ഒരു രൂപ(കുട്ടിക്കഥ)

“ഈ ഒരു രൂപ തുട്ടുകൾ കൂടി കൊണ്ടുപോ മോനെ”
ജോലിക്ക് പോകാൻ ഇറങ്ങാൻ നിന്ന രവിയോട് അമ്മ വിളിച്ചു പറഞ്ഞു.
“എന്തിനാ അമ്മേ ഈ ഒരു രൂപ ഒക്കെ ആവശ്യത്തിന് നോട്ടുകൾ എന്റെ പേഴ്സിൽ ഉണ്ട്” രവിയുടെ ശബ്ദത്തിൽ അല്പം അഹങ്കാരം കലർന്നിരുന്നു..

ഒരു രൂപ കൂട്ടങ്ങൾക്ക് രവിയുടെ മറുപടി അത്ര സുഖിച്ചില്ല.അവർ ഒത്തുകൂടി ഒരു തീരുമാനമെടുത്തു.ഇവനെ നമ്മൾ ഒരു രൂപകളുടെ വില ഇന്ന് പഠിപ്പിക്കണം.

ബസ് സ്റ്റോപ്പിൽ എത്തിയ ഉടനെ രവിക്ക് ജോലിസ്ഥലത്തേക്കുള്ള ബസ്സ് കിട്ടി. ടിക്കറ്റ് എടുക്കാൻ വേണ്ടത് ഇരുപത്തി ഒന്ന് രൂപ ആയിരുന്നു. അഹങ്കാരത്തിൽ അഞ്ഞൂറ് രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകിയ രവിയോട് കണ്ടക്ടർ പറഞ്ഞു…
അതേ ചില്ലറ ഇല്ല ഒരു രൂപ തരണം. ഒടുവിൽ രവിയും കണ്ടക്ടറും തമ്മിൽ ബഹളമായി. ആകെ തർക്കം.

ഒടുവിൽ ഒരു അപ്പൂപ്പൻ രവിക്ക് ഒരു രൂപ നൽകി യിട്ടു പറഞ്ഞു “വഴക്കിടണ്ട മോനെ ഇതാ ഒരു രൂപ…”
അങ്ങനെ പ്രശ്നം ഒത്തുതീർപ്പായി.

ബസ് ഇറങ്ങി അപമാനത്തോടെ ഓഫിസിലേക്ക് നടക്കുമ്പോൾ രവിയ്ക്ക് അമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നു.
“ഓരോ രൂപയ്ക്കും വിലയുണ്ട് മോനെ…” രവിക്ക് തന്റെ തെറ്റ് മനസിലായി.
പിന്നീട് ഒരിക്കലും രവി ചില്ലറ പൈസയെ വിലകുറച്ചു കണ്ടില്ല.അവയെ ഭദ്രമായി ശേഖരിച്ച് പൈസയെ വിലകൽപ്പിക്കുന്നവനായി മാറി.

ഗുണപാഠം : നൂറ് ഒരു രൂപ തുട്ടുകൾ കൂടിച്ചേരുമ്പോൾ ആണ് നൂറുരൂപ ആകുന്നത്.ഓരോ രൂപയ്ക്കും വില കൽപ്പിക്കുക.

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *