കാലത്തിന് മായക്കാന്‍ കഴിയാത്ത അഭിനയകുലപതി

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍റെ വിയോഗത്തിന് ഇന്ന് 11 വയസ്സ്.

1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ പി എസ് കേശവൻ പി എസ് ദേവയാനി ദമ്പതികളുടെ മകനായാണ് തിലകന്‍റെ ജനനം.മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണമായും നാടകനടൻ ആയി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു.

മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു.18-ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.43 നാടകങ്ങൾ സംവിധാനം ചെയ്തു.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.

1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു.1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.

അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറിവന്നു. മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.

നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു.


യവനിക, കിരീടം, മൂന്നാംപക്കം, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ തിലകന്‍ പരസ്യമായി പ്രകടിപ്പിച്ചു.ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് അദ്ദേഹത്തെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിലകൻ തന്‍റെ എഴുപത്തിയേഴാം വയസ്സില്‍ 2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *