മടക്കയാത്ര

സന്ധ്യ ജിതേഷ്.

കുളിച്ച് ഈറനായി നെറ്റിയിൽ കുറിവരച്ചു തൊടിയിലേക്ക് ഇറങ്ങി. തൊടിയിലെ വരിക്കപ്ലാവിനോടും മൂവാണ്ടൻ മാവിനോടും കിന്നാരം പറയാൻ. എന്നുമുള്ളതാണ് ഈ പതിവ്. ശങ്കരേട്ടൻ നട്ടതാണ് ഇതു രണ്ടും. ശങ്കരേട്ടൻ്റെ കൈയും പിടിച്ചു വരുമ്പോൾ ഇവിടെ മുഴുവൻ കാടും പടലും പിടിച്ചു കിടക്കുകയായിരുന്നു. ഇഴജന്തുക്കളോടും മൃഗങ്ങളോടും പോരാടി അതിജീവിച്ചു തുടങ്ങിയതാണ് ജീവിതം.

ദാ, ആ കാണുന്ന സ്കൂൾ, ആശുപത്രി പിന്നെ ഈ കാണുന്ന റോഡും പണിയാൻ ശങ്കരേട്ടൻ്റേയും നാട്ടുകാരുടേയും നല്ലൊരു കൂട്ടായ്മയും വിയർപ്പും ഉണ്ടായിരുന്നു. ഇന്ന് അതിനെല്ലാം മാറ്റം വന്നു.

“അമ്മേ ” എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി. ഹരിയാണ്. മൂത്ത മകൻ.

ഇളയ രണ്ടു പേരും പുറം രാജ്യത്താണ്. മധു അമേരിക്കയിലും വേണു ഇറ്റലിയിലും. ജോലിയും കുടുംബവുമായി സുഖമായി കഴിയുന്നു. ശങ്കരേട്ടൻ പോയപ്പോൾ അവർ രണ്ടു പേരും തീരെ ചെറിയ കുട്ടികൾ. കുമാരേട്ടൻ്റെ വയലിൽ പണിയെടുത്തും മറ്റു പലരുടേയും പറമ്പിലും പാടത്തും പണിയെടുത്തും മൂന്നാളേയും പഠിപ്പിച്ചു. സത്യം പറഞ്ഞാൽ തനിക്ക് എഴുതാനും വായിക്കാനുമൊന്നും അറിയില്ല. ഒരു വാശിയായിരുന്നു. മക്കളെ ആവുന്നത്ര പഠിപ്പിക്കുകയെന്നത്. ഹരി ഇവിടെയടുത്തു തന്നെ വർക്ക്ഷോപ്പ് നോക്കി നടത്തുന്നു. അടുത്തു തന്നെയാണ് താമസം.

” അമ്മേ… ഇവിടെ എന്തെടുക്കുവാ… ഈ തൊടിയിലൂടെ ഇറങ്ങി നടക്കരുതെന്ന് പറഞ്ഞതല്ലേ ? വല്ല ഇഴജന്തുക്കളും കാണില്ലേ ?”

ഹരി അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് അമ്മയുടെ കൈയും പിടിച്ച് ഉമ്മറത്തേക്ക് കയറി. ഹരിയുടെ എന്നുമുള്ള പതിവാ എൻ്റെ കൈയിൽ നിന്ന് ഒരു കട്ടൻ ചായ കുടിക്കൽ. അടുക്കളയിൽ നിന്ന് കട്ടൻ ചായ ഹരിക്ക് എടുത്തു കൊടുത്തു. കുടിക്കുന്നതിനിടയിൽ ഹരി പറഞ്ഞു.

“അമ്മേ നാളെ നമുക്ക് പട്ടണത്തിൽപോകണം… അമ്മയ്ക്ക് കുറച്ചു സാധനങ്ങളും സെറ്റ് മുണ്ടുമൊക്കെ വാങ്ങാം…”

“എന്തിനാ മോനേ… ഇവിടെയുണ്ടല്ലോ… എന്തിനാ വെറുതെ പൈസ കളയുന്നേ..”

“അതൊക്കെ കുറേ കാലമായതല്ലേ…. അമ്മ നാളെ റെഡിയാകൂ… ഞാൻ രാവിലെ വരാം…”

ഹരി അത്രയും പറഞ്ഞ് പോയി.
പിറ്റേന്ന് കാലത്തേ തന്നെ എണീറ്റു കുളിച്ചു. ഈറനായി നല്ലൊരു സെറ്റ് മുണ്ട് ധരിച്ചു നരച്ച മുടിയുടെ തുമ്പിൽ തുളസിക്കതിർ തിരുകി തൊടിയിലേക്ക് ഇറങ്ങി. വരിക്കപ്ലാവിനോടും മൂവാണ്ടൻ മാവിനോടും കിന്നാരം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഹരിയുടെ കാറിൻ്റെ ശബ്ദം കേട്ടു.

” അമ്മ ഒരുങ്ങിയില്ലേ..” ഹരിയുടെ ചോദ്യം.

” ഒരുങ്ങി മോനേ… പോകാം…

ദാ, ഉമ്മറത്ത് ചായ എടുത്തു വച്ചിട്ടുണ്ട്…”

ഹരി അതെടുത്ത് കുടിച്ചു.
ഹരിയുടെ അരികിൽ ഇരിക്കുമ്പോൾ ഓർത്തു… ശങ്കരേട്ടന് ഇതുപോലെയുള്ള ഭാഗ്യമൊന്നും ഉണ്ടായില്ല….
പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് തിരിഞ്ഞു. എന്തൊരു മാറ്റമാണിന്ന്… വലിയ വലിയ വീടുകൾ, കെട്ടിടങ്ങൾ, കടകൾ… ആളുകളുടെ തിരക്ക്…

വലിയ ഒരു കടയുടെ മുൻപിൽ വണ്ടി നിന്നു. കാറിൻ്റെ വാതിൽ തുറന്നു ഹരിയുടെ കൈയും പിടിച്ചു കടയിലേക്ക് കയറി. ഹരിക്ക് ഇഷ്ടപ്പെട്ട സെറ്റുമുണ്ട് തന്നെ മേടിച്ചു. അതെനിക്കും ഇഷ്ടമായി…
തൊട്ടടുത്തുള്ള മറ്റൊരു കടയിൽ കയറി. കയറിയപ്പോഴാണ് മനസിലായത്… അത് കടയല്ല… ഏതോ ഓഫിസാണെന്ന്. അവിടെയിരുന്ന പയ്യനോട് ഹരി എന്തൊക്കെയോ പറയുന്നു. എനിക്കൊന്നും മനസിലായില്ല…
മുൻപിലിരുന്ന പയ്യൻ എന്നോടു ചോദിച്ചു.

” അമ്മയ്ക്ക് ഒപ്പിടാൻ അറിയ്യോ ?”

“ഇല്ല മോനേ ” എൻ്റെ തള്ളവിരൽ പിടിച്ച് എന്തിലോ അമർത്തി. വിരലിൽ മഷിയായി. ആ വിരൽ ഒരു പേപ്പറിൽ പതിപ്പിച്ചു.
തിരികെ കാറിൽ കുറേ ദൂരം പിന്നിട്ടപ്പോഴാണ് ഹരി അതു പറഞ്ഞത്.

” അമ്മേ, നമ്മുടെ വീടും പറമ്പും എൻ്റെ പേരിലാക്കി “

ഒരു ഞെട്ടലോടെയാണ് അതു കേട്ടത്. ഹരി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒന്നും ശ്രദ്ധിക്കാനായില്ല. കണ്ണുകൾ അടച്ച് ഞാൻ പുറത്തെ കാഴ്ചകൾ ഇരുട്ടിലാക്കി.
നേരം പുലർന്നു. പതിവുപോലെ തൊടിയിലേക്കിറങ്ങി വരിക്കപ്ലാവിനോടും മൂവാണ്ടൻ മാവിനോടും കുശലം പറഞ്ഞും തലോടിയും നിൽക്കുമ്പോഴാണ് ഹരി വന്നത്. പുറകെ വലിയൊരു വണ്ടിയും. അതിൽ നിന്ന് കുറച്ചു പേർ കയറും കോടാലിയുമായി ഇറങ്ങി.

ഞാൻ പേടിയോടെ ഹരിയെ നോക്കി.

“ഞാൻ പറഞ്ഞില്ലേ അമ്മയോടിന്നലെ…ഈ തൊടിയിലെ മരങ്ങളെല്ലാം കൊടുത്തൂന്ന്”

ഹരി അമ്മയുടെ വിറയാർന്ന കൈകൾ പിടിച്ച് ഉമ്മറത്തേക്ക് കയറി.
വന്നവർ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു.
വലിയ ശബ്ദത്തോടെ വരിക്ക പ്ലാവിനേയും മൂവാണ്ടനേയും…. വയ്യ കാണാൻ…
അന്നു വൈകിട്ട് ഹരി വന്നപ്പോൾ വേണുവിനേയും മധുവിനേയും ഹരിയുടെ ഫോണിൽ നിന്നു വിളിച്ചു. ഒരു പാട് സംസാരിച്ചു.
സന്തോഷം തോന്നി മനസിൽ. ഹരി കുട്ടികളായിരുന്നപ്പോളുണ്ടായ തമാശകളൊക്കെ ഓർത്തു പറഞ്ഞു.

” അമ്മേ നാളെ ഒരിടം വരെ പോകണം…

അമ്മയ്ക്ക് സന്തോഷത്തോടെ ഇനിയുള്ള കാലം അവിടെ കഴിയാം… അമ്മയെ പോലെ ഒരുപാടു പേരുണ്ട് അവിടെ… എല്ലാ ദിവസവും ഞാൻ അമ്മയെ വന്നു കാണാം… ഈ പഴയ വീട് നമുക്ക് ആർക്കെങ്കിലും കൊടുക്കാം… ഹരിപറഞ്ഞു നിർത്തി.

” അമ്മ എന്താ ഒന്നും മിണ്ടാത്തേ “

“പോകാം മോനേ… അല്ലെങ്കി തന്നെ എത്ര കാലംന്നു വച്ചാ..”

അന്നുറങ്ങാൻ കഴിഞ്ഞില്ല. ശൂന്യമായ തൊടിയിലേക്ക് ഇരുട്ടത്ത് നോക്കിയിരുന്നു കുറേ നേരം.
പിന്നെ കട്ടിലിൽ വന്നു കിടന്നു.
ഒരു പാട് ഓർമകൾ മനസിലേക്ക് വന്നുകൊണ്ടിരുന്നു…. ഒരിക്കലും മരിക്കാത്ത ഓർമകൾ…
എപ്പോഴോ മയങ്ങിപ്പോയി.

” ശാരദേ… പെണ്ണേ… “

ആ ഒറ്റ വിളിയിൽ തന്നെ ഞെട്ടിയുണർന്നു. നോക്കുമ്പോൾ ശങ്കരേട്ടൻ അടുത്തിരിക്കുന്നു.

“എന്തൊരു ഉറക്കമാ പെണ്ണേ… നീ വരുന്നില്ലേ ? നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത് “

” വരാം ശങ്കരേട്ടാ..”

തകര പെട്ടിയിൽ നിന്ന് ശങ്കരേട്ടന് ഇഷ്ടമുള്ള ചുവപ്പിൽ സ്വർണ കരയുള്ള സാരി ഉടുത്തു. സീമന്തരേഖയിൽ കുങ്കുമം തൊടാൻ കണ്ണാടിയിൽ നോക്കിയപ്പോൾ ഒറ്റമുടി പോലും നരച്ചിട്ടില്ല. നെറ്റിയിൽ പൊട്ടും കുറിയും വരച്ചു.

” മതി ഒരുങ്ങിയത്… വാ പെണ്ണേ “

ശങ്കരേട്ടൻ്റെ കൈയ്യും പിടിച്ച് വന്നതു പോലെ ഒരിക്കലുമിനി തിരിച്ചുവരവില്ലാത്ത മടക്കയാത്രയിലേയ്ക്ക് യാത്രയായി….

Leave a Reply

Your email address will not be published. Required fields are marked *