‘ ഫ്രീ ബ്രൈഡല്‍’ ബൂട്ടിക്കുമായി ഇസ്മത്ത്
സാമ്പത്തിക പാരാധീനതമൂലം ആശിച്ചതുപൊലെ ഒരുങ്ങുവാനും വസ്ത്രം ധരിക്കുവാനും കഴിഞ്ഞില്ല. അന്ന് താന്‍ സങ്ക
ടപ്പെട്ടത് പോലെ ഇനിയൊരു പെണ്‍കുട്ടിയും പണമില്ലാത്തതിന്‍റെ പേരില്‍ സങ്കടപ്പെടരുത് . എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമാണ് ഇസ്മത്തിന്റെ ഫ്രീ ബ്രൈഡൽ ബൊട്ടീക്ക്.വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങളും മേക്കപ്പും സൗജന്യമായി ചെയ്ത് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ചാരുതയേകുകയാണ് ഇസ്മത്ത്.
വിവാഹസങ്കല്പങ്ങൾക്കും ആഘോഷങ്ങൾക്കും സംഭവിച്ച മാറ്റങ്ങൾ ചെറുതല്ല, പ്രത്യേകിച്ച് പെൺകുട്ടികളുടേത്. വസ്ത്രങ്ങൾ, അണിഞ്ഞൊരുക്കങ്ങൾ, മെഹന്തി, ആഭരണങ്ങൾ തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട സർവതിനും രൂപഭാവങ്ങളിൽ വ്യത്യസ്തതയും കൂടുതൽ അഴകും സ്വന്തമായി. പക്ഷേ, ആഘോഷങ്ങൾക്ക് ഭംഗികൂടുംതോറും വിവാഹച്ചെലവും വർധിച്ചത് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ, ഇനി നിറംമങ്ങില്ല, പകരം കൂടുതൽ തിളങ്ങും. എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമാണ് ഇസ്മത്തിന്റെ ഫ്രീ ബ്രൈഡൽ ബൊട്ടീക്ക് .
അരൂക്കുറ്റി 1008 ജങ്ഷനിൽ നിഷാനാ മൻസിലിൽ ഇസ്മത്ത് (28)ഒന്നരവർഷമായി ഫ്രീ ബ്രൈഡൽ ബൊട്ടീക്ക് നടത്തിവരികയാണ്.നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിന് ഇസ്മത്തിന്റെ ഫ്രീ ബ്രൈഡല്‍ ബൊട്ടീക്ക് സൗജന്യമായി വസ്ത്രം നൽകും. വിവാഹത്തിനുള്ള അണിഞ്ഞൊരുക്കങ്ങളും മെഹന്തിയുമെല്ലാം ചെയ്തുനൽകും, അതും സൗജന്യമായി. ‘വിവാഹത്തിന് നിറമാർന്ന വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങി എത്തുകയെന്നത് ഭൂരിഭാഗം പെൺകുട്ടികളുടെയും സ്വപ്നമാണ്. എന്നാൽ ചിലർക്കെങ്കിലും അതിന് കഴിയാറില്ല, അവരെ സഹായിക്കാനാണ് ബോട്ടിക്ക് ആരംഭിച്ചെന്ന് ഇസ്മത്ത് പറയുന്നു.മണിക്കൂറുകൾ മാത്രം അണിയുന്ന, വലിയ വില കൊടുത്തു വാങ്ങുന്ന വിവാഹ വസ്ത്രം പലരും പിന്നീട് ഉപയോഗിക്കാറില്ല. ഇങ്ങനെയുള്ളവർ ആ വസ്ത്രം ഡ്രൈ ക്ലീൻ ചെയ്ത് പുതിയതുപോലെയാക്കി ഇവിടെ ഏൽപ്പിക്കും. 5 വര്‍ഷത്തില്‍ താഴെയുള്ള വിവാഹ വസ്ത്രങ്ങള്‍ മാത്രമാണ് കളക്റ്റ് ചെയ്യുന്നത്. സാമ്പത്തികമില്ലാത്ത പെൺകുട്ടികൾക്ക് ഇവിടെയെത്തി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മടക്കി നൽകേണ്ട. ഇവർക്ക് ഇസ്മത്ത് സൗജന്യമായി മൈലാഞ്ചിയും വിവാഹ ദിനത്തിൽ മേക്കപ്പും ഇട്ടുനൽകും.സംസ്ഥാനത്തിന്റെ പല ഭാഗത്തായി 177 പെൺകുട്ടികൾക്കാണ് ഇതുവരെ ഈ സേവനം ലഭ്യമാക്കിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നതെന്ന് വെറുതേ പറഞ്ഞാൽ പോരാ.. ഇത് തെളിയിക്കാൻ സഭയിൽനിന്നോ പള്ളിക്കമ്മിറ്റിയിൽനിന്നോ അമ്പലക്കമ്മിറ്റിയിൽനിന്നോ രേഖാമൂലമുള്ള കത്തും വേണം.
കുടുംബശ്രീ എസ്.വി.ഇ.പി. പദ്ധതിയുടെ സഹായത്തോടെയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിനും തയിച്ച് നൽകുന്നതിനുമായി ഇസ്മത്ത് ഒരു ബൊട്ടീക്ക് തുടങ്ങിയത്. ഫാഷൻ ഡിസൈനിങ് ബിരുദധാരിയായ ഇസ്മത്തിന്റെ വിവാഹത്തോടെയാണ് ഈ ആശയം ഉടലെടുത്തത്. പണമില്ലാത്തതിനാൽ സ്വപ്നം കണ്ടപോലൊരു വിവാഹവസ്ത്രം വാങ്ങാൻ പറ്റിയില്ല. സ്വന്തമായി മൈലാഞ്ചി ഇടാൻ അറിയുമെങ്കിലും പണം കൊടുത്ത് ചെയ്യിക്കേണ്ടി വന്നു. അതും ഭംഗിയായില്ല. ബ്രൈഡൽ മേക്കപ്പിനുള്ള പണമില്ലാതെ സ്വന്തമായി ഒരുങ്ങേണ്ടിയും വന്നു. തന്റെ ഈ അവസ്ഥയിൽനിന്ന് ഒരു പെൺകുട്ടിയെയെങ്കിലും അവൾ ആഗ്രഹിച്ചപോലെ വിവാഹത്തിന് ഒരുക്കി അയക്കണമെന്ന ആഗ്രഹമാണ് ഈ സന്നദ്ധസേവനത്തിലേക്കെത്തിയത്. സംതൃപ്ത്തി മാത്രമാണ് ഇസ്മത്തിന് ഇതിൽനിന്ന് ലാഭം. മുൻപ് ഒരു ബ്യൂട്ടീഷനുണ്ടായിരുന്നെങ്കിലും പ്രവർത്തനം സൗജന്യമായതിനാൽ അവർ അതിൽനിന്ന് പിന്മാറി. പിന്നീട് സ്വന്തമായി പഠിച്ചാണ് ബ്രൈഡൽ മേക്കപ്പ് ചെയ്തുനൽകുന്നത്. മെഹന്ദി ആർട്ടിസ്റ്റ് കൂടിയായ ഇസ്മത്ത് ഓർഗാനിക് മൈലാഞ്ചി നിർമിച്ചുനൽകുന്നുണ്ട്. അവതന്നെ ഇതിനായി ഉപയോഗിക്കും. പിന്തുണയുമായി ഓട്ടോ ഡ്രൈവറായ ഭർത്താവ് റിൻഷാദുമുണ്ട് .മുഹമ്മദ് ഇമ്രാനും(5) , മുഹമ്മദ് സഹറാനുമാണ് ( രണ്ടര) ഇസ്മത്തിന്റെ മക്കള്‍.