്പാണ് ഞങ്ങളുടെ ഫാമിലി ടൈം. ആ നേരത്ത് ഞങ്ങൾ അ‍ഞ്ചുപേരും
വിശേഷങ്ങൾ പറയും. എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കും. ചെറു പാട്ടോ, രണ്ട് സ്റെറപ്പ് വയ്ക്കുന്നതോ എന്തെങ്കിലുമാകും. അതെല്ലാം അവനു നന്നായി ഗുണം ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചപ്പോൾ അവനു ആത്മവിശ്വാസം കൂടി. തൊട്ടടുത്ത കടയിൽ പോയി പാലും പഞ്ചസാരയും വാങ്ങാൻ അവൻ താല്പര്യം കാണിച്ചു തുടങ്ങി. മനസിലാകാത്ത ഭാഷയിൽ കക്ഷി അതു പറഞ്ഞൊപ്പിക്കും. അവനോടു നിറയെ സംസാരിക്കുമായിരുന്നു ഞങ്ങൾ. നാലു വയസ്സിലാണ് അവൻ രണ്ടു അക്ഷരങ്ങളുള്ള വാക്ക് പറഞ്ഞു തുടങ്ങിയത്. വാചകം പറയാൻ പിന്നെയും വർഷങ്ങളെടുത്തു. ഇന്നു അവ്യക്തതയുണ്ടെങ്കിലും നന്നായി സംസാരിക്കും. ഒരിക്കലും അവ്യക്ത ഭാഷയിൽ ഉറക്കെ വർത്തമാനം പറയുന്നതിൽ നിന്നു അവനെ വിലക്കിയില്ല. ആര് പിന്തിരിഞ്ഞു നോക്കിയാലും ഞങ്ങൾക്കൊരു പ്രശ്നവുമില്ല. വീടിനു പുറത്തോ അകത്തോ ആകട്ടെ, എത്ര വലിയ സീരിയസ് സംസാരത്തിനിടയിലും അവന്റെ വർത്തമാനത്തിനു ഞങ്ങൾ ചെവി കൊടുത്തു. അതും അവനു ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഞങ്ങൾ പങ്കെടുക്കുന്ന കുടുംബ പരിപാടികൾക്കെല്ലാം അവനെയും കൂട്ടി. ഇഷ്ടക്കേടു പ്രകടിപ്പിച്ചിടത്തു നിന്നു ഒരു പരാതിയുമില്ലാതെ പിന്തിരിഞ്ഞു നടക്കുകയും ചെയ്തു. തിരുത്തേണ്ടത് തിരുത്തിയും അഭിനന്ദിച്ചും തന്നെയാണ് മുന്നോട്ടു പോകുന്നത്. ഇന്നവൻ വീട്ടിലെ എല്ലാ ജോലികളും ചെയ്യും. സാൻവിച്ച് ഉണ്ടാക്കാനും ചപ്പാത്തി ചുടാനും പുട്ടിനു നനയ്ക്കാനും അറിയാം. അടിച്ചു വാരലും പാത്രം കഴുകലും തുണി മടക്കലും ഭംഗിയായി ചെയ്യും. അനിയന്റെ ഡ്യൂട്ടിയായിരുന്നു വീടു തുടയ്ക്കൽ. അവൻ പത്താം ക്ലാസിലായതു കൊണ്ടു ‘ജെയ്ക്കബ്ബിനു നന്നായി പഠിക്കാനുണ്ടാകും. ഞാൻ ചെയ്തോളാം’ എന്നു പറഞ്ഞു ആ പണിയും ജൂൺ മുതൽ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്ക് ഏതെങ്കിലും കാര്യത്തിൽ അത്ഭുതകരമായ കഴിവ് ഉണ്ടാകും എന്നു പറഞ്ഞു കേൾക്കാറുണ്ട്. പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിൽ വിഷമവുമില്ല. ഇപ്പോൾ പാട്ടിനോടും ഡാൻസിനോടും ഇഷ്ടം തുടങ്ങിയിട്ടുണ്ട്. ഓർമ്മ നന്നായി ഉള്ള കുട്ടിയാണ് എന്നു തോന്നിയിട്ടുണ്ട്.
പണ്ടു തോമസിനെ കുറിച്ചുള്ള ദീപാ നിശാന്തിന്റെ പോസ്റ്റ് വന്നതിൽ പിന്നെ പലരും മെസഞ്ചറിൽ വന്നു അവന്റെ വിശേഷം തിരക്കാറുണ്ട്. പല അച്ഛൻമാരും അമ്മമാരും വിഷമങ്ങൾ പങ്കു വയ്ക്കാറുമുണ്ട്. അതുകൊണ്ടാണ് അവനെ കുറിച്ച് ഇത്ര നീണ്ട പോസ്റ്റ്. ആർക്കെങ്കിലും ഒരു തരി വെളിച്ചം ഇതിൽനിന്നു കിട്ടിയാൽ ഞാനും മകനും ധന്യരായി.
എത്ര കൊഴുത്ത ചവർപ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ…

Leave a Reply

Your email address will not be published. Required fields are marked *