‘പെയ്തൊഴിയാതെ’ നിഷയുടെ കവിതകള്‍

കുട്ടിക്കാലത്ത് വയലാറിന്‍റെ കവിതകള്‍ വായിക്കാനിടയായതാണ് കാവ്യലോകത്തേക്ക് പ്രവേശിക്കാന്‍ നിഷയുടെ തൂലികയ്ക്ക് ശക്തിയേകിയത്. പെയ്തൊഴിയാതെ എന്ന കാവിതാസമാഹാരം വായിക്കുന്ന സഹൃദയന് കാവ്യകല്ലോലിനിയുടെ അനുഗ്രഹം വേണ്ടുവോളം നിഷയ്ക്ക് കനിഞ്ഞ് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.


സ്കൂള്‍ പഠനകാലത്താണ് നിഷ കവിതകളെ തന്‍റെ മനസ്സിലിട്ട് താലോലിച്ച് തുടങ്ങിയത്. കലോത്സവവേദികളില്‍ വയലാറിന്‍റെ കവിത ചൊല്ലുന്നത് കേള്‍ക്കാനിടയായ കുഞ്ഞ് നിഷ, അച്ഛന്‍ സമ്മാനായി കൊടുത്ത വയലാറിന്‍റെ കവിതാസമാഹാരം കൂട്ടിക്കൊണ്ട് പോയത് ആസ്വാദനത്തിന്‍റെ അത്യുന്നതിയിലേക്കാണ്. അക്കാലയളവില്‍ ഒരു രസത്തിനായി പുസ്തകതാളുകളില്‍ നിഷ കോറിയിട്ട വരികള്‍ കാണാനിടയായ ഉഷാദേവി ടീച്ചറാണ് നിഷയിലെ കവയത്രിയെ തിരിച്ചറിഞ്ഞത്.


ആത്മസുഹൃത്ത് ആശയുമായി ആദ്യമായി കവിതാരചനമത്സരത്തിന് പങ്കെടുത്തതും ഇതേ കൌതുകത്തിന്‍റെ പുറത്താണെന്ന് നിഷ ഓര്‍ത്തെടുക്കുന്നു. മത്സരത്തില്‍ കവിത എഴുതുന്നുന്നത് വിഷയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായാതും അപ്പോള്‍ മാത്രമാണ്.വിദ്യാലയം എന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ കവിതാരചനനടത്തി രണ്ടാംസ്ഥാനം കിട്ടിയത് നിഷയിലെ കവയത്രിക്ക് ആദ്യം കിട്ടിയ പ്രോത്സാഹനമാണ്.


മാധവിക്കുട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന നിഷയ്ക്ക് തുറന്നെഴുത്തും പച്ചയായജീവിത ആവിഷ്കാരവുമാണ് അവരിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചതെന്ന് നിഷ പറയുന്നു. മാധവിക്കുട്ടി കമലാസുരയ്യയായി മാറിയപ്പോഴും നിഷയ്ക്ക് മാധവിക്കുട്ടി എന്നുതന്നെ തന്‍റെ പ്രീയ എഴുത്തുകാരിയെ വിളിക്കാന്‍ ഇഷ്ടമെന്ന് പറയുന്ന നിഷ മാധവിക്കുട്ടി ആ പേരുപോലെ തന്നെ അതേ ലാളിത്യമാണ് അവരുടെ കവിതകള്‍ക്കും കഥകള്‍ക്കും ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
‘ഊർമിളെ ഞാൻ നിന്നെ അറിയുന്നു ‘എന്ന കവിതയാണ് തനിക്ക് ഏറെ പ്രീയപ്പെട്ട കവിതയെന്ന് നിഷ.

കേരളകൌമുദി പത്രത്തില്‍ ആ കവിത അച്ചടിമഷി പുരണ്ടപ്പോള്‍ നിഷയിലെ കവയത്രി ഏറെ ആഹ്ലാദിച്ചിരിക്കണം. കോളജ് പഠനകാലത്ത് വുമണ്‍സ് അസോസ്സിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചൊല്ലാന്‍വേണ്ടി രചിച്ചതാണ് ആ കവിതയെന്നും നിഷ ഓര്‍ത്തെടുക്കുന്നു. വളരെക്കാലമായി തന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ആ വിഷയത്തിന് വാക്കുകളുടെ കുത്തൊഴുക്കിലൂടെ ജീവന്‍പകരാന്‍ പറ്റിയത് അപ്പോള്‍മാത്രമാണ് നിഷ കൂട്ടിചേര്‍ക്കുന്നു. കവിത രചിക്കണമെന്ന് വിചാരിച്ച് ഒരിക്കലും തനിക്ക് രചന നടത്താന്‍ പറ്റിയിട്ടില്ല. മറ്റേതെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍മാത്രമാണ് തനിക്ക് അത് സാധിക്കുന്നത്. ഒരു വരി എഴുതികഴിഞ്ഞാല്‍ പീന്നീട് ഫ്ലോയില്‍ തനിക്ക് എഴുതാന്‍ പറ്റാറുണ്ടെന്നും നിഷ. മൃത്യുവിനെ കുറിച്ച് എഴുതിയ കാവ്യമാണ് ആദ്യ കവിതയായി നിഷ കരുതുന്നത്. ഒരുപാട് വിഷയങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ഓര്‍മയില്‍ ആദ്യ കവിതയായി താന്‍ കരുതുന്നത് മൃതുവിനെ കുറിച്ചെഴുതിയ കവിതയാണ്.


പ്രസിദ്ധ ഗാനരചയിതാവ് രാജീവ് ആലുങ്കലാണ് നിഷയുടെ പെയ്തൊഴിയാതെ കവിതാസമാഹാരത്തിന് ആമുഖം എഴുതിയത്. 24 കവിതകളാണ് ആ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അച്ഛന്‍ നാരായണനും കണ്ഠമങ്കലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മലയാളം അധ്യാപിക ഉഷാദേവി ടീച്ചറും ആണ് നിഷയെ കവിത എഴുതി തുടങ്ങാന്‍ പ്രേരിപ്പിച്ചവര്‍.


സ്കൂള്‍ പഠനം ചേര്‍ത്തല കണ്ഠമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലും ബിരുദം എടുത്തത് പള്ളിപ്പുറം എന്‍എസ്എസ് കോളജിലും ആയിരുന്നു. ഭൊതികശാസ്ത്രം മുഖ്യവിഷയമായി തെരഞ്ഞെടുത്തായിരുന്നു നിഷ തന്‍റെ കലാലയജീവിതം പൂര്‍ത്തിയാക്കിയത്.


റിട്ടേര്‍ഡ് വില്ലേജ് ഓഫിസര്‍ നാരായണൻ ആണ് അച്ഛന്‍. അമ്മ ചിത്രലേഖ. കെ.എസ്.ആര്‍.ടി.സി ആലുവ ഡിപ്പോ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ റെജിമോന്‍ ആണ് നിഷയുടെ ഭര്‍ത്താവ്. തന്നിലെ കവിയത്രിയെ ഏറ്റവു അധികം പ്രോത്സാഹിപ്പിക്കുന്നത് ഭര്‍ത്താവ് റെജിമോന്‍ ആണെന്നുകൂടി നിഷ കൂട്ടിചേര്‍ക്കുന്നു. ചേര്‍ത്തല എക്സറെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലിനോക്കുന്ന നിഷയ്ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. വൈഷ്ണവി, രവിനാരായണന്‍. ആശുപത്രി ജീവനക്കാരും നിഷയ്ക്ക് കട്ടസപ്പോര്‍ട്ടുമായി കൂടെയുണ്ട്.

കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *