പകര്‍ച്ചപ്പനി ; സ്വയം ചികിത്സ വേണ്ട!!!!
പകര്‍ച്ചാ സ്വഭാവം താരതമ്യേന കൂടുതലുള്ള പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് മിക്കവരിലും കാണുന്നത്.
ചെറിയ ശതമാനം പേര്‍ക്ക് പനി ഗുരുതരമായി നിമോണിയ ആകാനുള്ള സാധ്യതയുമുണ്ട്. മറ്റു പനികളെ അപേക്ഷിച്ചു ആശുപത്രിവാസം കൂടാന്‍ ഇടയുള്ളതിനാല്‍ ലക്ഷണങ്ങള്‍ അവഗണിക്കാതെ തുടക്കത്തിലെ ശ്രദ്ധിക്കണം. കുട്ടികള്‍, ഗര്‍ഭിണികള്‍ മുതിര്‍ന്നവര്‍, പ്രമേഹം രക്തസമ്മര്‍ദ്ദം, വൃക്ക രോഗം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കു പനി ഗുരുതരമാക്കാന്‍ ഇടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധവേണം. പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, മറ്റു തൊഴില്‍ സ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.
നന്നായി വിശ്രമിക്കുക, കിടക്കുന്ന മുറിയുടെ വാതിലുകളും ജനാലകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക. ആള്‍ക്കൂട്ടത്തില്‍ പോകുന്നതും വായുസഞ്ചാരം കുറഞ്ഞ മുറികളില്‍/ഇടങ്ങളില്‍ സമയം ചെലവിടുന്നതും പരമാവധി ഒഴിവാക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക. ധാരാളം വെള്ളം കുടിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നു കഴിക്കുക. സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.