അടൂര്‍ പങ്കജത്തിന്‍റെ 12ാം ചരമദിനം
സഹനടിയും ഹാസ്യ നടിയുമായി മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച പങ്കജം നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ് പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. അടൂര്‍ പാറപ്പുറത്ത് കുഞ്ഞി രാമന്‍പിള്ളയുടെയും കുഞ്ഞൂ കുഞ്ഞമ്മ യുടെയും മകളായി 1935 ലാണ് ജനനം.
അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. കെ. പി. കെ. പണിക്കരുടെ നടന കലാവേദിയിലൂടെയാണ് നാടക ജീവിതത്തിനു തുടക്കം കുറിച്ചത്. ‘മധുമാധുര്യം’ എന്ന നാടകത്തില്‍ നായികയായിരുന്നു. സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞ് ഭാഗവതര്‍ അടക്കമുള്ള പ്രമുഖ കലാകാരന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചു. ദേവരാജന്‍പോറ്റിയുടെ ട്രൂപ്പായ ഭാരതകലാചന്ദ്രികയില്‍ അഭിനയിക്കുന്ന കാലത്ത് അദ്ദേഹവുമായി വിവാഹം നടന്നു. രക്തബന്ധം, ഗ്രാമീണ ഗായകന്‍, വിവാഹവേദി, വിഷമേഖല തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. ‘പ്രേമലേഖ’ എന്ന സിനിമയിലൂടെ രംഗത്ത് വന്നു എങ്കിലും ആ ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘വിശപ്പിന്‍റെ വിളി’ യില്‍ അഭിനയിച്ചു. പ്രേംനസീര്‍, തിക്കുറിശ്ശി, മുതുകുളം, എസ്. പി. പിള്ള, കുമാരി തങ്കം തുടങ്ങിയവര്‍ അഭിനയിച്ച ആ ചിത്രമാണ് പങ്കജത്തിന്‍റെ റിലീസായ ആദ്യ ചിത്രം.
ഭാര്യ, ചെമ്മീന്‍, കടലമ്മ, അച്ഛന്‍, അവന്‍ വരുന്നു, അച്ചാരം അമ്മിണി ഓശാരം ഓമന, കിടപ്പാടം, പൊന്‍കതിര്‍, പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയക്കുട്ടി, സി.ഐ.ഡി., അനിയത്തി, സ്വാമി അയ്യപ്പന്‍, കരകാണാക്കടല്‍ തുടങ്ങീ 400 – ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ദിലീപ് നായകനായ ‘കുഞ്ഞിക്കൂനന്‍’ എന്ന സിനിമ യിലാണ് അവസാനമായി അഭിനയിച്ചത്.
1976 -ല്‍ സഹോദരിയുമായി ചേര്‍ന്ന് അടൂര്‍ ജയാ തിയേറ്റേഴ്‌സ് എന്ന നാടക നാടകസമിതി തുടങ്ങി. പിന്നീട് ഇവർ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭര്‍ത്താവ് ദേവരാജന്‍ പോറ്റിയുടെ പിന്തുണയോടെ ജയാ തിയേറ്റേഴ്‌സ് എന്ന പുതിയ നാടകസമിതി തുടങ്ങി. 18 വര്‍ഷം കൊണ്ട് 18 നാടകങ്ങൾ അവതരിപ്പിച്ചു. നാടകത്തിനു നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 2008 – ല്‍ അടൂര്‍പങ്കജ ത്തെയും സഹോദരി അടൂര്‍ഭവാനിയെയും കേരളാ സംഗീത നാടക അക്കാദമി ആദരിച്ചിരുന്നു. 2010 ജൂൺ 26 ന് അന്തരിച്ചു. സിനിമാ സീരിയല്‍ നടന്‍ അജയന്‍ മകനാണ്.