ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ

വി. മായാദേവി

ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ- നിയമസഭാ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥനായ വി സോമൻനാടാരുടെ പുസ്തകം. സ്വന്തം ജീവിതത്തിൽ നിന്ന് സ്വാംശീകരിച്ച മൂല്യങ്ങൾ ഒരു അപ്പൂപ്പൻ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കും പോലെ തെളിമയാർന്ന ഭാഷയിൽ എഴുതിയിരിക്കുന്ന ലളിതമായ പുസ്തകം.

അവതാരികയിൽ മാധ്യമപ്രവർത്തകനായ ടി ശശിമോഹൻ എഴുതിയിരിക്കുന്നത് പോലെ ജീവിതത്തിന്റെ ചൂരും ചൊടിയും അറിയുന്ന പങ്കവും പങ്കപ്പാടുകളും അറിയുന്ന ഒരു പച്ചമനുഷ്യന്റെ പുസ്തകം. ഉന്നത പദവികൾ അലങ്കരിച്ചിരുന്നപ്പോഴും താഴേക്ക് നോക്കുകയും ലാളിത്യം സൂക്ഷിക്കുകയും ചെയ്ത ഒരാൾ എഴുതിയ പുസ്തകം നന്മ നിറഞ്ഞതായിരിക്കുമെന്ന മുൻ വിധിയോടെ തന്നെ ഇതിനെ സമീപിക്കാം.

പങ്കിടലിന്റെ നന്മ മുതൽ വരും തലമുറയ്ക്കായി എങ്ങനെയാണ് പ്രകൃതിയെ സംരക്ഷിച്ച് കാത്ത് വയ്ക്കേണ്ടത് എന്ന് വരെയുള്ള വലിയ തത്വങ്ങൾ അയത്ന ലളിതമായി, അക്ഷരം പഠിച്ച് തുടങ്ങുന്ന കുഞ്ഞിന് പോലും മനസിലാകുന്ന വിധത്തിൽ കോറിയിട്ടിരിക്കുന്നു. കഥകളും ഉപകഥകളും ഒക്കെ ഉദ്ധരിച്ച് വായന തട്ടും തടവുമില്ലാതെ കൊണ്ടു പോകാൻ കഴിയുന്ന ആഖ്യാന രീതി ഏറെ വ്യത്യസ്തവും ഹൃദ്യവും.


വലിയ തത്വങ്ങൾ ഇത്ര സുന്ദരമായി, സരളമായി പങ്ക് വയ്ക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. വലിയ കാര്യങ്ങൾ പറയാൻ വലിയ പ്രബന്ധങ്ങളുടെ ആവശ്യമൊന്നുമില്ലെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. കേവലം ഒരു മണിക്കൂറ് കൊണ്ട് വായിച്ച് തീർക്കാവുന്ന പുസ്തകം. ഈ ഒരു മണിക്കൂർ കൊണ്ട് നമ്മൾ വായിച്ചെടുക്കുന്നത് ഒരു ജന്മത്തേക്കുള്ള നന്മകൾ, നമ്മുടെ ജീവിത കാഴ്ചപ്പാടുകൾ മാറ്റി മറിക്കാൻ സഹായകമാകുന്ന വസ്തുതകൾ, കൊച്ച് കുട്ടികൾക്ക് വേണ്ടിയാണ് ഇതെഴുതിയത് എന്ന് പുസ്തക പ്രകാശന ചടങ്ങിൽ ​ഗ്രന്ഥകാരൻ പറഞ്ഞു. കുട്ടികൾ മാത്രമല്ല മുതിർന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത്. നഷ്ടമൂല്യങ്ങൾ തിരിച്ച് പിടിക്കാനും പുത്തൻ തലമുറയിൽ അതൊന്ന് വേര് പിടിപ്പിക്കാനും ആ വായന സഹായകമാകും.

പുസ്തകത്തെക്കുറിച്ച് കൂടുതൽ പ്രതിപാദിക്കുന്നില്ല, ഈ പുസ്തകം വായിച്ച് തന്നെ അനുഭവിക്കേണ്ടതാണ്. തീർച്ചയായും എല്ലാ വായനശാലകളും ഈ പുസ്തകം വാങ്ങി സൂക്ഷിക്കേണ്ടതാണ്. കേവലം 70രൂപയ്ക്ക് നമ്മൾ ഒരു തലമുറയ്ക്ക് സമ്മാനിക്കുന്നത് 700 ലക്ഷം കോടിയിലധികമാണ്. സ്കൂൾ ലൈബ്രറികളും ഈ പുസ്തകം കുട്ടികൾക്കായി വാങ്ങിവയ്ക്കണം, പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിനെക്കുറിച്ചും വേദിയിൽ പ്രഖ്യാപനമുണ്ടായിട്ടുണ്ട്. അതെത്തുന്ന മുറയ്ക്ക് അതും കുട്ടികൾക്കായി ലഭ്യമാക്കണം.

​ഗ്രന്ഥകാരൻ സ്വന്തമായി തന്നെ പ്രസിദ്ധീകരിച്ച പുസ്തകം എന്ന പ്രത്യേകതയും ജീവിത മൂല്യങ്ങൾ നല്ല പാഠങ്ങൾ എന്ന ​ഗ്രന്ഥത്തിനുണ്ട്. പുസ്തകം ആവശ്യമുള്ളവർ ​ഗ്രന്ഥകാരനെ സമീപിച്ചാൽ മതിയാകും.

കോണ്‍ടാക്റ്റ് നമ്പർ 94464 03518

Leave a Reply

Your email address will not be published. Required fields are marked *