‘ചെറുകാട്’ എന്ന ജനകീയ സാഹിത്യകാരൻ

സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന…. എന്ന വിശ്വാസപ്രമാണത്തിൽ സാഹിത്യ രചന നടത്തിയ മലയാള സാഹിത്യത്തിൽ പുരോഗമനാശയങ്ങൾക്കു വിത്തു പാകിയ എഴുത്തുകാരനായിരുന്നു
ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന…. കവിത – കഥ – നോവൽ – നാടകം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം വ്യക്‌തിമുദ്ര പതിപ്പിച്ചചെറുകാട് ഗോവിന്ദ പിഷാരോടി. തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ജീവിതപ്പാതയിലൂടെ മലയാളസാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.

പുരോഗമനസാഹിത്യ പ്രസ്ഥാനങ്ങളിലെ കേരള സംഭാവനകൾ എന്തെന്ന ചോദ്യത്തിനുള്ള ഒറ്റവാക്കിലുള്ള ഉത്തരമാണ് ചെറുകാട് എന്ന പേര്. നാടകത്തിൽ നിന്നു തുടങ്ങി, ലേഖനങ്ങളും കവിതകളും നോവലുകളുമായി ഉജ്വലമായ സാഹിത്യ മുന്നേറ്റം നടത്തിയ മഹാപ്രതിഭയായിരുന്നു. പരമ്പരാഗത രീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പ്രൈമറി സ്കൂൾ അധ്യാപകനായിട്ടാണ്.

പെരിന്തൽമണ്ണയിലെ കിഴീറ്റിൽ പിഷാരത്ത് കരുണാകര പിഷാരോടിയുടെയും ചെറുകാട് പിഷാരത്ത് നാരായണി പിഷാരസ്യാരുടെയും മകനായി 1914 ആഗസ്റ്റ് 26ന് ജനിച്ചു.ഗുരു ഗോപാലൻ എഴുത്തച്ഛന്റെ കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടി പിന്നീട് മലപ്പുറം, ചെറുകര, പെരിന്തൽമണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാൻ പരീക്ഷ വിജയിക്കുകയും ചെയ്തു

ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി കോളേജിലും ഗവൺമെന്റ് സംസ്കൃത കോളേജ് പട്ടാമ്പിയിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു.ആയിടയ്ക്കാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതും അതേകാരണത്താൽ സ്കൂൾ ജോലിയിൽ നിന്നും അധികൃതർ പിരിച്ചുവിടുന്നതും.

പുരോഗമനാശയങ്ങളുടെയും സാഹിത്യത്തിന്റെയും പ്രചരണം സ്വയം ഏറ്റെടുത്ത ചെറുകാട് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും സമൂഹത്തിലെ ഉച്ച-നീചത്തങ്ങൾക്കെതിരേ നിലയുറപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റ പ്രവർത്തനങ്ങളിലൂടെ സാമൂഹിക ഉന്നതിയ്ക്ക് ഏറ്റവും നല്ല പ്രചരണമാർഗം നാടകമാണെന്ന് തിരിച്ചറിയുകയും സ്നേഹബന്ധങ്ങൾ, മനുഷ്യഹൃദയങ്ങൾ, കുട്ടിത്തമ്പുരാൻ, വാൽനക്ഷത്രം, വിശുദ്ധനുണ, തറവാടിത്തം, നമ്മളൊന്ന്, സ്വതന്ത്ര തുടങ്ങി ഇരുപതോളം നാടകങ്ങളും മുത്തശ്ശി, മണ്ണിന്റെ മാറിൽ, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം തുടങ്ങിയ നോവലുകളും രചിച്ചു. ഇതിനൊക്കെ പുറമേ കാലികപ്രസക്തമായ ചെറുകഥകളാലും കവിതകളാലും സാഹിത്യത്തിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയെടുത്തിരുന്നു.

അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതപ്പാത’ അക്കാലത്തെ കേരളത്തിന്റെ കഥപറയുന്ന ഗ്രന്ഥമാണ്. ജീവിതപ്പാത എന്ന ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. 1936 ൽ കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. രവീന്ദ്രൻ, രമണൻ, കെ.പി. മോഹനൻ (സാഹിത്യകാരൻ‌), മദനൻ, ചിത്ര, ചിത്രഭാനു എന്നിവർ മക്കളാണ്. 1976 ഒക്ടോബർ 28 ന് അന്തരിച്ചു.

courtesy വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *