നാസയുടെ ചാന്ദ്രദൗത്യ൦: സ്വപ്നപദ്ധതി  നയിക്കുന്ന ഇന്ത്യക്കാരി

സ്വപ്നങ്ങളെ വെല്ലുന്ന ജീവിതം

സ്വപ്നങ്ങൾക്ക് പിറകെ യാത്ര ചെയ്യുന്നവരുണ്ട്. അതുപോലെ ജീവിതത്തെ സ്വപ്നങ്ങൾക്കുമപ്പുറമാക്കുന്നവരുമുണ്ട്. അതുപോലെ സ്വപ്നങ്ങൾക്കുമപ്പുറമുള്ള ഒരു ജീവിതദൗത്യമാണ് കോയമ്പത്തൂരുകാരി ശുഭ എന്ന സുഭാഷിണി അയ്യരുടേത്.
നാസയുടെ ചാന്ദ്രദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് ഈ തമിഴ്നാട്ടുകാരിയാണ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സ്വപ്നപദ്ധതിയായ ആർട്ടെമിസിൻ്റെ റോക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടു  രണ്ട് വർഷമായി ശുഭ പ്രവർത്തിക്കുന്നു. ചന്ദ്രനിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യത്തിലെ ബഹിരാകാശ വിക്ഷേപണ സംവിധാന൦ [സ്പെയ്സ് ലോഞ്ച് സിസ്റ്റം എസ്.എൽ.സി]  സജ്ജമാക്കുകയാണ് സുഭാഷിണി അയ്യർ.

” 50 വർഷമായി നമ്മൾ ചന്ദ്രനിൽ എത്തിയിട്ട്. അടുത്ത ദൗത്യത്തിന് തയാറെടുക്കുമ്പോൾ അതിനു പൂർണമായി നാസയെ സഹായിക്കുകയാണ് എന്റെ കടമ. 2024-ൽ യാത്രികരെ ചന്ദ്രനിലെത്തിക്കുകയാണ് നാസയുടെ പദ്ധതി” സുഭാഷിണി വ്യക്തമാക്കുന്നു.

ഓറിയോൺ എന്ന പേടകത്തെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന ആർട്ടെമിസ് ഒന്നിൻ്റെ നിർമ്മാണത്തിലെ അവിഭാജ്യ ഘടകമാണ് സുഭാഷിണി. അതിനെ കുറിച്ച് അവർ പറയുന്നതിങ്ങനെ:

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് എസ്.എൽ.എസ്. പ്രൊപ്പല്ലേഷനും ഇലക്ട്രോണിക് സിസ്റ്റവും അടങ്ങിയിരിക്കുന്ന റോക്കറ്റിൻ്റെ പ്രധാന ഘട്ടം നിർമ്മിക്കാനുള്ള ഉത്തരവാദിത്തമാണ് നാസ തന്നിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 500 സെക്കൻ്റ് പ്രവർത്തിക്കുവാനും പേടകവും റോക്കറ്റും തമ്മിൽ പിരിയുന്നതിനു മുമ്പ് 5, 30,000 അടി ഉയരത്തിൽ എത്താനുമുള്ള ശേഷിയിലാണ് റോക്കറ്റ് രൂപകല്പന ചെയ്യുന്നത്. മനുഷ്യനെ ചന്ദ്രനിലേയ്ക്കും അതിനപ്പുറത്തേയ്ക്കും തിരികെ ചൊവ്വയിലേയ്ക്കും കൊണ്ടുവരാനാണ് നാസ ഒരുങ്ങുന്നത്. ചന്ദ്രനിലും  ചൊവ്വയിലും പര്യവേക്ഷണം നടത്തുന്നതിനുള്ള മൂന്ന് സങ്കീർണ്ണ ദൗത്യങ്ങളിലെ ആദ്യ ഘട്ടത്തിനാണ് ഈ വർഷം നവംബറിൽ തുടക്കം കുറിക്കുന്നത്. മൂന്നാഴ്ചത്തെ ദൗത്യത്തിൽ ഓറിയോൺ പേടകം ഭൂമിയിൽ നിന്ന് 280000 മൈൽ അതായത് 450,000 കിലോമീറ്ററിൽ കൂടുതൽ ചന്ദ്രനപ്പുറം ആയിരക്കണക്കിന് മൈലുകൾ ഈ പേടകം സഞ്ചരിക്കും. ഇതിലൂടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.

ആദ്യഘട്ടത്തിൽ യാത്രികർ ഇല്ലാതെ  (അൺ ക്രൂവ്ഡ് ഫ്ലൈറ്റ് ) പരീക്ഷണ അടിസ്ഥാനത്തിലാണ് അർടെമിസ് ഒന്ന് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. പിന്നീട് ബഹിരാകാശ യാത്രികരുമായി പരിശോധനകൾ നിരീക്ഷിക്കാൻ യാത്ര ചെയ്യും.  ഇതിനു ശേഷമാണ് 2024 ൽ ചരിത്ര താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തുവാൻ പോകുന്ന ചാന്ദ്രദൗത്യം.

കമ്പ്യൂട്ടർ മെഡിക്കൽ രംഗങ്ങളിലേയ്ക്ക് സഹോദരങ്ങൾ ചേക്കേറിയപ്പോൾ മെക്കാനിക്കൽ എൻജിനിയറായ അച്ഛൻ്റെ വഴി തെരഞ്ഞെടുത്ത ശുഭ ഇന്നെത്തി നിൽക്കുന്നത് രാജ്യത്തിൻ്റെ അഭിമാന താരമായാണ്.
1992 ൽ വി.എൽ.ബി ജാനകിയമ്മാൾ എൻജിനിയറിംഗ്  കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ ആദ്യ പെൺകുട്ടി എന്ന റെക്കോർഡ് സുഭാഷിണി അയ്യരുടെ പേരിലാണ്. മികച്ച രീതിയിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി തൻ്റെ ജോലി എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി യുഎസിലേയ്ക്കു പറന്നു. ആഡംബര കാർ ഫാക്ടറിയിലായിരുന്നു ആദ്യ ജോലി.
കാറുകളുടെ സുരക്ഷ ചുമതലയ്ക്കാണ് നേതൃത്വം നൽകിയത്. ഈ ജോലിക്കിടയിലാണ് ജീവിത പങ്കാളിയായ ഹരിയെ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ഫ്ലോറിഡയിലേയ്ക്ക് താമസം മാറി. ഭർത്താവും രണ്ട് കുട്ടികൾക്കുമൊപ്പം താമസിക്കുന്ന സുഭാഷിണി അയ്യർ തൻ്റെ പ്രവർത്തന മേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായി.

Leave a Reply

Your email address will not be published. Required fields are marked *