മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരൻ 94 ന്‍റെ നിറവിൽ
എന്നും ഒരു കഥാകാരൻ എന്ന പേരിലറിയപ്പെടാൻ ആഗ്രഹിക്കുന്ന തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭൻ. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തായതിനാൽ കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലേക്ക് കഥയ്ക്കുള്ള ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊണ്ടുവന്ന എഴുത്തുകാരനാണ് ടി. പത്മനാഭൻ. സത്യം – സ്നേഹം – ദയ – സഹാനുഭൂതി – ത്യാഗം – സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. 1931 ഫെബ്രുവരി 5ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ തിണക്കൽ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ച് കാലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു.
ആത്മാവില്‍ കവിതയില്ലാത്തവര്‍ കഥയെഴുതരുത്…. എന്ന് വാദിക്കുന്ന അദ്ദേഹത്തിന്റെ എല്ലാ രചനകളും കവിതയോട് ഏറെ അടുത്തുനില്‍ക്കുന്നവയാണ്. പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് പദ്മനാഭന്റെ കഥകളുടെ അന്തര്‍ധാര. എം.ടിയുടെ കഥകളില്‍ കാണുന്നതുപോലെ തറവാടും ഗ്രാമാന്തരീക്ഷവും ഒന്നുചേര്‍ന്നുള്ള സുവ്യക്തമായ പശ്ചാത്തലം ടി. പദ്മനാഭന്റെ രചനകളില്‍ കാണില്ല. മറിച്ച് വ്യക്തി മനസ്സുകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും റഷ്യന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിലും കഥകൾ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പരേതയായ കല്ലന്മാർതൊടി ഭാർഗ്ഗവിയാണ് പത്നി. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ മുഖത്തടിച്ച പോലെ പറയുന്ന സ്വഭാവമുള്ള… സമകാലിക വിഷയങ്ങളിലെല്ലാം നിരന്തരം പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിരവധി തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (1955), ഒരു കഥാകൃത്ത് കുരിശിൽ (1956), മഖൻ സിങ്ങിന്റെ മരണം (1958), സാക്ഷി (1973), കാലഭൈരവൻ (1986) നളിനകാന്തി (1988), ഗൗരി (1991), കടൽ (1994) എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. കഥകൾക്കിടയിൽ (2015), എന്റെ കഥ എന്റെ ജീവിതം (2010), എനിക്ക് എന്റെ വഴി (2023) എന്നീ ഓർമക്കുറിപ്പുകളും പള്ളിക്കുന്ന്, ബുധദർശനം, ഖലീഫാ ഉമറിന്റെ പിൻമുറക്കാർ, യാത്രാമധ്യേ എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1974-ൽ ‘സാക്ഷി’ എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും 1995-ൽ ‘കടൽ’ എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡും 1996-ൽ ‘ഗൗരി ‘ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അദ്ദേഹം നിരസിച്ചു.
പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്’ എന്ന കൃതിക്ക് 1998 ലെ ലളിതാംബിക അന്തർജനം പുരസ്‌കാരവും 2001 ലെ വയലാർ അവാർഡും ലഭിച്ചു. 2001 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2003 ൽ കേരളത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.