ഊട്ടിയുടെ മനോഹാരിത തൊട്ടറിഞ്ഞ് നീലഗിരി കുന്നുകളിലൂടെയൊരു തീവണ്ടിയാത്ര

സോഷ്യൽ മീഡിയയിൽ മസിനഗുഡി ട്രെന്റായതോടെ സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഇതോടെ ഗതാഗത കുരുക്കിലാണ് ഈ പ്രദേശം. വീക്കെന്റിൽ അടുക്കാൻ കഴിയാത്ത തിരക്കാണെന്നാണ് അറിയുന്നത്. രസകരമായ കാഴ്ചകൾ പ്രതീക്ഷിച്ച് ചെന്ന് തിരക്കിൽ പെട്ട് കാഴ്ചകൾ മിസ്സായി മടങ്ങിയ പലരും ട്രെന്റിം​ഗ് വീഡിയോകളെ ശപിക്കുകയാണ് ഇപ്പോൾ.

നമുക്കൊന്ന് റൂട്ട് മാറ്റി പിടിച്ചാലോ.. ഊട്ടിയുടെ മനോഹാരിത തൊട്ടറിയാന്‍ ഒരു തീവണ്ടി യാത്രയായലോ?…‘കൂനൂർ – മേട്ടുപ്പാളയം ട്രെയിൻ യാത്ര‘ഇന്ത്യയിലെ മലയോര തീവണ്ടിപാതകളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസായ നീലഗിരി മൗണ്ടന്‍ റെയില്‍വേ. 1854 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരാണ് ഇതിന്‍റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട്, 2005 ജൂലൈയിൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാത ലോകപൈതൃകസ്മാരക പട്ടികയിൽപ്പെടുത്തി. ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും ഇതേപോലെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി സഞ്ചരിക്കുന്നത്. നീലഗിരി ജില്ലയുടെ തലസ്ഥാനമായ ഊട്ടി, ‘ഉദഗമണ്ഡലം’ എന്ന പേരിലും പ്രശസ്തമാണ്. ഏറെക്കാലമായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ഇവിടം. അതുകൊണ്ടുതന്നെ ടോയ് ട്രെയിനില്‍ ഒരിക്കലും ഒരു സീറ്റ് പോലും ഒഴിവുണ്ടാവാറില്ല.

മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. 46 കിലോമീറ്റർ ദൂരത്തിൽ, നാലര മണിക്കൂറോളം നീളുന്ന യാത്രയാണിത്. ഈ ട്രെയിന്‍, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെ കടന്നുപോകുന്നു.ദക്ഷിണേന്ത്യയിൽ ദിവസേന സർവീസ് നടത്തുന്ന ഏക പർവത റെയിൽവേയാണ് നീലഗിരി മൗണ്ടൻ റെയിൽവേ. ദിവസേന ഒരു ജോഡി ട്രെയിനുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. ഇത് മേട്ടുപ്പാളയത്ത് നിന്ന് 07:10 ന് പുറപ്പെട്ട് ഊട്ടിയിൽ 12 മണിക്ക് എത്തും. വൈകീട്ട് 2 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് 5.35 ന് മേട്ടുപ്പാളയത്തെത്തും. കൂനൂർ, വെല്ലിംഗ്ടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ലഭിക്കും.

യാത്രക്ക് ആവി എൻജിൻ ഉപയോഗിക്കുന്നത് കൊണ്ട് ചില സ്റ്റേഷനുകളിൽ നിർത്തി എൻജിനിൽ വെള്ളം നിറക്കുന്നത് ഈ ട്രെയിനിന്റെ ഒരു സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *