‘പ്രകൃതിയുടെ താളം തേടിയ’ എഴുത്തുകാരി പ്രൊഫ.ബി.സുജാതാ ദേവി
പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാതാദേവി. കവി സുഗത കുമാരിയുടെയും പ്രൊഫ. ബി.ഹൃദയ കുമാരിയുടെയും സഹോദരിയാണ്.
മുൻമന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവൻ പരേതനായ അഡ്വ. പി.ഗോപാലകൃഷ്ണൻ നായരാണു ഭർത്താവ്. കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ. വി.കെ.കാർത്യായനി അമ്മയുടെയും മൂന്നാമത്തെ മകളാണ്. എറണാകുളം മഹാരാജാസ്, തിരുവനന്തപുരം വിമൻസ് ഉൾപ്പെടെ കോളജുകളിൽ ഇംഗ്ലിഷ് അധ്യാപികയായി പ്രവർത്തിച്ചു.
ദേവി എന്ന പേരിൽ കവിതകളും സുജാത എന്ന പേരിൽ ഗദ്യവും എഴുതിയിരുന്നു. ‘കാടുകളുടെ താളം തേടി’ എന്ന യാത്രാവിവരണത്തിനു കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. മൃൺമയി എന്ന കവിതാസമാഹാരവും ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളിൽ സുഗതകുമാരിക്കൊപ്പം സജീവമായിരുന്ന സുജാതാദേവി ഈ വിഷയത്തിൽ മലയാളത്തിലും ഇംഗ്ലിഷിലും ഒട്ടേറെ ലേഖനങ്ങൾ രചിച്ചു.ഹിമാലയ പരിസിഥിതി പഠനത്തിനു സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഫെലോഷിപ് നേടി. സുഗതകുമാരിക്കൊപ്പം നന്ദാവനത്തെ ‘വരദ’യിലാണ് അന്ത്യനാളുകളിൽ താമസിച്ചിരുന്നത്. 2018 ജൂൺ 23 ന് അന്തരിച്ചു. സഹോദരിമാരായ ഹൃദയകുമാരി 2014 നവംബർ 8 നും സുഗതകുമാരി 2020 ഡിസംബർ 23 നും അന്തരിച്ചു.
courtesy : all media