വണ്‍ ഡേ ട്രിപ്പ് പ്ലാനിംഗിലാണോ?.കൊച്ചരീക്കൽ ഗുഹ കാണാന്‍ പോകൂ..
കിലോമീറ്ററുകള്‍ നീളമുള്ള ഗുഹയും ഒരിക്കലും വറ്റിയിട്ടില്ലാത്ത നീരുറവയും, വിശാലമായ ചിറയും, നാലാള്‍ കൈ പിടിച്ചു നിന്നാലും ചുറ്റെത്താത്ത കൂറ്റന്‍ ചീനി മരങ്ങളും, മരക്കൊമ്പുകളിലെ കൂറ്റന്‍ കടന്നല്‍ക്കൂടുകളും ജൈവവൈവിധ്യവുമുള്ള പാമ്പാക്കുട പഞ്ചായത്തിലെ കൊച്ചരിക്കല്‍ ഗുഹ രാജാക്കന്‍മാരുടെ ഒളിത്തവളമായും പറയപ്പെടുന്നു. ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് അരീക്കല്‍ വെളിച്ചാട്ടം.
രാജാക്കന്‍മാരും, നാടുവാഴികളും, ശത്രുക്കളില്‍ നിന്നും രക്ഷപെട്ട് പുഴ മാര്‍ഗം വന്ന് പെട്ടെന്ന് അപ്രത്യക്ഷമാകാന്‍ പണ്ട് കൊച്ച രീക്കല്‍ പോലുള്ള ഗുഹകള്‍ ഉപയോഗിച്ചിരുന്നു. പുഴയോരത്തെ പൊന്തക്കാടുകള്‍ക്കിടയില്‍ ഗുഹാമുഖങ്ങള്‍ എളുപ്പം കണ്ടെത്താനാകില്ല. കൊച്ചരിക്കലെ ഗുഹ മുഖത്തെ ഉറവ ഒഴുകുന്ന കൈത്തോട്ടിലെ നടുഭാഗം കുഴിഞ്ഞ കല്ല്ചരിത്ര ശേഷിപ്പായി അവശേഷിക്കുന്നു. കല്ലുകൊണ്ടുള്ള ആയുധ നിര്‍മ്മാണം നടന്നതാനുള്ള തെളിവാണിതെന്നും വാദമുണ്ട്.
മഴക്കാലം ഭംഗി കൂട്ടുന്ന ഒരു കൊച്ച് ലൊക്കേഷൻ ആണ് എറണാകുളത്തെ പാമ്പാക്കുട അടുത്തുള്ള കൊച്ചരീക്കൽ ഗുഹ. മഴ പെയ്ത് തുടങ്ങിയാൽ ഇവിടെ പച്ചപ്പും അരുവിയും നിറഞ്ഞ കുളവുമൊക്കെയായി കിടിലൻ സ്പോട്ടായി മാറും.കല്ലു പാകി കോൺക്രീറ്റ് ചെയ്തുറപ്പിച്ച നടവഴി ഉണ്ട്. ഇതിന് ഇടത് വശത്തായാണ് ഗുഹയും പാറക്കൂട്ടങ്ങളുമൊക്കെ. പാറകൾക്ക് ഇടയിലൂടെ തെളിനീരൊഴുകുന്നു. അരുവിയിൽ നിന്ന് കുടിവെള്ളത്തിനായി പൈപ്പുകൾ ഇട്ടിട്ടുണ്ട്. ഗുഹയും പായൽ പിടിച്ച പാറകളും മരത്തിൻ്റെ വേരുകളും ഭയങ്കര ഫോട്ടോജെനിക് ബാക്ഗ്രൗണ്ട് ആണ്.
ഒരു കൂറ്റൻ ചീനി മരത്തോട് ചേർന്നാണ് ഗുഹയുള്ളത്. ഗുഹയിലേക്ക് കയറണമെങ്കിൽ ഇത്തിരി സാഹസികത വേണം. മരത്തിന്‍റെ വേരുകളിൽ പിടിച്ച് സൂക്ഷിച്ച് കയറണം. മഴയും വഴുക്കലും വെല്ലുവിളി ഉയർത്തുമെങ്കിലും ഇത്തിരി സാഹസികത ഇല്ലങ്കിൽ പിന്നെന്താ ഒരു ത്രിൽ.ഗുഹയിൽ നിന്നും തിരിച്ചിറങ്ങിയാൽ നേരെ ചെല്ലുന്നത് കുളത്തിലേക്കാണ്. തെളിഞ്ഞ നീല നിറത്തിലുള്ള മനോഹരമായ കുളം. അവിടെ പടവുകളിൽ ചെന്നിരുന്നാൽ ഫ്രീയായി ഫിഷ് സ്പാ ആസ്വദിക്കാം.
കുളത്തിന് പരിസരത്തൊക്കെ വന്മരങ്ങളും ചെടികളുമാണ്. കാർമേഘം മൂടി ഇരുട്ട് പരക്കുന്ന മഴ സമയത്താണ് നിങ്ങൾ ഇവിടെ എത്തിച്ചേരുന്നത് എങ്കിൽ അതൊരു പ്രത്യേക ആമ്പ്യൻസാണ്.കൂട്ടുകാരുമായോ ഫാമിലിയായോ പ്ലാൻ ചെയ്യുന്നവർക്ക് തീർച്ചയായും ഈ സ്ഥലം ട്രൈ ചെയ്യാവുന്നതാണ്.