മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍താരം

ചരിത്രം സൃഷ്ടിച്ച ‘ജീവിതനൗക’യിലേറി ഒന്നാംനിരയിലേക്കുയർന്ന് മലയാളിയുടെ നായകസങ്കല്പത്തിന് അടിസ്ഥാനമുണ്ടാക്കിയ താരമാണ് തിക്കുറിശ്ശി സുകുമാരന്‍ നായർ.

ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. 47-വർഷത്തെ സിനിമാ ജീവിതത്തിൽ 700-ലധികം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.

മങ്കാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയുടെയും പുത്രനായി 1916 ഒക്ടോബര്‍ 16-ന് തെക്കൻ തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കന്യാകുമാരി ജില്ല) തിക്കുറിശ്ശിയിൽ ജനിച്ച സുകുമാരൻ നായർ​ ​ സ്കൂള്‍ കാലയളവില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു.​ ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതകളെഴുതുന്നതിൽ അസാമാന്യകഴിവ് തെളിയിച്ചിരുന്നു. എട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യകവിത രചിച്ചത്. ​ഇരുപതാം വയസ്സിൽ ആദ്യ കവിതാസമാഹാരമായ ‘കെടാവിളക്ക്’ പ്രസിദ്ധീകരിച്ചതോടെ കവിയെന്ന് പേരെടുത്തു.​ ​ തുടർന്ന് അദ്ദേഹം നാടകങ്ങളും എഴുതി.​ ​ ​’മരീചിക’, ‘കലാകാരന്‍’, ‘സ്ത്രീ’, ‘ശരിയോ തെറ്റോ’ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധനേടി.​


തിക്കുറിശ്ശിയുടെ സ്വന്തം രചനയിൽ, ആര്‍. വേലപ്പന്‍ നായര്‍ സംവിധാനം ചെയ്ത ‘സ്ത്രീ’യില്‍ നായകനായി​ ​ 1950-ലാണ് അദ്ദേഹം സിനിമയിലെത്തുന്നത്.സിനിമയില്‍ തിക്കുറിശ്ശി സ്പർശം ഏൽക്കാത്ത മേഖലകളുണ്ടായിരുന്നില്ല. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പഴഞ്ചൊല്ല് തിക്കുറിശ്ശിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമായിരുന്നു. ‘ഹരിശ്ചന്ദ്ര’യിലെ ‘ആത്മവിദ്യാലയമേ…’ എന്ന പാട്ട് കേള്‍ക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല, തോല്‍വസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. ‘ജീവിത നൗക’യിലെ സോമൻ, ‘മായ’യിലെ ഡീസന്റ് ശങ്കരപിള്ള, ‘ഹിസ്‌ഹൈനസ് അബ്ദുള്ള’യിലെ മതിലകത്ത് ചെറിയച്ഛൻ തമ്പുരാൻ, ‘മിഥുന’ത്തിലെ കുറുപ്പ് മാസ്റ്റർ, കാഴ്ചക്കപ്പുറത്തെ ‘പരമു പിള്ള’, ‘വരവേല്പി’ലെ ആപല്‍ബാന്ധവൻ ഗോവിന്ദനൻ നായർ, തിക്കുറിശ്ശി അനശ്വരമാക്കിയ നിരവധി കഥാപാത്രങൾ.
1953-ല്‍ പുറത്തിറങ്ങിയ ‘ശരിയോ തെറ്റോ’ എന്ന ചിത്രമാണ് തിക്കുറിശ്ശി ആദ്യമായി സംവിധാനം ചെയ്തത്. ‘കാര്‍ക്കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം’ ഉള്‍പ്പെടെ ഓര്‍മ്മകളിലേക്കു വഴിനടത്തുന്ന നിരവധി ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു. പത്മശ്രീ അടക്കം 250-ഓളം പുരസ്‌കാരങ്ങൾ ലഭിച്ചു.

സാഹിത്യ അക്കാദമി യുവകവികൾക്ക് നൽകിവരുന്ന ‘കനകശ്രീ എൻഡോമെൻഡോമെൻറ്’ പുരസ്‌കാരം തിക്കുറിശ്ശി ഏർപ്പെടുത്തിയതാണ്.
അവസാനകാലത്ത് വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയ തിക്കുറിശ്ശി, വൃക്കരോഗത്തെത്തുടർന്ന് 1997 മാർച്ച് 11-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.

പുരസ്കാരങ്ങൾ:


1972-മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – (മായ); 1973 – പത്മശ്രീ; 1993 – സമഗ്ര സംഭാവന ജെ.സി. ഡാനിയേൽ പുരസ്കാരം; 1986 – സമഗ്ര സംഭാവന ഫിലിംഫെയർ പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!