ഒറ്റ രാത്രിയില്‍ കോടീശ്വരന്മാരായ ആറാംക്ലാസുകാര്‍;അക്കൗണ്ടിലെത്തിയത് 905 കോടി


ഒന്ന് ഇരുണ്ട് വെളുക്കുമ്പോഴേക്കും കോടീശ്വരന്മാര്‍ ആയാലോ.. നമ്മളില്‍ ചിലരെങ്കിലും ഇങ്ങനെ ആഗ്രഹിച്ചിട്ടുണ്ടാകും. അത്തരത്തിലൊരു ഭാഗ്യം ഉത്തര്‍ പ്രദേശിലെ രണ്ട് കുട്ടികള്‍ക്കും ഉണ്ടായി. എന്നാല്‍ ആ കോടിശ്വരയോഗത്തിന് നിമിഷ നേരത്തേ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് മാത്രം.

ഉത്തർപ്രദേശിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ അക്കൗണ്ടിലാണ് 900 കോടിയിലേറെ രൂപ എത്തിയത്. ഗുരുചരൺ വിശ്വാസ് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഒരു ദിവസത്തേക്ക് അപ്രതീക്ഷിതമായി ‌ കോടീശ്വരനായി മാറിയ ഒരാൾ. ഉത്തർബിഹാറിലെ ഗ്രാമീണ ബാങ്കിലായിരുന്നു വിദ്യാർത്ഥിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. അക്കൗണ്ടിൽ 905 കോടി രൂപ കണ്ടെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ വൈറലാകുകയും ചെയ്തു.


സ്കൂൾ യൂണിഫോമും പഠനസാധനങ്ങളും വാങ്ങിക്കാനായാണ് വിദ്യാർത്ഥി രക്ഷിതാക്കൾക്കൊപ്പം ആധാർകാർഡുമായി ബാങ്കിൽ എത്തിയത്. അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയാനായി പരിശോധിച്ചപ്പോൾ ഇത്രയും തുക കണ്ടത്. 905 കോടി രൂപ തന്റെ അക്കൗണ്ടിൽ കണ്ടതിനെ കുറിച്ച് ആറാംക്ലാസുകാരനായ ഗുരുചരൺ പറയുന്നു.


അസിത് കുമാർ എന്നാണ് കോടികൾ അക്കൗണ്ടിൽ കാണപ്പെട്ട മറ്റൊരു വിദ്യാർത്ഥിയുടെ പേര്. ബാലൻസ് പരിശോധിക്കാൻ എത്തിയപ്പോൾ കാണുന്നത് അക്കൗണ്ടിൽ 65 കോടി ബാലൻസ് എന്നാണ്. എന്താണ് ചെയ്യേണ്ടതെന്നോ ഇതെങ്ങനെ സംഭവിച്ചെന്നോ മനസ്സിലായില്ല. ഉടനെ തന്നെ അമ്മയോട് വിവരം പറഞ്ഞുവെന്ന് അസിത് കുമാർ .


പട്നയിലെ പ്രധാന ബ്രാഞ്ചിലുണ്ടായ സോഫ്റ്റ് വെയർ തകരാറ് മൂലം പ്രിന്റ്ഔട്ടിൽ വ്യത്യാസം കാണിച്ചതെന്നാണ് കണ്ടെത്തൽ. തകരാറ് പരിഹരിച്ചുവെന്നും വിഷയത്തിൽ ഗൗരവമായ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.യഥാർത്ഥത്തിൽ ബാങ്ക് ബാലൻസിൽ കോടികൾ കാണിക്കുക മാത്രമാണ് ചെയ്തതെന്നും അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു.

യഥാർത്ഥത്തിൽ കുട്ടികളുടെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് ഇരുന്നൂറിൽ താഴെ മാത്രം രൂപയാണ്. അസിത് കുമാറിന്റെ അക്കൗണ്ടിൽ നൂറ് രൂപയും ഗുരുചരണിന്റെ അക്കൗണ്ടിൽ 128 രൂപയുമായിരുന്നു ബാലൻസ്. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് കോടികളുടെ നിക്ഷേപം നടന്നിട്ടില്ലെന്നും സാങ്കേതിക തകരാറ് മാത്രമാണ് സംഭവിച്ചതെന്നും ഉത്തർബിഹാർ ഗ്രാമീണ ബാങ്ക് ജില്ലാ കോർഡിനേറ്റർ സനത് കുമാർ വ്യക്തമാക്കി. അതേസമയം, അക്കൗണ്ടിൽ നേരത്തേ ഉണ്ടായിരുന്ന തുക കൂടി നഷ്ടമായെന്ന ആരോപണവുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ബിഹാറിൽ തന്നെ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടിൽ 1.61 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *