കുത്തിവരകൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ യേശുദാസന്‍
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവ്, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നീ ബഹുമതികളുടെ ഉടമയായ….. രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള സി .ജെ. യേശുദാസൻ എന്ന ചാക്കേലാത്ത് ജോൺ യേശുദാസൻ. ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്ന അദ്ദേഹം കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു.
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്‌ക്കടുത്ത് ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി 1938 ജൂൺ 12 ന് ജനിച്ചു. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം. 1955 ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചിരിയും ചിന്തയും ചിന്തേരിടുന്ന വരകളുടെ തമ്പുരനായ യേശുദാസനായി മാറിക്കഴിഞ്ഞു.
1973 ല്‍ കേരളം വിട്ട് ദില്ലിക്ക് പോയി. ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്നു. ഏഴു കൊല്ലം അവിടെ പ്രവര്‍ത്തിച്ചതാണ് യേശുദാസനിലെ കാര്‍ട്ടൂണിസ്റ്റിനെ പരുവപ്പെടുത്തിയെടുത്തത്. തുടർന്ന് ജനയുഗം, ശങ്കേഴ്സ് വീക്കിലി, ബാലയുഗം, കട്ട് –കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. അസാധു, ടക് – ടക്, ടിക്–ടിക് എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തി. ജനയുഗം പത്രത്തിലെ കിട്ടുമ്മാവൻ എന്ന കഥാപാത്രത്തിലൂടെയാണ് യേശുദാസന്റെ കാർട്ടൂണുകൾ ജനപ്രിയമാവുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ആദ്യ കാർട്ടൂൺ പംക്തി ജനയുഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന കാർട്ടൂൺ പരമ്പരയാണ്. 1985 മുതൽ 2010 വരെ മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായിരുന്നു.
കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്‍റെ ഇരുണ്ട പെന്‍സില്‍ മുനകളില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ കണ്ടു പരിചയിച്ച ചില മുഖങ്ങള്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മാറി. വനിതയിലെ മിസ്സിസ് നായർ, മലയാള മനോരമയിലെ പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടൻ എന്നീ കഥാപാത്രങ്ങളും യേശുദാസന്റെ സൃഷ്ടിയാണ്. വനിതയിലെ മിസിസ് നായരും മിസ്റ്റര്‍ നായരും പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന് നേരിട്ടറിയാവുന്നവർ തന്നെയായിരുന്നു. “അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍” എന്ന മഹാഭാരത കാവ്യ വാക്യം – യേശുദാസന്‍റെ കാര്‍ട്ടൂണിന്‍റെ കാര്യം വച്ചു നോക്കിയാല്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം ബാധകമാണ്. യേശുദാസന്‍റെ വരയുടെ, ഫലിതത്തിന്‍റെ അമ്പുകൊള്ളാത്തവരായി അവരില്‍ ആരുമുണ്ടായിരിക്കുകയില്ല.
മുഖച്ഛായയ്ക്ക് പ്രാമുഖ്യം കൊടുക്കുകയും വിശദാംശങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. ഇ.എം.എസ്. പോലുള്ള ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമാണ ചെറിയ രീതിയിലൊന്ന് ശൈലീവത്ക്കരണം നടത്തിയത്. അസാധു തുടങ്ങി രണ്ടു മൂന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തുടങ്ങിയിരുന്നു. വരയുടെ വരപ്രസാദം യേശുദാസന് ജന്മസിദ്ധമാണെങ്കിലും കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണദ്ദേഹം ഗുരുസ്ഥാനത്ത് കാണുന്നത്. രണ്ടു പേരും ഓണാട്ടുകരക്കാര്‍. യേശുദാസിന്‍റെ കാര്‍ട്ടൂണില്‍ ജ്യാമതീയ ശൈലി ഒളിഞ്ഞിരിക്കുന്നത് കാണാം. മിസിസ് നായരുടെ തല തന്നെ ഉദാഹരണം. എഞ്ചിനീയറാവാന്‍ കൊതിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍.
പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന മഴ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കെ.ജി ജോർജിന്റെ ‘പഞ്ചവടിപ്പാല’ത്തിന് സംഭാഷണമെഴുതി. എന്റെ പൊന്നുതമ്പുരാൻ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് പലവട്ടം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റ്‌സ് 2001 ൽ ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ചു. എൻ.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവൻ സ്‌മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്‌മാരക പുരസ്കാരം, ബി. എം. ഗഫൂർ കാർട്ടൂൺ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 6 ന് അന്തരിച്ചു.
കടപ്പാട്