നിങ്ങൾക്ക് കൊറോണാസോംനിയ ഉണ്ടോ?

കൊറോണക്കാലത്തു ഒരുപാട് പുതിയ പ്രശ്നങ്ങളും രോഗങ്ങളും നമ്മൾ കണ്ടു. അതിലൊന്നാണ് കൊറോണസോ൦നിയ. അതെന്താണ് ? എങ്ങനെയാണു ബാധിക്കുന്നത്? എന്താണ് പരിഹാരം ? തുടങ്ങി ഒരുപാട് ചോദ്യങ്ങളും ഉയർന്നു കേട്ടു. ഈ മഹാമാരി സമയത്ത് ഉറക്ക പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം എന്നിവയാണ് കൊറോണാസോംനിയയ്ക്ക് വഴിവയ്ക്കുന്നത്. ഉറക്കമില്ലായ്മ പലപ്പോഴും ഉത്കണ്ഠ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമെങ്കിലും, കൊറോണാസോംനിയ പരമ്പരാഗതമായ ഉറക്കമില്ലായ്മയില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ഉറക്കമില്ലായ്മയാണ്.

രോഗം പിടിപെടും എന്നുള്ള മാനസികാവസ്ഥയും, അണുബാധ പടരുന്ന രീതികളും, വളരെയധികം നെഗറ്റീവ് വാര്‍ത്തകള്‍ കാണാനിടയാകുന്നതും, നിസ്സഹായാവസ്ഥയും മറ്റും സമ്മര്‍ദ്ദത്തിലേക്ക് വഴിവയ്ക്കുകയും അത് പിന്നീട് ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.

ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക, ശമ്പളം വെട്ടിക്കുറയ്ക്കല്‍, തൊഴില്‍ അരക്ഷിതാവസ്ഥ, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍, വരുമാനമില്ലായാമ തുടങ്ങിയ സാമ്പത്തിക ഘടകങ്ങള്‍ പലരിലും സമ്മര്‍ദ്ദം ഏറ്റുകയും അത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ക്വാറന്റൈന്‍ ഇതിന് കാരണമാകുന്ന മറ്റൊരു പ്രധാന ഘടകമാണ്. ക്വാറന്റൈനില്‍ കഴിയുന്നതും ദീര്‍ഘനേരം കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഇടപഴകാന്‍ കഴിയാത്തതുമാണ് ഇതിനു കാരണം. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് ഒരു പരിധി വരെ ഉറക്കക്കുറവ് തടയാന്‍ സഹായിക്കും.

ഇവ കൂടാതെ, ശ്വാസതടസ്സം, ശരീരവേദന, ഉത്കണ്ഠ, വിഷാദം, സൈക്കോസിസ്, പേടിസ്വപ്‌നങ്ങള്‍, മരണഭയം തുടങ്ങിയ വിവിധ ലക്ഷണങ്ങളാല്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം. മൊത്തത്തിലുള്ള ഉറക്കക്കുറവ് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും കൂടുതല്‍ ലക്ഷണങ്ങളിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിച്ച് നിങ്ങളുടെ ആരോഗ്യം വളരെയധികം ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ഉറക്കമില്ലായ്മ, ക്ഷീണത്തിനും ഉറക്കക്കുറവിനും കാരണമാകും. മാത്രമല്ല രക്താതിമര്‍ദ്ദം, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്കും ഇത് വഴിവച്ചേക്കാം. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രതിരോധശേഷി കുറവ് കോവിഡ് സാധ്യതയും ഉയര്‍ത്തുന്നു. ഇത് ഒരു വ്യക്തിയില്‍ കൂടുതല്‍ ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദത്തിനും ഇടയാക്കും.

നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം എന്തെന്നാല്‍, കൂടുതലായി നെഗറ്റീവ് വാര്‍ത്തകള്‍ കാണുന്നതിലും കേള്‍ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ്. സുഖം പ്രാപിച്ച രോഗികളുടെ കാര്യങ്ങളുടെ വാര്‍ത്തകള്‍ കൂടുതല്‍ ശ്രദ്ധിക്കുക, വ്യായാമങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിച്ച് ദിനചര്യ ക്രമീകരിക്കുക, പകല്‍ ഉറക്കം ഒഴിവാക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗ സമയം കുറയ്ക്കുക, സംഗീതം, കല, വായന തുടങ്ങിയ ചില ഹോബികളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ നേരിടാന്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *